ഖത്തറിലേക്ക് യുദ്ധ വിമാനങ്ങള്‍ അയച്ച് ബ്രിട്ടന്‍; ഐഎസിനെ ഒതുക്കിയ അതേ ആയുധം, ഗള്‍ഫില്‍ തിരക്കിട്ട നീക്കം
ദുബായ്: പശ്ചിമേഷ്യയും ഗള്‍ഫ് രാജ്യങ്ങളും ആശങ്കയുടെ കരിനിഴലില്‍. അമേരിക്കന്‍ യുദ്ധക്കപ്പല്‍ ഗള്‍ഫിലേക്ക് എത്തുന്നതിന് പുറമെ യുദ്ധവിമാനങ്ങള്‍ ഖത്തറിലേക്ക് അയച്ച് ബ്രിട്ടന്‍. ഗള്‍ഫ് മേഖലയുടെ സുരക്ഷയ്ക്ക് എന്നാണ് ബ്രിട്ടന്‍ പറയുന്നത്. എന്നാല്‍ അമേരിക്ക ആക്രമണ ഭീഷണി മുഴക്കിയ സാഹചര്യത്തില്‍ എന്താണ് നടക്കാന്‍ പോകുന്നത് എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.
ടൈഫൂണ്‍ യുദ്ധവിമാനങ്ങളുടെ വ്യൂഹത്തെയാണ് ഖത്തറിലെ അല്‍ ഉദൈദ് താവളത്തിലേക്ക് ബ്രിട്ടന്‍ അയച്ചിരിക്കുന്നത്. ഖത്തര്‍ സര്‍ക്കാരിന്റെ ക്ഷണം അനുസരിച്ചാണ് ഈ നടപടി എന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബ്രിട്ടന്റെയും ഖത്തറിന്റെയും സുരക്ഷയും സുസ്ഥിരതയുമാണ് ലക്ഷ്യമെന്നു ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി പറഞ്ഞു.

യുദ്ധവാഹിനി കപ്പലായ അമേരിക്കയുടെ യുഎസ്എസ് അബ്രഹാം ലിങ്കണ്‍ വരും ദിവസങ്ങളില്‍ ഇറാന്‍ അതിര്‍ത്തിയോട് അടുത്തെത്തും. എഫ്-35 യുദ്ധ വിമാനങ്ങളാണ് ഈ കപ്പലിലുള്ളത്. മലാക്ക കടലിടുക്ക് കടന്ന് യുദ്ധക്കപ്പല്‍ വരുന്നുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും മുങ്ങക്കപ്പലും അകമ്പടിയായുണ്ട്.
മിസൈലുകള്‍ പ്രതിരോധിക്കാന്‍ ശേഷിയുള്ള പാട്രിയറ്റ്, താഡ് ഡിഫന്‍സ് ബാറ്ററികളും മേഖലയില്‍ വിന്യസിക്കുകയാണ് അമേരിക്ക. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ മുന്നറിയിപ്പ് നല്‍കിയതോടെയാണ് ഈ നീക്കങ്ങളെല്ലാം നടക്കുന്നത്. അമേരിക്ക ഏത് സമയവും ഇറാനെ ആക്രമിച്ചേക്കാം എന്നാണ് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ദ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
യുദ്ധം ഒഴിവാക്കണം എന്ന് ജിസിസി
അമേരിക്ക ആക്രമിച്ചാല്‍ ശക്തായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യയിലും ഗള്‍ഫ് മേഖലയിലുമുള്ള അമേരിക്കയുടെ താവളങ്ങള്‍ ആക്രമിക്കുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ യുദ്ധം ഒഴിവാക്കണം എന്ന് ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ എല്ലാം അവഗണിച്ചാണ് അമേരിക്കയുടെ പടയൊരുക്കം. സിറിയയില്‍ ഐഎസിനെയും യമനില്‍ ഹൂത്തികളെയും ബ്രിട്ടന്‍ നേരിട്ടത് ടൈഫൂണ്‍ ഉപയോഗിച്ചായിരുന്നു.
ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായ വേളയില്‍ സമരക്കാരെ പിന്തുണച്ച് അമേരിക്ക രംഗത്തുവന്നിരുന്നു. ആഭ്യന്തര കാര്യങ്ങളില്‍ അമേരിക്ക ഇടപെടരുത് എന്നായിരുന്നു ഇറാന്റെ പ്രതികരണം. എന്നാല്‍ തൊട്ടുപിന്നാലെയാണ് പടക്കപ്പലുകളും യുദ്ധ വിമാനങ്ങളുമായി അമേരിക്കയും ബ്രിട്ടനും എത്തുന്നത്. നേരത്തെ ഇറാഖ് അധിനിവേശത്തിന് മുമ്പും സമാനമായ സാഹചര്യമായിരുന്നു.
കഴിഞ്ഞ വര്‍ഷം ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളം ഇറാന്‍ ആക്രമിച്ചിരുന്നു. ഇസ്രായേല്‍ ഖത്തറില്‍ ആക്രമണം നടത്തി ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഇറാന്റെ ആക്രമണം. അമേരിക്ക ഇറാനില്‍ ആക്രമണം നടത്തിയതിന് പ്രതികാരമായിട്ടായിരുന്നു ഇത്. മധ്യസ്ഥ ശ്രമങ്ങള്‍ക്ക് മുന്നിലുള്ള ഖത്തര്‍ ഇരുവിഭാഗത്തിന്റെയും ആക്രമണത്തിന് ഇരയാകുന്നു എന്നതാണ് വിരോധാഭാസം.












Click it and Unblock the Notifications