കുശാഗ്ര ബുദ്ധിയുമായി ഖത്തര്‍; അമേരിക്കയടക്കം വമ്പന്മാരെ ദോഹയിലെത്തിക്കുന്ന നയം
ദോഹ: ജിസിസിയിലെ കൊച്ചു രാജ്യമായ ഖത്തര്‍ പലപ്പോഴും മാധ്യമങ്ങൡ നിറയുന്നത് അവര്‍ സ്വീകരിക്കുന്ന വിദേശ നയത്തിന്റെ പേരിലാണ്. ലോകത്തെ വന്‍കിട നേതാക്കളെ പോലും ഖത്തറിലെത്തിക്കുന്നത് ഖത്തറിന്റെ ഈ വിദേശ നയമാണ്. ഒരിക്കലും പരിഹാരം കാണാന്‍ സാധിക്കില്ലെന്ന് കരുതിയ പല സംഭവങ്ങള്‍ക്കും ഖത്തറിന്റെ ഇടപെടല്‍ ഗുണം ചെയ്തിട്ടുണ്ട്.
അമേരിക്ക പോലും പ്രതിസന്ധിയില്‍ നിന്ന ഘട്ടങ്ങളില്‍ സഹായിക്കാനെത്തിയത് ഖത്തറാണ്. എല്ലാവരെയും ഒരുപോലെ സ്വീകരിക്കുക എന്നതാണ് ഖത്തറിന്റെ നിലപാട്. എന്നാല്‍ സ്വന്തമായി വ്യക്തമായ കാഴ്ച്ചപ്പാട് അവര്‍ മുന്നോട്ട് വെക്കുകയും ചെയ്യുന്നു. ഏറ്റവും ഒടുവില്‍ പലസ്തീന്‍ ഇസ്രായേല്‍ തര്‍ക്കത്തിലും പരിഹാരം തേടി അമേരിക്ക എത്തുന്നത് ഖത്തറിലാണ്.

അമേരിക്കയുടെ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക താവളമായ അല്‍ ഉദൈദ് ഖത്തര്‍ തലസ്ഥാനമായ ദോഹയിലാണ് സ്ഥിതി ചെയ്യുന്നത്. നാറ്റോ സഖ്യത്തിലെ രണ്ടാം സൈനിക ശക്തിയായ തുര്‍ക്കിക്കും സൈനിക താവളം ഖത്തര്‍ ഒരുക്കിയിട്ടുണ്ട്. അതേസമയം, അമേരിക്ക ശത്രുപക്ഷത്ത് നിര്‍ത്തിയവര്‍ക്കും ഖത്തറില്‍ ഇരിപ്പിടമുണ്ട്.
അമേരിക്ക 20 വര്‍ഷം യുദ്ധം ചെയ്ത അഫ്ഗാനിസ്താനിലെ താലിബാന് വിദേശത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്ന ഏകരാജ്യം ഖത്തറാണ്. ഈ ഓഫീസ് തന്നെയാണ് അമേരിക്കക്ക് അഫ്ഗാനില്‍ നിന്ന് പിന്മാറാന്‍ വഴിയൊരുക്കിയതും. ജോ ബൈഡന്‍ അധികാരത്തിലെത്തിയ ശേഷം അഫ്ഗാനില്‍ നിന്ന് പിന്മാറ്റത്തിന് തീരുമാനിച്ചപ്പോള്‍ സമവായം കണ്ടെത്താന്‍ അവര്‍ സമീപിച്ചത് ഖത്തറിനെയായിരുന്നു.
അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിടുന്ന വേളയില്‍ ഒരു വിഭാഗം അഫ്്ഗാന്‍ ജനത പരിഭ്രാന്തരായി. മാത്രമല്ല, താലിബാന്‍ അവസരം മുതലെടുത്ത് ആക്രമണം നടത്തുമോ എന്ന ആശങ്കയും പരന്നു. ഈ വേളയില്‍ ഖത്തറാണ് ചര്‍ച്ചകള്‍ നടത്തിയതും അഫ്ഗാനില്‍ നിന്നുള്ള വിദേശികളെ സുഗമമായി ഒഴിപ്പിച്ചതും. ഖത്തറിനെ ഇക്കാര്യത്തില്‍ ലോകരാജ്യങ്ങള്‍ അഭിനന്ദിക്കുകയും ചെയ്തു. യുഎസ്-ഇറാന്‍ തടവുകാരെ കൈമാറിയതിലും ഖത്തറിന്റെ പങ്ക് ചെറുതല്ല.
ആഫ്രിക്കന്‍ രാജ്യങ്ങളിലെ പോര് ശമിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കുന്നതും ഖത്തറാണ്. സുഡാനിലെ സൈനികര്‍ക്കിടയിലെ തര്‍ക്കത്തിലും മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളിലെ പ്രശ്‌നങ്ങളിലും മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നത് ഖത്തറിലാണ്. സൗദി അറേബ്യയും ഇറാനും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരം കാണാന്‍ മധ്യസ്ഥത വഹിക്കാമെന്ന് ഖത്തര്‍ പറഞ്ഞിരുന്നെങ്കിലും ചൈന ഇടപെട്ട് ആ പ്രശ്‌നം പരിഹരിച്ചു.
ഇപ്പോള്‍ പലസ്തീന്‍ ഇസ്രായേല്‍ പ്രശ്‌നമുണ്ടായ വേളയിലും മധ്യസ്ഥ റോളിലാണ് ഖത്തര്‍. ബന്ദികളെയും തടവുകാരെയും കൈമാറ്റം ചെയ്യുന്നതിന് ശ്രമിക്കുകയാണ് ഖത്തര്‍. ഹമാസുമായി അടുത്ത ബന്ധം ഖത്തറിനുണ്ട്. ഹമാസിന് ഓഫീസുള്ള വിദേശരാജ്യങ്ങളിലൊന്ന് ഖത്തറാണ്. ഹമാസിന്റെ ചില നേതാക്കള്‍ ഖത്തറിലാണ് താമസം.
ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ലെങ്കിലും ശത്രുത പുലര്‍ത്തുന്നില്ല ഖത്തര്‍. അതുകൊണ്ടാണ് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഇസ്രായേല്‍ സന്ദര്‍ശിച്ച ശേഷം നേരെ ഖത്തറിലെത്തി ചര്‍ച്ച നടത്തിയത്. പലസ്തീനെ പരസ്യമായി പിന്തുണച്ചു കൊണ്ടുതന്നെയാണ് ഖത്തര്‍ മധ്യസ്ഥതയ്ക്ക് ഒരുങ്ങുന്നത് എന്നതും ശ്രദ്ധേയം.












Click it and Unblock the Notifications