ഖത്തർ നിവാസികള്‍ക്ക് പ്രത്യേക സുരക്ഷ മുന്നറിയിപ്പ്: എത്രയും പെട്ടെന്ന് വാട്സാപ്പ് അപ്ഡേറ്റ് ചെയ്യണം
വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് പ്രത്യേക മുന്നറിയിപ്പുമായി ഖത്തറിലെ ദേശീയ സൈബർ സുരക്ഷാ ഏജൻസി. വാട്സാപ്പില്‍ കണ്ടെത്തിയ സുരക്ഷാ പ്രശ്നം കാരണമാണ് ഇത്തരമൊരു നടപടി. ലിങ്ക്ഡ് ഡിവൈസുകൾ തമ്മിലുള്ള സിങ്ക്രൊണൈസേഷൻ മെസേജുകളുടെ പ്രോസസിങ് മെക്കാനിസവുമായി ബന്ധപ്പെട്ടാണ് ഗുരുതരമായ സുരക്ഷ വീഴ്ച മെറ്റ കമ്പനി തന്നെ കണ്ടെത്തിയതെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ കണ്ടെത്തിയ പഴുതിലൂടെ സൈബർ ആക്രമണകാരികൾക്ക് ഒരു പ്രത്യേക സിങ്ക്രൊണൈസേഷൻ മെസേജ് അയച്ച് ഉപയോക്താവിന്റെ ഉപകരണത്തിലേക്ക് പ്രവേശിക്കാൻ സാധിച്ചേക്കാം. ഈ മെസെജിനൊപ്പം തന്നെ ഒരു അപകടകരമായ ലിങ്ക് ഉൾപ്പെടുത്താം, ഇത് ഉപകരണത്തിന്റെ സുരക്ഷയെ ബാധിക്കും. ആപ്പിൾ ഉപകരണങ്ങളിൽ മറ്റൊരു പ്രശ്നവുമായി ഇത് സംയോജിപ്പിക്കപ്പെട്ടാൽ, അപകടം കൂടുതൽ വർധിക്കുമെന്നും ഖത്തറിലെ ദേശീയ സൈബർ സുരക്ഷാ ഏജൻസി പറയുന്നു.

സുരക്ഷാ ഏജൻസിയുടെ നിർദേശം
പ്രത്യേക വ്യക്തികളെ ലക്ഷ്യമിട്ടുള്ള സങ്കീർണ്ണമായ സൈബർ ആക്രമണങ്ങൾക്ക് ഈ പിഴവ് വഴിയൊരുക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഗുരുതരമായ ഈ പ്രശ്നം കണ്ടെത്തി വാട്ട്സ്ആപ്പിന്റെ ഉടമസ്ഥരായ മെറ്റാ ഈ പ്രശ്നം പരിഹരിച്ചിട്ടുണ്ടെങ്കിലും, അപ്ഡേറ്റ് ചെയ്യാത്ത ഉപകരണങ്ങളില്‍ ഇപ്പോഴും അപകട ഭീഷണി നിലനില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് ഉപയോക്താക്കളോട് ആപ്പ് എത്രയും പെട്ടെന്ന് അപ്ഡേറ്റ് ചെയ്യാന്‍ നിർദേശം നല്‍കിയിരിക്കുന്നത്.
മെറ്റയുടെ പ്രതികരണം
ഒന്നിലധികം ഉപകരണങ്ങൾ തമ്മിൽ സന്ദേശങ്ങൾ ബന്ധിപ്പിക്കുന്ന സംവിധാനവുമായി ബന്ധപ്പെട്ടാണ് ഈ പ്രശ്നമെന്ന് മെറ്റയും വ്യക്തമാക്കുന്നുണ്ട്. മെറ്റാ ഇതിനുള്ള പരിഹാരം പുറത്തിറക്കിയിട്ടുണ്ട്, എന്നാൽ ഉപയോക്താക്കൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ അപകടം നിലനിൽക്കുമെന്ന് വിദഗ്ധർ പറയുന്നു.
വാട്ട്സ്ആപ്പിന്റെ സമീപകാല സുരക്ഷാ പ്രശ്നങ്ങളുടെ തുടർച്ചയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മുമ്പ്, ഡെസ്ക്ടോപ്പ് പതിപ്പിൽ സമാനമായ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അപ്ഡേറ്റ് നിർദേശങ്ങൾ പുറത്തുവന്നിരുന്നു. ഖത്തറിന്റെ സുരക്ഷാ ഏജൻസി പോലുള്ള സ്ഥാപനങ്ങൾ ഇത്തരം മുന്നറിയിപ്പുകൾ പതിവായി നൽകാറുണ്ട്. ഉപയോക്താക്കൾക്ക് ആപ്പ് സ്റ്റോറുകളിൽ നിന്ന് അപ്ഡേറ്റുകൾ പരിശോധിക്കാമെന്നും, സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും വിദഗ്ധർ ഉപദേശിക്കുന്നു.
പുതിയ ഫീച്ചർ
അതേസമയം, ഡിജിറ്റല്‍ തട്ടിപ്പുകളില്‍ നിന്നും സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ സുരക്ഷാ ഫീച്ചര്‍ വാട്സാപ്പ് അടുത്തിടെ പുറത്തിറക്കിയിരുന്നു. ' സേഫ്റ്റി ഓവര്‍വ്യൂ ഫീച്ചര്‍ ' ആണ് വാട്‌സ്ആപ്പിന്റേതായി പുറത്തുവന്നിരിക്കുന്ന പുതിയ ഫീച്ചര്‍. ഉപഭോക്താക്കള്‍ സംശയാസ്പദമായും പരിചിതമല്ലാത്തതുമായ ഗ്രൂപ്പുകളില്‍ അംഗമാകുന്നത് തടയാന്‍ ഈ ഫീച്ചറിലൂടെ സാധിക്കും. കോണ്‍ടാക്ട് ലിസ്റ്റില്‍ ഇല്ലാത്ത ഒരാള്‍ ഉപഭോക്താവിനെ ഒരു ഗ്രൂപ്പില്‍ ചേര്‍ക്കുന്ന സമയത്താണ് ഈ ഫീച്ചര്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്.












Click it and Unblock the Notifications