ഖത്തര്‍ തന്നെ രക്ഷ; ഇറാന്‍ യുദ്ധത്തിനിടെ പുതിയ ആവശ്യവുമായി ദക്ഷിണ കൊറിയ, ആദ്യം കിട്ടണം
ഇറാന്‍ യുദ്ധം വലിയ സാമ്പത്തിക തിരിച്ചടിയേല്‍പ്പിച്ച രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. യുദ്ധം അവസാനിച്ചാല്‍ എത്രയും വേഗം പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ സധിക്കുമെന്ന പ്രതീക്ഷയിലാണ് ഈ ഗള്‍ഫ് രാജ്യം. ഇക്കാര്യത്തില്‍ പ്രതീക്ഷ നല്‍കുന്നതാണ് ദക്ഷിണ കൊറിയയുടെ പുതിയ ആവശ്യം. ഹോര്‍മുസ് കടല്‍പാത തുറന്നാല്‍ ഖത്തര്‍ ദ്രവ്യ പ്രകൃതി വാതകം (എല്‍എന്‍ജി) വില്‍ക്കുന്നതില്‍ തങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം എന്നാണ് ദക്ഷിണ കൊറിയ ആവശ്യപ്പെട്ടിരിക്കുന്നത്.
ഖത്തര്‍ ഊര്‍ജകാര്യ മന്ത്രി സഅദ് അല്‍ കഅബിയും ദക്ഷിണ കൊറിയയുടെ വ്യാപാര മന്ത്രി കിം ജുങ് ക്വാനും സിയോളില്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. മറ്റു പല രാജ്യങ്ങളില്‍ നിന്നും എല്‍എന്‍ജി കിട്ടുമെങ്കിലും ഖത്തറില്‍ നിന്ന് എത്തിക്കുന്നതിനേക്കാള്‍ ചെലവേറും. അതുകൊണ്ടുതന്നെ ഖത്തറുമായുള്ള ഇടപാടാണ് ദക്ഷിണ കൊറിയക്ക് ലാഭകരം. മാത്രമല്ല, ഖത്തറും ദക്ഷിണ കൊറിയയും തമ്മില്‍ മറ്റു ചില സുപ്രധാന കരാറുകളുമുണ്ട്...

ഊര്‍ജ രംഗത്ത് തങ്ങളുടെ സുപ്രധാന പങ്കാളിയാണ് ഖത്തര്‍ എന്ന് കിം എടുത്തു പറഞ്ഞു. ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം തുടങ്ങുന്നതിന് മുമ്പ് ലോകത്ത് ഏറ്റവും കൂടുതല്‍ എല്‍എന്‍ജി കയറ്റുമതി ചെയ്തിരുന്ന രാജ്യമായിരുന്നു ഖത്തര്‍. യുദ്ധം തുടങ്ങുകയും ഹോര്‍മുസ് പാത അടയുകയും ചെയ്തതോടെ ഖത്തറിന്റെ കയറ്റുമതി നിലച്ചു.
അതിനിടെ ഖത്തറിലെ പ്രധാന എല്‍എന്‍ജി ഉല്‍പ്പാദന കേന്ദ്രമായ റാസ് ലഫാന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം ഉണ്ടായതോടെ കാര്യങ്ങള്‍ മാറി. കടുത്ത വരുമാന നഷ്ടത്തിലേക്ക് ഖത്തര്‍ കൂപ്പുകുത്തി. ഖത്തറില്‍ നിന്ന് വാതകം വാങ്ങുന്ന പ്രധാന രാജ്യമായ ദക്ഷിണ കൊറിയക്കും ഇത് തിരിച്ചടിയായി. ഉയര്‍ന്ന വില കൊടുത്ത് മറ്റു രാജ്യങ്ങളില്‍ നിന്ന് വാതകം വാങ്ങേണ്ട അവസ്ഥ വന്നു.
യുദ്ധത്തിന് അല്‍പ്പം ശമനം വന്ന വേളയില്‍ ഖത്തര്‍, ഇന്ത്യ ഉള്‍പ്പെടെയുള്ള നാല് രാജ്യങ്ങള്‍ക്ക് ഹോര്‍മുസ് പാത ഉപയോഗിക്കാന്‍ ഇറാന്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇറാനും അമേരിക്കയും തമ്മില്‍ വീണ്ടും കൊമ്പു കോര്‍ക്കുന്ന സാഹചര്യം ഒരുങ്ങിയിരിക്കുന്നത്. 2025ല്‍ ഖത്തറില്‍ നിന്ന് ദക്ഷിണ കൊറിയ വാങ്ങിയത് 7 മില്യണ്‍ ടണ്‍ എല്‍എന്‍ജിയാണ്. എന്നാല്‍ ഈ വര്‍ഷം ഇത് 1.7 മില്യണായി കുറഞ്ഞു.
ഏഷ്യയിലെ നാലാമത്തെ സാമ്പത്തിക ശക്തിയാണ് ദക്ഷിണ കൊറിയ. ഖത്തറില്‍ നിന്ന് എല്‍എന്‍ജി കൂടുതല്‍ വാങ്ങുന്ന ആറാമത്തെ രാജ്യവുമാണ്. ഖത്തറുമായി കോടികളുടെ കരാറുള്ള രാജ്യം കൂടിയാണ് ദക്ഷിണ കൊറിയ. ഖത്തറിലെ പല നിര്‍മാണ കരാറുകളും കൊറിയന്‍ കമ്പനികള്‍ക്കാണ്. 2030 വരെയുള്ള കാലയളവില്‍ 1100 കോടി ഡോളറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദക്ഷിണ കൊറിയന്‍ കമ്പനികള്‍ നടത്തുന്നുണ്ട്. 98 കപ്പലുകള്‍ ദക്ഷിണ കൊറിയയില്‍ നിന്ന് വാങ്ങാന്‍ ഖത്തര്‍ തീരുമാനിച്ചിരുന്നു.




Click it and Unblock the Notifications
