നടുവൊടിഞ്ഞ് ഖത്തര്‍; യുഎസില്‍ നിന്ന് വാതകം വാങ്ങുന്നു, ഈ ഗതികേട് പ്രതീക്ഷിച്ചില്ല, യുദ്ധം ട്രംപ് കാര്‍ഡ്?
ദ്രവ്യ പ്രകൃതി വാതകം (എല്‍എന്‍ജി) കയറ്റുമതി ചെയ്യുന്ന ലോകത്തെ പ്രധാന രാജ്യങ്ങളിലൊന്നായിരുന്നു ഖത്തര്‍. അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതോടെ തുടങ്ങിയതാണ് ഖത്തറിന്റെ കഷ്ടകാലം. ഹോര്‍മുസ് കടലിടുക്ക് പാത അടച്ചതോടെ ഖത്തറില്‍ നിന്ന് എല്‍എന്‍ജി കയറ്റുമതി തടസപ്പെട്ടു എന്ന് മാത്രമല്ല, റാസ് ലാഫന്‍ വാതക കേന്ദ്രത്തില്‍ മിസൈല്‍ പതിച്ചതോടെ ഉല്‍പ്പാദനവും വെട്ടിലായി.
പല രാജ്യങ്ങളുമായും ദീര്‍ഘകാല വാതക കരാര്‍ നേരത്തെ ഒപ്പുവെച്ചിരുന്നു ഖത്തര്‍. ഉല്‍പ്പാദനം കുറഞ്ഞതോടെ കരാര്‍ പ്രകാരമുള്ള വാതകം നല്‍കാന്‍ ഖത്തറിന് സാധിക്കാതെ വന്നു. പുറത്തുനിന്ന് വാതകം വാങ്ങാനും ഖത്തര്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം അമേരിക്കന്‍ കമ്പനിയുമായി ദീര്‍ഘകാല വാതക കരാര്‍ ഒപ്പുവെച്ചിരിക്കുകയാണ് ഖത്തര്‍ എനര്‍ജി. അതായത്, അമേരിക്കയില്‍ നിന്ന് ഇനി ഖത്തര്‍ വാതകം വാങ്ങും.

മൂന്നു ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട കൊച്ചു ജിസിസി രാജ്യമാണ് ഖത്തര്‍. ഇറാനോട് ചേര്‍ന്ന അതിര്‍ത്തി മേഖലയിലാണ് ഖത്തറിന്റെ പ്രധാന വാതക പാടം. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന വാതകത്തിന്റെ കയറ്റുമതിക്ക് പ്രധാനമായും ആശ്രയിക്കുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. ഈ പാതയാണ് ഇറാന്‍ കഴിഞ്ഞ മാര്‍ച്ച് രണ്ടിന് അടച്ചത്. മൈന്‍ സ്ഥാപിച്ചതോടെ കപ്പല്‍ കടന്നുപോകുമ്പോള്‍ സ്‌ഫോടനത്തിന് സാധ്യതയുണ്ട്.
ഇതോടെ ഹോര്‍മുസ് വഴി ഖത്തറിന്റെ വാതക കപ്പലുകള്‍ യാത്ര ചെയ്യാതായി. റാസ് ലഫാനില്‍ ആക്രമണം നടന്നതോടെ ഉല്‍പ്പാദനം കുറഞ്ഞു. ഇനി ഹോര്‍മുസ് പാത തുറന്നാലും റാസ് ലഫാനിലെ അറ്റക്കുറ്റപ്പണി കഴിഞ്ഞ് കയറ്റുമതി പഴയ പോലെ ആകണം എങ്കില്‍ മൂന്ന് വര്‍ഷം വേണ്ടി വരുമത്രെ. ഈ സാഹചര്യത്തിലാണ് അമേരിക്കന്‍ വാതക കമ്പനിയായ ചെനിയര്‍ എനര്‍ജിയമായി പ്രതിവര്‍ഷം 40 ലക്ഷം ടണ്‍ എല്‍എന്‍ജി വാങ്ങുന്ന കരാര്‍ ഖത്തര്‍ ഒപ്പുവെച്ചത്. 2054 വരെയാണ് കരാര്‍.
അതിനിടയില്‍ നേട്ടം കൊയ്യുന്ന അമേരിക്ക
ഇത്രയും ദീര്‍ഘകാലത്തെ കരാര്‍ ഒപ്പുവെക്കാന്‍ എന്താണ് കാരണം. ഹോര്‍മുസ് പാത തുറക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ എടുക്കും എന്ന് ഖത്തറിന് ബോധ്യമായോ? ഇറാന്‍ യുദ്ധം അവസാനിക്കാന്‍ ഇനിയും വര്‍ഷങ്ങളെടുക്കുമോ? ഒരുപിടി ചോദ്യങ്ങളാണ് ഉയരുന്നത്. ചൈനയിലെ ബാങ്കുകളില്‍ നിന്ന് ഖത്തര്‍ എനര്‍ജി വായ്പ എടുത്തു എന്നതും ഖത്തര്‍ നേരിടുന്ന പ്രതിസന്ധി തുറന്നുകാട്ടുന്നതാണ്. യുദ്ധം ഒരുതരത്തില്‍ നേട്ടമാകുന്നത് അമേരിക്കക്കാണ്. ലോകത്തെ പ്രധാന വാതക കയറ്റുമതി രാജ്യമായി അമേരിക്ക മാറി എന്നതാണ് യുദ്ധത്തിന്റെ മറ്റൊരു ഭാഗം.
ഇടയ്ക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ യുദ്ധ ഭീഷണി മുഴക്കുന്നതിലൂടെ ക്രൂഡ് ഓയില്‍ വില കുതിക്കുകയാണ്. ഇതിന്റെ പ്രതിഫലനമായി ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളുടെ പട്ടികയിലും അമേരിക്കയുണ്ട്. വെനസ്വേല, ഇറാന്‍ എന്നിവിടങ്ങളിലെ ആക്രമണതത്തിന് ശേഷം അമേരിക്ക ക്യൂബ ലക്ഷ്യമിടുന്നു എന്നതാണ് പുതിയ വിവരം. യുദ്ധം നിലനിര്‍ത്തി വിപണിയില്‍ നിന്ന് നേട്ടം കൊയ്യുകയാണോ ട്രംപിന്റെ തന്ത്രം എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.


Click it and Unblock the Notifications
