അദാനിയെ കൊഴുപ്പിച്ച് ഖത്തര്‍; 4000 കോടി രൂപയുടെ നിക്ഷേപം... അടുത്തത് അംബാനി
ദോഹ: ഇന്ത്യയിലെ വന്‍കിട കമ്പനികളുമായി സഹകരണം ശക്തമാക്കി ഖത്തര്‍. ലോകോത്തര കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്നതില്‍ മുന്‍പന്തിയിലുള്ള ഖത്തര്‍ ഇന്ത്യയിലെ പ്രമുഖ കമ്പനികളും ലക്ഷ്യമിടുകയാണ്. ഗൗതം അദാനിയുടെ അദാനി ഗ്രീന്‍ എനര്‍ജി കമ്പനിയില്‍ 4000 കോടിയോളം രൂപയുടെ നിക്ഷേപം നടത്തിയിരിക്കുകയാണ് ഖത്തര്‍.
ലോകത്തെ പല പ്രമുഖ കമ്പനികളുടെയും ഓഹരികള്‍ ഖത്തര്‍ വാങ്ങുന്നുണ്ട്. ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി എന്ന ഫണ്ട് മുഖേനയാണ് ഖത്തറിന്റെ ഇടപാടുകള്‍. ലോകത്ത് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള കമ്പനികളിലൊന്നാണ് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി. മൂന്ന് വര്‍ഷം മുമ്പ് ഖത്തര്‍ 3200 കോടി രൂപയുടെ നിക്ഷേപം അദാനിയുടെ മറ്റൊരു കമ്പനിയില്‍ നടത്തിയിരുന്നു. ഇപ്പോള്‍ രണ്ടാമത്തെ വമ്പന്‍ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്.

അദാനി ഗ്രീന്‍ എനര്‍ജിയുടെ 2.7 ശതമാനം ഓഹരിയാണ് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി വാങ്ങിയിരിക്കുന്നത്. 3920 കോടി രൂപ മുടക്കിയാണ് ഖത്തറിന്റെ നിക്ഷേപം. ഇന്ത്യയിലെ കൂടുതല്‍ കമ്പനികളില്‍ ഖത്തര്‍ നിക്ഷേപം ഇറക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണിത്. പ്രതിസന്ധിയിലായിരുന്ന അദാനി ഗ്രൂപ്പിന് വലിയ ഉത്തേജനമാകും ഖത്തറിന്റെ നിക്ഷേപം.
2020ലാണ് ഇതിന് മുമ്പ് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി അദാനിയുടെ കമ്പനിയില്‍ നിക്ഷേപം നടത്തിയത്. മഹാരാഷ്ട്ര ആസ്ഥാനമായുള്ള അദാനി ഇലക്ട്രിസിറ്റിയുടെ 25 ശതമാനം ഓഹരി വാങ്ങുകയായിരുന്നു അന്ന്. 3200 കോടി രൂപയാണ് മുടക്കിയത്. മുംബൈയിലെ മിക്ക പ്രദേശങ്ങളിലും വൈദ്യുതി വിതരണം ചെയ്യുന്നത് അദാനി ഇലക്ട്രിസിറ്റിയാണ്.
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വലിയ പ്രതിസന്ധി നേരിടുകയായിരുന്നു അദാനി ഗ്രൂപ്പ്. കമ്പനിയുടെ ഓഹരിയില്‍ വലിയ ഇടിവിന് ഇത് കാരണമായിരുന്നു. എന്നാല്‍ ഖത്തറിന്റെ നിക്ഷേപം ഇപ്പോള്‍ ആശ്വാസമായിരിക്കുകയാണ്. 7000 കോടിയുടെ ഇടപാടാണ് രണ്ട് തവണയായി ഖത്തറും അദാനിയും നടത്തിയിരിക്കുന്നത്.
അദാനിക്ക് അടുത്തിടെയായി ലഭിക്കുന്ന രണ്ടാമത്തെ ലോട്ടറിയാണ് ഖത്തര്‍ നിക്ഷേപം. അടുത്തിടെ അദാനി ഗ്രീന്‍ എനര്‍ജിയുടെ 6.32 ശതമാനം ഓഹരി ഒസ്‌ട്രേലിയന്‍ കമ്പനിയായ ജിക്യുജി വാങ്ങിയിരുന്നു. എല്ലാ പ്രതിസന്ധികളില്‍ നിന്നും കരകയറാന്‍ അദാനി ഗ്രൂപ്പിനെ സഹായിച്ചത് ഓസ്‌ട്രേലിയന്‍ കമ്പനിയുമായുള്ള കരാറാണ്. തൊട്ടുപിന്നാലെ ഖത്തറിന്റെ നിക്ഷേപം വന്നതോടെ അദാനി ഓഹരികള്‍ക്ക് വലിയ മുന്നേറ്റത്തിന് വഴിയൊരുങ്ങി.
മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനി നേതൃത്വം നല്‍കുന്ന ചില്ലറ വില്‍പ്പന കമ്പനിയുടെ ഓഹരി വാങ്ങാന്‍ ഖത്തറിന് താല്‍പ്പര്യമുണ്ട് എന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. റിലയന്‍സിന്റെ മാധ്യമ-വിനോദ വ്യവസായത്തിലും ഖത്തറിന് കണ്ണുണ്ട്. അദാനിക്കും അംബാനിക്കും പുറമെ നിക്ഷേപ ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലെ മറ്റു വന്‍കിട വ്യവസായികളുമായി ഖത്തര്‍ വൈകാതെ ചര്‍ച്ച നടത്തുമെന്നാണ് വിവരം.












Click it and Unblock the Notifications