ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം
ലോകത്തെ പ്രധാന ദ്രവീകൃത പ്രകൃതി വാതകം (എല്‍എന്‍ജി) കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഖത്തര്‍. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എല്‍എന്‍ജിയുടെ പകുതിയോളം ഖത്തറില്‍ നിന്നാണ്. ഇറാന്‍-അമേരിക്ക, ഇസ്രായേല്‍ യുദ്ധം ഖത്തറിന്റെ ഇന്ധന കയറ്റുമതി അവതാളത്തിലാക്കി. ഇതോടെ ഇന്ത്യയിലേക്കുള്ള കയറ്റുമതിയും നിലച്ചു. ഈ ഘട്ടത്തില്‍ ഇന്ത്യന്‍ വിപണിയില്‍ നിറഞ്ഞു നിന്നത് ബ്രിട്ടീഷ് കമ്പനിയായ ഷെല്‍ ആണ്.
ഇന്ത്യ മൊത്തം 27 മില്യണ്‍ ടണ്‍ എല്‍എന്‍ജിയാണ് ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ 13 മില്യണോളം വാതകം ഖത്തറില്‍ നിന്നാണ് വന്നിരുന്നത്. ലോകത്തെ പ്രധാന വാതക ഉല്‍പ്പാദകരായ ഓസ്‌ട്രേലിയയില്‍ നിന്നും അമേരിക്കയില്‍ നിന്നുമെല്ലാം ഇറക്കുന്നതിനേക്കാള്‍ ചെലവ് കുറവാണ് ഖത്തറില്‍ നിന്ന് ഇറക്കാന്‍. എന്നാല്‍ യുദ്ധം എല്ലാം താളംതെറ്റിച്ചു.

വാതകം ഉല്‍പ്പാദനം കുറയുമ്പോള്‍ രാസവള കയറ്റുമതിയെയും ബാധിക്കും. പ്രത്യേകിച്ച യൂറിയ ഉല്‍പ്പാദനത്തെ. ഇതാകട്ടെ, ലോകത്തെ ഭക്ഷ്യ പ്രതിസന്ധിയിലേക്ക് തള്ളിയിടും. ഒന്ന് മറ്റൊന്നില്‍ ബന്ധിതമായി നില്‍ക്കുന്നതാണ് ലോകവിപണി. ഏതെങ്കിലും ഒന്ന് തടസം നേരിട്ടാല്‍ മറ്റു പല പ്രതിസന്ധികളും നേരിടേണ്ടി വരും. എല്‍എന്‍ജി പ്രതിസന്ധി നേരിടുമ്പോള്‍ വളം പ്രതിസന്ധി വരുന്നത് അതിലൊന്നാണ്.
മാര്‍ച്ച് മാസത്തില്‍ ഇന്ത്യയിലേക്ക് കൂടുതല്‍ എല്‍എന്‍ജി എത്തിച്ചത് ഷെല്‍ കമ്പനിയാണ്. ഇവര്‍ക്ക് വിവിധ രാജ്യങ്ങളില്‍ ശാഖകളുള്ളതിനാല്‍ ഉല്‍പ്പാദനവും വിതരണവും വേഗത്തില്‍ നടക്കും. വാതകത്തിന് പുറമെ രാസവളം ഇന്ത്യയിലേക്ക് എത്തിക്കുന്നതിലും മാര്‍ച്ചില്‍ മുന്നില്‍ നിന്നത് ഷെല്‍ ആണ്. യുദ്ധം തുടങ്ങിയ പിന്നാലെ ഖത്തറിലെ എല്‍എന്‍ജി കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. തുടര്‍ന്ന് വാതക ഉല്‍പ്പാദനം ഖത്തര്‍ നിര്‍ത്തിവച്ചതാണ് ഷെല്ലിന് അവസരം ഒരുക്കിയത്.
കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു
ഹോര്‍മുസ് കടലിടുക്ക് അടച്ചതും ഖത്തറിന്റെ വാതക കയറ്റുമതി പ്രതിസന്ധിയിലാക്കി. എന്നാല്‍ ഈ വേളയില്‍ ഷെല്‍ കമ്പനി ഒമാന്‍, ഓസ്‌ട്രേലിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വാതകം ഇറക്കാന്‍ പദ്ധതി ഒരുക്കി. ഒമാന്‍ ഒഴികെയുള്ള ജിസിസി മേഖലയെ മാറ്റി നിര്‍ത്തിയായിരുന്നു ഈ ഇറക്കുമതി. കൂടാതെ, അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യ വാതകം ഇറക്കുന്നുണ്ട്. ഇതിന് ചുക്കാന്‍ പിടിക്കുന്നത് പൊതുമേഖലാ കമ്പനിയായ ഗെയ്ല്‍ ആണ്.
യുദ്ധഭീതി ഒഴിഞ്ഞിട്ടില്ല. മാത്രമല്ല, ഹോര്‍മുസ് പാത തുറന്നിട്ടുമില്ല. അമേരിക്ക കൂടി ഹോര്‍മുസില്‍ ഇടപെടുമെന്നാണ് പുതിയ വിവരം. ഇതോടെ മേഖല കൂടുതല്‍ ഭീതിയിലാണ്. ഈ സാഹചര്യത്തില്‍ ഏപ്രിലിലെ കണക്കുകള്‍ വരുമ്പോള്‍ ഖത്തര്‍ കൂടുതല്‍ പിന്നിലേക്ക് വീഴുമെന്നാണ് കരുതുന്നത്. പകരം ഷെല്‍ കമ്പനി വലിയ കുതിപ്പ് നടത്താനാണ് സാധ്യത.
അതേസമയം, ഹോര്‍മുസ് പാത തുറക്കുകയും എല്‍എന്‍ജി ഉല്‍പ്പാദനം തുടങ്ങുകയും ചെയ്താല്‍ വിപണി തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഖത്തര്‍. ത്വരതിനീക്കം നടത്താന്‍ ശേഷിയുള്ള രാജ്യമാണ് ഖത്തര്‍. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി കഴിഞ്ഞ ദിവസം ഖത്തറിലെത്തി ചര്‍ച്ച നടത്തിയിരുന്നു. വാതക കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് പ്രാധാന്യം നല്‍കണമെന്ന മന്ത്രിയുടെ അഭ്യര്‍ഥന ഖത്തര്‍ സ്വീകരിച്ചു എന്നാണ് വിവരം.












Click it and Unblock the Notifications