ഖത്തര്‍-ഇറാന്‍ പോര് ശക്തമാകുമോ? ഒരു മൃതദേഹം കിട്ടി, മൂന്നു പേര്‍ എവിടെ, രാത്രി നടന്നത്
ഇറാനും ഖത്തറും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായിരിക്കുകയാണ്. തങ്ങളുടെ മൂന്ന് സൈനികരെ ഖത്തര്‍ തടവിലാക്കി എന്നാണ് ഇറാന്‍ പറയുന്നത്. എന്നാല്‍ ആരും തടവില്‍ ഇല്ല എന്ന് ഖത്തര്‍ പറയുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് അന്താരാഷ്ട്ര റെഡ്‌ക്രോസ് കമ്മിറ്റിയുടെ സഹായം തേടിയിരിക്കുകയാണ് ഇറാന്‍.
കഴിഞ്ഞ ആറ് മാസത്തോളമായി തങ്ങളുടെ മൂന്ന് സൈനികരെ ഖത്തര്‍ സൈന്യം തടവിലാക്കിയിരിക്കുകയാണ് എന്ന് ഇറാന്‍ ആരോപിക്കുന്നു. ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചത്. ഇറാന്‍ പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങളില്‍ തിരിച്ചാക്രമിച്ചു. അതിലൊന്നായിരുന്നു ഖത്തറിലെ അല്‍ ഉദൈദ് താവളം. ഇവിടെ ശക്തമായ ആക്രമണം നടത്തുന്നതിന് മാര്‍ച്ച് രണ്ടിന് രാത്രിയാണ് ഇറാന്റെ യുദ്ധ വിമാനങ്ങള്‍ ഖത്തര്‍ അതിര്‍ത്തി കടന്ന് അകത്തേക്ക് വന്നത്...

ഇറാന്‍ സൈന്യത്തിന്റെ ജനറല്‍ സ്റ്റാഫ് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ബാഗിര്‍സാദി ആണ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് റെഡ്‌ക്രോസിന് കത്തയച്ചിരിക്കുന്നത്. തങ്ങളുടെ സൈനികര്‍ ജീവനോടെയുണ്ടോ, അവരുടെ ആരോഗ്യ അവസ്ഥ എന്താണ് എന്നിവ അറിയണം എന്നാണ് ആവശ്യം. ഇതിന് വേണ്ടി ഖത്തറിലേക്ക് പ്രത്യേക സംഘത്തെ അയക്കണം എന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ഇറാന്‍ സൈന്യത്തിന്റെ രണ്ട് സു-24 യുദ്ധ വിമാനങ്ങളാണ് അല്‍ ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ട് ഖത്തറിലേക്ക് പറന്നത്. ശക്തമായ ആക്രമണം നടത്തി മടങ്ങവെയാണ് വിമാനം ആക്രമിക്കപ്പെട്ടതും തകര്‍ന്നതും പൈലറ്റുമാര്‍ പുറത്തേക്ക് ചാടിയതും. നാലു പൈലറ്റുമാരാണ് യുദ്ധവിമാനത്തില്‍ ഉണ്ടായിരുന്നത്. ബ്രിഗേഡിയര്‍ ജനറല്‍ മാജിദ് കാസിമി കൊല്ലപ്പെട്ടു. മൃതദേഹം കണ്ടെത്തുകയും ഇറാനിലേക്ക് അയക്കുകയും ചെയ്തു. ബാക്കിയുള്ളവരെ കാണാനില്ലെന്നും ബാഗിര്‍സാദി പറയുന്നു.
ജവാദ് സാലിഹി, അബ്ദുല്‍ മാജിദ് ദഷ്തയ്ന്‍, ഉമ്രാന്‍ ബിഹ്രവ്ഷിയാന്‍ എന്നിവരെയാണ് കാണാതായത്. ഇവര്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും ഖത്തര്‍ സൈന്യം തടവിലാക്കിയിരിക്കുകയാണ് എന്നും ഇറാന്‍ ആരോപിക്കുന്നു. ഇവരെ കാണാന്‍ ഇറാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. കുടുംബങ്ങള്‍ക്ക് ബന്ധപ്പെടാനും അനുമതി നല്‍കിയില്ല. റെഡ്‌ക്രോസ് ഉദ്യോഗസ്ഥര്‍ ഖത്തറിലെത്തി അവരെ കുറിച്ച് അന്വേഷിക്കണം എന്നും ബാഗിര്‍സാദി കത്തില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇറാന്റെ ആരോപണം ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് മുഹമ്മദ് അല്‍ അന്‍സാരി നിഷേധിച്ചു. ഇറാന്റെ വിമാനം അതിര്‍ത്തി കടന്ന് വന്നപ്പോള്‍ തന്നെ പൈലറ്റുമാരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ പ്രതികരിച്ചില്ല. തുടര്‍ന്നാണ് സൈനികമായി ഇടപെട്ടത്. വിമാന വീണ സ്ഥലങ്ങള്‍ സുരക്ഷാ സംഘം പരിശോധിച്ചു. കണ്ടെത്തിയ ഒരു പൈലറ്റിന്റെ മൃതദേഹം കൈമാറി. ബാക്കിയുള്ളവരെ തിരയുന്നതിന് ഏപ്രിലില്‍ ഇറാനെ ക്ഷണിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ലെന്നും ഖത്തര്‍ വക്താവ് പറയുന്നു.





Click it and Unblock the Notifications