ഖത്തര്‍ കൈയ്യഴിച്ച് സഹായിച്ചു; കിട്ടിയത് 200 കോടി ഡോളര്‍, അമീറിനെ കണ്ട് ഇന്തോനേഷ്യന്‍ പ്രസിഡന്റ്
ദോഹ: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രഭോവോ സുബിയാന്തോ അഞ്ച് രാജ്യങ്ങളിലേക്ക് യാത്ര തുടങ്ങിയത്. ആദ്യമെത്തിയ ഖത്തറില്‍ നിന്ന് അപ്രതീക്ഷിത സഹായം ലഭിച്ച സന്തോഷത്തിലാണ് സുബിയാന്തോ. അടുത്തിടെ രൂപീകരിച്ച പുതിയ സോവറിങ് ഫണ്ട് നിറയ്ക്കുകയാണ് സുബിയാന്തോയുടെ ലക്ഷ്യം.
ഖത്തര്‍, യുഎഇ, തുര്‍ക്കി, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് സുബിയാന്തോ പുറപ്പെട്ടത്. ഈ രാജ്യങ്ങളുമായുള്ള സഹകരണം ശക്തമാക്കലും ലക്ഷ്യമാണ്. പുതിയ പദ്ധതികള്‍ തുടങ്ങാന്‍ ഫണ്ട് ലഭിക്കുന്നതോടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്തോനേഷ്യ. ഖത്തറില്‍ നിന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്റിന് എന്താണ് ലഭിച്ചതെന്ന് അറിയാമോ...

200 കോടി ഡോളര്‍ ഇന്തോനേഷ്യയില്‍ നിക്ഷേപിക്കുമെന്നാണ് ഖത്തര്‍ അറിയിച്ചിട്ടുള്ളത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായുള്ള ചര്‍ച്ച വളരെ ക്രിയാത്മകമായിരുന്നുവെന്ന് സുബിയാന്തോ പറഞ്ഞു. അടുത്തിടെ രൂപീകരിച്ച ധനന്തര ഫണ്ടിലേക്ക് പണം നല്‍കാന്‍ ഖത്തര്‍ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സുബിയാന്തോ ധനന്തര ഇന്തോനേഷ്യ എന്ന ഫണ്ട് രൂപീകരിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ശക്തമാക്കുമെന്ന് സുബിയാന്തോ പറയുന്നു. അഞ്ച് ശതമാനം പ്രതീക്ഷിച്ചിരുന്ന വളര്‍ച്ച എട്ട് ശതമാനമാക്കി ഉയര്‍ത്തുമെന്നാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായിട്ടാണ് വിദേശ പര്യടനവും പണം കണ്ടെത്തലും.
ചെലവ് കുറയ്ക്കല്‍ പ്രഖ്യാപിച്ചു
സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ ചെലവ് കുറയ്ക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്തോനേഷ്യ. പൊതു ചെലവ് കുറയ്ക്കുന്നതിനൊപ്പം വിദേശ നിക്ഷേപം വര്‍ധിപ്പിക്കുക കൂടി ചെയ്യുകയാണ് ഭരണകൂടം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളുടെ നിയന്ത്രണം ധനന്തര ഫണ്ടിനാണ്. ഇന്തോനേഷ്യയുടെ രണ്ടാമത് സോവറിങ് ഫണ്ട് ആണ് ധനന്തര.
ഇന്തോനേഷ്യ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി എന്ന ഫണ്ട് 2021ല്‍ തുടങ്ങിയിരുന്നു. ഇതിന് 1050 കോടി ഡോളര്‍ ആസ്തിയാണുള്ളത്. അമേരിക്കന്‍ കോടീശ്വരന്‍ റെയ് ഡലിയോ, തായ്‌ലാന്റ് മുന്‍ പ്രധാനമന്ത്രി തക്ഷിന്‍ ഷിനവത്ര എന്നിവരെ ബോര്‍ഡ് ഉപദേശക അംഗങ്ങളാക്കിയാണ് രണ്ടാമത്തെ ഫണ്ടായ ധനന്തരക്ക് തുടക്കമിട്ടിരിക്കുന്നത്.
രാജ്യത്ത് 20 ഊര്‍ജ പദ്ധതികള്‍ ഇന്തോനേഷ്യ നടപ്പാക്കാനിരിക്കുകയാണ്. ഇതിന് വേണ്ടി 4000 കോടി ഡോളറാണ് ആവശ്യം. വലിയ സ്വര്‍ണ-ചെമ്പ് ഖനികള്‍ കൂടിയുള്ള രാജ്യമാണ് ഇന്തോനേഷ്യ. ഇവിടെയുള്ള ഖനനം ശക്തിപ്പെടുത്താന്‍ ഫണ്ട് കണ്ടെത്തലും പ്രസിഡന്റിന്റെ വിദേശ പര്യടനത്തിന്റെ ലക്ഷ്യമാണ്. യുഎഇ, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നും വലിയ നിക്ഷേപ പ്രതീക്ഷയാണ് ഇന്തോനേഷ്യയ്ക്കുള്ളത്.












Click it and Unblock the Notifications