ഖത്തര്‍ പോലെ മറ്റൊരു രാജ്യം ഇല്ല; നേരിട്ടത് വന്‍ തിരിച്ചടി, ഇറാന്‍ വരുതിയില്‍ ആകുമോ? ഫോണില്‍ വിളിച്ചു
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തില്‍ വലിയ തിരിച്ചടി നേരിട്ട രാജ്യമാണ് ഖത്തര്‍. രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗമായ എല്‍എന്‍ജി കയറ്റുമതി പൂര്‍ണമായും നിലച്ച മട്ടാണ്. ഹോര്‍മുസ് കടല്‍പാത വഴിയാണ് ഖത്തര്‍ ഇതുവരെ കയറ്റുമതി ചെയ്തിരുന്നത്. ഇറാന്‍ ഹോര്‍മുസ് അടച്ചതോടെ എല്ലാം അവതാളത്തിലായി. ഖത്തറിന്റെ എല്‍എന്‍ജി കയറ്റുമതി 96 ശതമാനമാണ് താഴ്ന്നത്.
ആറ് മാസമായി തുടരുന്ന യുദ്ധം കാരണം ഖത്തറിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായി. 2400 കോടി ഡോളറിന്റെ നഷ്ടമുണ്ടായി എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. വെള്ളത്താല്‍ ചുറ്റപ്പെട്ട ഖത്തറിന് ഏക കരമാര്‍ഗമുള്ളത് സൗദി അറേബ്യയുമായിട്ടാണ്. ചരക്കുകള്‍ മൊത്തം കടന്നുപോയിരുന്ന ഹോര്‍മുസ് പാത അടച്ചു. സൗദി അറേബ്യയുമായി സഹകരിച്ച് പൈപ്പ്‌ലൈന്‍ പദ്ധതി ഖത്തര്‍ ആലോചിക്കുന്നു എന്നും വാര്‍ത്തകളുണ്ട്.

ഇതിനിടെ, ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ചര്‍ച്ച നടത്തി. ടെലിഫോണില്‍ നടത്തിയ ചര്‍ച്ചയില്‍ ഹോര്‍മുസ് പാത തുറക്കുന്ന കാര്യം വിഷയമായി. ഹോര്‍മുസ് വഴി താല്‍ക്കാലിക കപ്പല്‍ ഇടനാഴി സ്ഥാപിക്കുന്ന കാര്യമാണ് ചര്‍ച്ചയായത്. കൂടാതെ ഹോര്‍മുസിലെ കുഴിബോംബുകള്‍ നിര്‍വീര്യമാക്കുന്നതും ചര്‍ച്ച ചെയ്തു.
ഖത്തറും ഇറാനും തമ്മില്‍ അടുത്ത സൗഹൃദമുള്ള രാജ്യങ്ങളാണ്. അതേസമയം, അമേരിക്കയുമായും അടുത്ത ബന്ധമാണ് ഖത്തറിന്. ഇതിന്റെ ഭാഗമാണ് അല്‍ ഉദൈദ് വ്യോമതാവളത്തില്‍ ആയിരക്കണക്കിന് യുഎസ് സൈനികര്‍ തമ്പടിക്കുന്നത്. പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ സേനാ താവളമാണിത്. ഇത് ലക്ഷ്യമിട്ടാണ് ഇറാന്‍ നിരന്തരം ആക്രമണം നടത്തിയിരുന്നത്.
ഇറാന്റെ പൈലറ്റുമാരെ കാണാതായതുമായി ബന്ധപ്പെട്ട് ഖത്തറുമായി കഴിഞ്ഞ ദിവസങ്ങളില്‍ ഉടക്കുണ്ടായിരുന്നു. ടെലിഫോണ്‍ ചര്‍ച്ചയില്‍ എല്ലാം വിഷയമായി എന്നാണ് കരുതുന്നത്. നയതന്ത്ര ചര്‍ച്ചകളിലൂടെ എല്ലാം പരഹരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഖത്തര്‍. ഇറാനും ഒമാനും നടത്തിവരുന്ന ചര്‍ച്ചകളിലും ഖത്തറിന് പ്രതീക്ഷയുണ്ട്. ഹോര്‍മുസ് തുറന്നാല്‍ ഖത്തര്‍ നേരിടുന്ന വെല്ലുവിളി അവസാനിക്കും.
ലോകത്ത് ഏറ്റവും കൂടുതല്‍ എല്‍എന്‍ജി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. ഹോര്‍മുസ് അടച്ചതിനാല്‍ ഈ കയറ്റുമതി കുത്തനെ ഇടിഞ്ഞു. ഖത്തറിന്റെ ആഗോള വിപണി അവസരം അമേരിക്ക ഉള്‍പ്പെടെ പിടിച്ചടക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ ആക്രമണത്തില്‍ ഖത്തറിന്റെ പ്രധാന വാതക കേന്ദ്രം അടച്ചിടേണ്ടി വന്നതും തിരിച്ചടിയായി. വരുമാനം കുത്തനെ കുറയുന്നത് കനത്ത ചെലവ് ചുരുക്കല്‍ നടപടികള്‍ക്ക് ഖത്തറിനെ നിര്‍ബന്ധിക്കുന്നു എന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട്. ജിസിസിയിലെ മറ്റു രാജ്യങ്ങളും കയറ്റുമതി പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും വലിയ തിരിച്ചടി ഖത്തറിനാണ്.





Click it and Unblock the Notifications