ഖത്തര്‍ വഴി ഒരു ശ്രമംകൂടി; ഇസ്രായേല്‍ സംഘം ദോഹയിലേക്ക്, തടസമായി മൂന്ന് കാര്യങ്ങള്‍
ദോഹ: ഗാസയില്‍ പലസ്തീന്‍കാര്‍ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണം വൈകാതെ അവസാനിച്ചേക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ച 60 ദിവസത്തെ വെടിനിര്‍ത്തലില്‍ ചര്‍ച്ചയ്ക്ക് കളമൊരുക്കി. എങ്കിലും ചില തടസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. രണ്ട് വര്‍ഷത്തോളം ഗാസയില്‍ ആക്രമണം നടത്തിയിട്ടും ബന്ദികളെ മോചിപ്പിക്കാന്‍ സാധിക്കാത്തതാണ് ഇസ്രായേലിന് വലിയ വെല്ലുവിളി.
2023 ഒക്ടോബറില്‍ 250ഓളം പേരെ ഇസ്രായേലില്‍ നിന്ന് ഹമാസ് ബന്ദികളാക്കിയിരുന്നു. ഇടക്കാലത്ത് വെടിനിര്‍ത്തല്‍ ഉപാധികളുടെ ഫലമായി നിരവധി പേരെ ഹമാസ് വിട്ടയച്ചു. ശേഷം ഇസ്രായേല്‍ വീണ്ടും ആക്രമണം തുടങ്ങിയതോടെ ബന്ദികളുടെ മോചനം വഴിമുട്ടി. 20 ബന്ദികള്‍കൂടി ഹമാസിന്റെ കസ്റ്റഡിയില്‍ ഉണ്ട് എന്നാണ് കരുതുന്നത്. ഇവരുടെ മോചനമാണ് ഇസ്രായേല്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.

ഖത്തറില്‍ വീണ്ടും ചര്‍ച്ച നടത്താമെന്ന് സമ്മതിച്ചിരിക്കുകയാണ് ഇസ്രായേല്‍. ഞായറാഴ്ച വൈകീട്ട് ഇസ്രായേലില്‍ നിന്നുള്ള സംഘം ദോഹയില്‍ എത്തും. അമേരിക്ക മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ ഹമാസ് പാതി മാത്രമേ അംഗീകരിച്ചിട്ടുള്ളൂ. ഇസ്രായേല്‍ സൈന്യം ഗാസ വിടുന്നത് ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ ഹമാസ് മുന്നോട്ടുവച്ചിട്ടുണ്ട്. ഇത് അംഗീകരിക്കില്ല എന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നത്.
എങ്കിലും ഖത്തറിലേക്ക് പ്രതിനിധികളെ അയക്കുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. നെതന്യാഹു തിങ്കളാഴ്ച അമേരിക്കയിലെത്തി ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഖത്തറില്‍ ചര്‍ച്ച നടക്കുക. ഹമാസിന് വേണ്ടി ഗാസയിലെ ചിലരാണ് ചര്‍ച്ചയില്‍ ഭാഗമാകുക. തങ്ങളുടെ നിലപാട് ഹമാസ് ഖത്തറിനെ അറിയിച്ചിട്ടുണ്ട്.
ബന്ദികളെ മോചിപ്പിക്കുന്നതിന് പകരം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാം എന്ന ഉപാധിയിലാണ് ചര്‍ച്ചകള്‍. ബന്ദികളെ മോചിപ്പിച്ചാല്‍ ഇസ്രായേല്‍ വീണ്ടും ആക്രമണം ശക്തമാക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇന്നും ഇസ്രായേല്‍ സൈന്യം ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഈ ആശങ്ക.
ഗാസയിലേക്കുള്ള മാനുഷിക സഹായം എത്തിക്കുന്നതിലെ തടസം നീക്കല്‍, റഫാ അതിര്‍ത്തി തുറക്കല്‍, ഇസ്രായേല്‍ സൈന്യം ഗാസയില്‍ നിന്ന് പൂര്‍ണമായി പിന്മാറല്‍ തുടങ്ങിയ കാര്യത്തിലാണ് പലസ്തീന്‍ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തത വേണ്ടത്. എന്നാല്‍ ഹമാസ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല എന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
ഖത്തര്‍, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളാണ് ഗാസയില്‍ വെടിനിര്‍ത്തലിന് വേണ്ടി ശ്രമിക്കുന്നത്. ഗാസയില്‍ നിന്നുള്ള പിന്മാറ്റം ഇസ്രായേല്‍ അംഗീകരിക്കുന്നില്ല. മാത്രമല്ല, ഹമാസിനെ ഗാസയില്‍ നിന്ന് ഒഴിവാക്കണം എന്നാണ് ഇസ്രായേലിന്റെ നിലപാട്. ഇത് എങ്ങനെ സാധിക്കുമെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. അതേസമയം, വെടിനിര്‍ത്തലിന് വേണ്ടി ട്രംപ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. മാത്രമല്ല, എല്ലാ നിര്‍ദേശങ്ങളും ഹമാസ് അംഗീകരിക്കണം എന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications