ഖത്തര്‍ താക്കീത് ചെയ്യുന്നു... അങ്ങനെ സംഭവിച്ചാല്‍ ഗള്‍ഫില്‍ വെള്ളം കിട്ടില്ല, മറ്റൊരു ആവശ്യവും
ദോഹ: ഇസ്രായേല്‍-ഇറാന്‍-യുഎസ് പ്രശ്‌നങ്ങളില്‍ നിലപാട് വ്യക്തമാക്കി ഖത്തര്‍. ഇറാനെതിരെ ഇസ്രായേല്‍ നടത്തുന്ന നീക്കങ്ങള്‍ സൂചിപ്പിച്ചുള്ള ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ത്താനിയുടെ പ്രതികരണം ചര്‍ച്ചയാകുകയാണ്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടിക്കാന്‍ വെള്ളമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇറാനുമായി ആണവ പദ്ധതി വിഷയത്തില്‍ ചര്‍ച്ച നടത്താമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഗാസ വിഷയത്തിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് ഒരു സംഘത്തെ ഖത്തറിലേക്ക് അയക്കുമെന്ന് ഇസ്രായേല്‍ അറിയിക്കുകയും ചെയ്തു. ഇസ്രായേലിന്റെ ആണവ കേന്ദ്രങ്ങളെല്ലാം ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണത്തില്‍ വരണം എന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. അറിയാം വിശദാംശങ്ങള്‍...

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ ഗള്‍ഫ് മേഖലയില്‍ കുടിക്കാന്‍ വെള്ളം കിട്ടില്ല എന്നാണ് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് പറഞ്ഞത്. വെള്ളമില്ലാത്ത പ്രദേശമായി ജിസിസി മാറും. കടല്‍ വെള്ളമെല്ലാം ആണവ വികിരണത്തോടെ കുടിക്കാന്‍ പറ്റാത്തതാകും. മേഖല മൊത്തം അതിന്റെ ഭവിഷത്ത് അനുഭവിക്കേണ്ടി വരുമെന്നും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.
വെള്ളം, മീന്‍ തുടങ്ങി ഒന്നുമുണ്ടാകില്ല. ജീവിതം തന്നെ ഇല്ലാതാകും... അമേരിക്കയിലെ വലതുപക്ഷ മാധ്യമപ്രവര്‍ത്തകനായ ടക്കര്‍ കാള്‍സണന് നല്‍കിയ അഭിമുഖത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി വ്യക്തമാക്കി. തെക്കന്‍ ഇറാനില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെയാണ് ഖത്തര്‍. കടല്‍ ജലം ശുദ്ധീകരിച്ചാണ് ഖത്തര്‍ കുടിവെള്ളമുണ്ടാക്കുന്നത്. മറ്റു ജിസിസി രാജ്യങ്ങളും പ്രധാനമായും ആശ്രയിക്കുന്നത് ഈ മാര്‍ഗം തന്നെയാണ്.
ഗള്‍ഫ് തീരത്തോട് ചേര്‍ന്ന ബുഷ്ഹറിലാണ് ഇറാന്റെ ആണവോര്‍ജ നിലയം. മറ്റൊരിടത്ത് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങളും ഇറാനുണ്ട്. ഇവ ആക്രമിക്കുമെന്നാണ് ഇസ്രായേല്‍ ഇടയ്ക്കിടെ ഭീഷണി മുഴക്കാറ്. ഇക്കാര്യം പരോക്ഷമായി സൂചിപ്പിച്ചാണ് ഖത്തര്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. സൈനിക മേഖലയില്‍ മാത്രമല്ല, സുരക്ഷാ ആശങ്കയും ഖത്തറിനുണ്ട് എന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
നയതന്ത്ര പരിഹാരമാണ് ഏത് വിഷയത്തിലും വേണ്ടത്. സൈനിക നടപടിയെ അംഗീകരിക്കില്ല. ചര്‍ച്ചയ്ക്ക് ഇറാന്‍ തയ്യാറാണെന്നും ശൈഖ് മുഹമ്മദ് വിശദീകരിച്ചു. ഇറാന്‍ ആണവായുധം ഉണ്ടാക്കുന്നു എന്നാണ് അമേരിക്കയും ഇസ്രായേലും യൂറോപ്പും ആരോപിക്കുന്നത്. ഇറാന്‍ ഇത് നിഷേധിക്കുകയും ചെയ്യുന്നു. ഇറാനും അമേരിക്കയും തമ്മില്‍ 2015ല്‍ ആണവ കരാര്‍ ഒപ്പുവച്ചിരുന്നെങ്കിലും 2018ല്‍ അമേരിക്ക കരാറില്‍ നിന്ന് പിന്മാറി.
