ഖത്തര്‍ ലക്ഷ്യമിടുന്നോ ഹൂതികള്‍? മുന്നറിയിപ്പുമായി അബ്ദുല്‍ മാലിക് ഹൂതി; ആശങ്കയില്‍ ഗള്‍ഫ്
സൗദി അറേബ്യന്‍ തലസ്ഥമായ റിയാദിലെ വിമാനത്താവളം ആക്രമിച്ച് നിരവധി പേരെ കൊലപ്പെടുത്തിയ ഹൂതികള്‍ ഇനി ഖത്തറിനെ ലക്ഷ്യമിടുമോ? ഖത്തറിന് മുന്നറിയിപ്പുമായി ഹൂതികളുടെ നേതാവ് രംഗത്തെത്തി. സൗദി അറേബ്യയെ പിന്തുണയ്ക്കുന്നത് യമനെതിരായ ആക്രമണമായി കരുതുമെന്ന് ഹൂതി നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂതി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
സൗദി അറേബ്യയുടെ പല ഭാഗങ്ങളിലും യമനില്‍ നിന്ന് ആക്രമണം നടക്കുന്നുണ്ട്. യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന സൗദിയിലെ പ്രദേശങ്ങളിലായിരുന്നു യുദ്ധത്തിന്റെ തുടക്കത്തില്‍ ഉണ്ടായ ആക്രമണം. ഇപ്പോള്‍ അത് തലസ്ഥാനത്തേക്ക് വരെ എത്തിയിരിക്കുന്നു. മക്കയും മദീനയും വരെ ഹൂതികള്‍ ലക്ഷ്യമിടുന്നു എന്ന് ഇതിനിടെ വാര്‍ത്ത വന്നെങ്കിലും ഹൂതികള്‍ നിഷേധിച്ചു.

ഇറാനില്‍ നിന്ന് ഹൂതി നേതാക്കള്‍ എത്തിയ വിമാനത്തിന് നേരെ യമനില്‍ ആക്രമണ ശ്രമമുണ്ടായതാണ് പുതിയ യുദ്ധത്തിലേക്ക് നയിച്ച ഘടകം. സൗദി പിന്തുണയുള്ളവരാണ് ആക്രമിച്ചത് എന്ന് ഹൂതികള്‍ ആരോപിച്ചു. ഹൂതികളുടെ മുതിര്‍ന്ന നേതാക്കളായിരുന്നു വിമാനത്തില്‍. സന്‍ആ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ സാധിക്കാത്ത വിമാനം പിന്നീട് ഹുദൈദയിലാണ് ഇറക്കിയത്.
സൗദി അറേബ്യ യമനെതിരെ തുടരുന്ന ഉപരോധം അവസാനിപ്പിക്കണം എന്ന് ചൂണ്ടിക്കാട്ടിയാണ് പിന്നീട് ഹൂതികള്‍ രംഗത്തുവന്നത്. അതുവരെ സൗദിക്കെതിരെയും ഉപരോധം ചുമത്തുമെന്ന് ഹൂതികള്‍ പ്രഖ്യാപിച്ചു. സദിയില്‍ നിന്ന് അകത്തേക്കും പുറത്തേക്കും പോകുന്ന ചരക്കു കപ്പലുകള്‍ ചെങ്കടലില്‍ വച്ച് ആക്രമിക്കാന്‍ ഹൂതികള്‍ ശ്രമിച്ചു. തന്ത്ര പ്രധാന ബാബുല്‍ മന്തിബ് കടലിടുക്ക് അവര്‍ നിയന്ത്രണത്തിലാക്കി.
ഖത്തര്‍ അപലപിച്ചതിനെതിരെ ഹൂതികള്‍
ഈ വേളയില്‍ ചെങ്കടലിന്റെ സുരക്ഷ ഉറപ്പാക്കാന്‍ വിവിധ രാജ്യങ്ങളുടെ കൂട്ടായ്മക്ക് സൗദി ശ്രമം തുടങ്ങി. ഈ നീക്കം വേണ്ടത്ര വിജയിച്ചില്ല. അതിനിടെ, സൗദിക്ക് നേരെ ഹൂതികള്‍ ആക്രമണം ശക്തമാക്കി. സൗദി സൈന്യവും യമനിലെ സര്‍ക്കാര്‍ സൈന്യവും ചേര്‍ന്ന് ഹൂതികള്‍ക്കെതിരെയും ആക്രമണം ആരംഭിച്ചു. ഇരുഭാഗത്തും നാശനഷ്ടങ്ങളുണ്ടായി. ഇതിനിടെയാണ് മൂന്നു ദിവസം മുമ്പ് റിയാദില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ട ആക്രമണം. തൊട്ടുപിന്നാലെ 12 പേര്‍ കൊല്ലപ്പെട്ട ആക്രമണവും നടന്നു.
സൗദിയെ ആക്രമിച്ച ഹൂതികളുടെ നീക്കത്തെ അപലപിച്ച് ഖത്തര്‍ രംഗത്തെത്തി. ഇതാണ് ഖത്തറിനെതിരെ ഹൂതികള്‍ തിരിയാന്‍ കാരണം. ഖത്തറില്‍ ഭരണമാറ്റത്തിന് സൗദി അറേബ്യ ശ്രമിക്കുന്നുണ്ടെന്നും സൗദിയെ പിന്തുണയ്ക്കുന്നത് യമനെതിരായ ആക്രമണമായി കണക്കാക്കുമെന്നും ഹൂതി നേതാവ് മുന്നറിയിപ്പ് നല്‍കി. പശ്ചിമേഷ്യയില്‍ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക കേന്ദ്രമുള്ള രാജ്യമാണ് ഖത്തര്‍. അതും ഖത്തറിനെ ഹൂതികള്‍ ലക്ഷ്യമിടാന്‍ കാരണമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഖത്തറിനെതിരെ ഹൂതികള്‍ ഇതുവരെ സൈനികമായി നീങ്ങിയിട്ടില്ല. കൊച്ചിയില്‍ നിന്ന് സൗദിയിലേക്കും ഖത്തറിലേക്കുമുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.


Click it and Unblock the Notifications
