ഖത്തറിനെ അങ്ങനെ വിടാനാകുമോ? വർഷം 12 കാർഗോകള്‍ ഇന്ത്യന്‍ തീരത്തേക്ക് വരും: പുതിയ കരാർ വന്നു
ഖത്തറുമായുള്ള ദ്രവീകൃത പ്രകൃതിവാതക ഇടപാട് ശക്തമാക്കി ഇന്ത്യ. ഖത്തർ എനർജി ട്രേഡിംഗിൽ നിന്ന് പ്രതിവർഷം 12 കാർഗോ എന്ന നിരക്കില്‍ എല്‍ എൻ ജി വാങ്ങുന്നതിനായി ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല പ്രകൃതി വാതക ഉൽപ്പാദന-വിതരണ കമ്പനിയായ ഗെയ്ൽ (ഇന്ത്യ) കഴിഞ്ഞ വർഷം അവസാനത്തോടെ തന്നെ ധാരണയിലെത്തിയിരുന്നു.
കരാർ പ്രകാരം ഖത്തറില്‍ നിന്നുള്ള വാങ്ങലുകൾ ഈ വർഷം ഏപ്രിൽ മുതൽ തന്നെ ആരംഭിക്കുമെന്ന് ഗെയിൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സന്ദീപ് കുമാർ ഗുപ്ത വ്യക്തമാക്കി. തുടക്കത്തില്‍ അഞ്ച് വർഷത്തേക്കാണ് കരാർ. ഒരു ദശലക്ഷം ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് (എം എം ബി ടി യു) 5.5 മുതല്‍ 6 ഡോളവർ വരെ വിലയായിരിക്കും എല്‍ എന്‍ ജിക്ക് ഖത്തർ ഇന്ത്യയില്‍ നിന്നും ഈടാക്കുക.

ഖത്തർ എനർജി കരാറിനു പുറമേ, ഗെയ്‌ൽ സമീപ മാസങ്ങളിൽ മറ്റ് വിതരണക്കാരുമായും ദീർഘകാല എൽഎൻജി സംഭരണ കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്. ഗെയിലുമായി ഖത്തർ എനർജി ട്രേഡിംഗ് കമ്പനി നടത്തുന്ന ഏറ്റവും വലിയ ഇടപാടുമാണിത്. 2026 മുതൽ ഏകദേശം 10 വർഷത്തേക്ക് പ്രതിവർഷം 1 ദശലക്ഷം ടൺ എന്ന നിരക്കിൽ ചരക്ക് കൈമാറുന്നതിനായിട്ടാണ് വിറ്റോൾ ഏഷ്യയുമായി ഗെയില്‍ ദീർഘകാല കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ഈ കരാർ പ്രകാരം, വിറ്റോൾ അതിന്റെ ആഗോള എൽഎൻജി പോർട്ട്‌ഫോളിയോയിൽ നിന്ന് ഗെയ്‌ലിന് പാൻ-ഇന്ത്യ അടിസ്ഥാനത്തിൽ എൽ എൻ ജി വിതരണം ചെയ്യും.
മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നുണ്ടെങ്കിലും എല്‍ എന്‍ ജി വ്യാപാരത്തില്‍ ഇന്ത്യക്കും ഖത്തറിനും ഇടയില്‍ ചരിത്രപരമായ ബന്ധമാണുള്ളത്. ഇന്ത്യയാണ് ഖത്തറിൽ നിന്നും എൽ എൻ ജി വാങ്ങിയ ആദ്യ രാജ്യം. ഏകദേശം 10 ബില്യൺ ഡോളറിന്റെ എൽ എൻ ജിയാണ് ഇന്ത്യ നിലവില്‍ ഖത്തറില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതെന്നാണ് കണക്ക്.
അമേരിക്ക ഉള്‍പ്പെടേയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ശക്തമായ വെല്ലുവിളി ഉണ്ടെങ്കിലും 2027 ഓടെ ദ്രവീകരണ ശേഷി പ്രതിവർഷം 142 ദശലക്ഷം ടണ്ണായി വികസിപ്പിക്കുകയാണ് ഖത്തർ ഭരണകൂടത്തിന്റെ ലക്ഷ്യം. നിലവില്‍ 77 ദശലക്ഷ ടണ്‍ പ്രകൃതി വാതകമാണ് ഖത്തർ ഉത്പാദിപ്പിക്കുന്നത്. ഇന്ത്യക്ക് പുറമെ ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും ഖത്തറില്‍ നിന്നും വലിയ തോതില്‍ എല്‍ എൻ ജി ഇറക്കുമതി ചെയ്യുന്നു.












Click it and Unblock the Notifications