ഇസ്രായേല്‍ ആണവ കേന്ദ്രങ്ങള്‍ യുഎന്‍ നിരീക്ഷിക്കണം
ഇസ്രായേലിന്റെ ആണവ കേന്ദ്രങ്ങള്‍ യുഎന്‍ ഏജന്‍സിയായ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ)യുടെ നിരീക്ഷണത്തില്‍ വരണം എന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. ആണവായുധ നിര്‍വ്യാപന കരാറില്‍ ഇസ്രായേല്‍ അംഗമാകണം എന്നും ഖത്തര്‍ ആവശ്യപ്പെട്ടു. യുഎന്നിലെ ഐഎഇഎ ആസ്ഥാനത്ത് നടന്ന ചര്‍ച്ചയിലാണ് ഖത്തര്‍ പ്രതിനിധി ജാസിം യാക്കൂബ് അല്‍ ഹമ്മദി നിലപാട് വ്യക്തമാക്കിയത്.
ഇസ്രായേലിന്റെ ആണവ കേന്ദ്രങ്ങള്‍ ഐഎഇഎയുടെ നിരീക്ഷണത്തില്‍ വരണം എന്ന് നേരത്തെ യുഎന്‍ ആവശ്യപ്പെട്ടിരുന്നു. ആണവ നിര്‍വ്യാപന കരാറില്‍ ഇസ്രായേല്‍ ഭാഗമാകണം എന്നും ആവശ്യപ്പെട്ടിരുന്നു. പശ്ചിമേഷ്യയില്‍ ഇസ്രായേല്‍ ഒഴികെയുള്ള രാജ്യങ്ങള്‍ ആണവ നിര്‍വ്യാപന കരാറില്‍ അംഗങ്ങളാണ്. ഇസ്രായേല്‍ ഗാസയിലും വെസ്റ്റ് ബാങ്കിലും അവരുടെ ക്രൂരത തുടരുകയാണെന്നും ഖത്തര്‍ പ്രതിനിധി ചൂണ്ടിക്കാട്ടി.
ഇസ്രായേല്‍ സംഘം ഖത്തറിലേക്ക്
ഗാസ വെടിനിര്‍ത്തല്‍ തുടര്‍ ചര്‍ച്ചയ്ക്ക് വേണ്ടി ഖത്തറിലേക്ക് പ്രതിനിധികളെ അയക്കുമെന്ന് ഇസ്രായേല്‍. ചര്‍ച്ചയ്ക്കുള്ള ക്ഷണം സ്വീകരിക്കുന്നുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. എന്നാല്‍ എപ്പോഴാണ് ചര്‍ച്ച എന്ന വിവരം വ്യക്തമാക്കിയിട്ടില്ല. ചര്‍ച്ച നടക്കുമെന്ന് ഹമാസ് നേതാക്കളും അറിയിച്ചു.
പകുതി ബന്ദികളെ വിട്ടയക്കണം എന്നാണ് ഇസ്രായേല്‍ മുന്നോട്ട് വയ്ക്കുന്ന പുതിയ ആവശ്യം. എന്നാല്‍ മാത്രമേ വെടിനിര്‍ത്തല്‍ നീട്ടൂ എന്നും ഇസ്രായേല്‍ പറയുന്നു. 24 ബന്ദികളും 35 ബന്ദികളുടെ മൃതദേഹങ്ങളും ഹമാസിന്റെ കൈവശമുണ്ട് എന്നാണ് വിവരം. ഗാസയിലേക്കുള്ള ചരക്കുകള്‍ ഇസ്രായേല്‍ തടഞ്ഞിരിക്കുകയാണ്. ഇത് ബന്ദികളുടെ മോചനത്തെ ബാധിക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


Click it and Unblock the Notifications