സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്‌സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും
ദുബായ്: ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കക്ക് വലിയ തിരിച്ചടിക്ക് വഴിയൊരുങ്ങുന്നു. സാമ്പത്തിക നഷ്ടം നേരിടുന്ന ഗള്‍ഫ് രാജ്യങ്ങള്‍ വിഷയം ചര്‍ച്ച ചെയ്തു എന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട്. ഗള്‍ഫിലെ മൂന്ന് പ്രധാന സാമ്പത്തിക ശക്തികളായ രാജ്യങ്ങളാണ് ചര്‍ച്ച നടത്തിയതത്രെ. ഇവര്‍ നേരത്തെ പ്രഖ്യാപിച്ച നിക്ഷേപങ്ങള്‍ മരവിപ്പിക്കാന്‍ സാധ്യതയുണ്ട്.
യുദ്ധം കാരണം ഗള്‍ഫിലെ വിമാന സര്‍വീസുകള്‍ താളംതെറ്റി. ടൂറിസം പാടേ തകര്‍ന്ന മട്ടാണ്. മറ്റു നിക്ഷേപങ്ങള്‍ ലഭിക്കുന്നില്ല. വന്‍കിട നിക്ഷേപകര്‍ ഗള്‍ഫ് മേഖല വിട്ടുപോകാന്‍ ആഗ്രഹിക്കുന്നു, പല കമ്പനികളും പ്രതിസന്ധി നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മൂന്ന് ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിസന്ധിയുടെ ആഴം ചര്‍ച്ച ചെയ്തതും കടത്ത നടപടി എടുക്കേണ്ടി വരുമെന്ന് സൂചിപ്പിച്ചതും.

ഗള്‍ഫിലെ ഒരു പ്രമുഖ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ വാര്‍ത്ത. വിദേശ രാജ്യങ്ങളിലും കമ്പനികളിലും കോടികളുടെ നിക്ഷേപം നടത്തിയിട്ടുണ്ട് ഗള്‍ഫ് രാജ്യങ്ങള്‍. ഗള്‍ഫിലെ സമ്പന്നര്‍ നിക്ഷേപിക്കാത്ത വന്‍കിട കമ്പനികളില്ല. ആപ്പിള്‍, ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങി എല്ലാ കമ്പനികളിലും ഗള്‍ഫിലെ രാജകുടുംബാംഗങ്ങള്‍ക്ക് നിക്ഷേപമുണ്ട്.
അടുത്ത കാലത്തായി കായിക രംഗത്ത് വലിയ നിക്ഷേപങ്ങളാണ് ഗള്‍ഫ് രാജ്യങ്ങള്‍ നടത്തിവരുന്നത്. കൂടാതെ ടൂറിസം രംഗത്തും കോടികളുടെ നിക്ഷേപമുണ്ട്. ഇതെല്ലാം പ്രതിസന്ധിയിലായ മട്ടാണിപ്പോള്‍. ഈ സാഹചര്യത്തിലാണ് ഗള്‍ഫ് രാജ്യങ്ങള്‍ വിദേശ നിക്ഷേപങ്ങളും വന്‍കിട പദ്ധതികള്‍ സംബന്ധിച്ചും ചര്‍ച്ച ചെയ്തത്. ഫോഴ്‌സ് മഷര്‍ വകുപ്പ് ഈ വേളയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഉപയോഗിച്ചേക്കും.
എന്താണ് ഫോഴ്‌സ് മഷര്‍
വിദേശ കമ്പനികളുമായോ രാജ്യങ്ങളുമായോ കരാര്‍ ഒപ്പുവയ്ക്കുന്ന വേളയില്‍ ഫോഴ്‌സ് മഷര്‍ എന്ന വകുപ്പും ചേര്‍ക്കാറുണ്ട്. പ്രകൃതി ദുരന്തം, കലാപം, യുദ്ധം പോലുള്ള അപ്രതീക്ഷിത പ്രതിസന്ധി കാരണം കരാര്‍ നടപ്പാക്കാന്‍ സാധിക്കാതെ വന്നാല്‍ പിഴ ഒഴിവാക്കുന്ന വകുപ്പാണിത്. ഒരുപക്ഷേ, കരാറില്‍ പിന്ന് പിന്തിരിയാനും നീട്ടി വയ്ക്കാനുമെല്ലാം ഈ വകുപ്പ് അനുമതി നല്‍കുന്നു.
ഗള്‍ഫ് രാജ്യങ്ങള്‍ ഈ വകുപ്പ് നടപ്പാക്കുകയാണെന്ന് പ്രഖ്യാപിച്ചാല്‍ ആദ്യം വെട്ടിലാകുക അമേരിക്ക ആയിരിക്കും. കാരണം, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കോടികളുടെ നിക്ഷേപമുള്ള രാജ്യമാണ് അമേരിക്ക. ഏറ്റവും ഒടുവില്‍ ഡൊണാള്‍ഡ് ട്രംപ് ഗള്‍ഫ് മേഖലയിലെത്തിയ വേളയില്‍ സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളില്‍ നിന്ന് 2 ലക്ഷം കോടി ഡോളറില്‍ അധികം തുകയുടെ കരാറുകളാണ് ഒപ്പുവച്ചിരുന്നത്.
നിലവില്‍ ഇറാന്‍ ഹോര്‍മുസ് പാത അടച്ചു. ഖത്തര്‍ വാതക ഉല്‍പ്പാദനം നിര്‍ത്തി, സൗദി അറേബ്യ ചില റിഫൈനറികളുടെ പ്രവര്‍ത്തനം മരവിപ്പിച്ചു, വിമാന യാത്ര പൂര്‍ണമായും താളംതെറ്റി. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മുന്നോട്ട് പോകുന്നു എന്ന് പറയാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ വരുമാനം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ കൂടിയാണ് പുതിയ നീക്കം ജിസിസി നേതാക്കള്‍ ചര്‍ച്ച ചെയ്യുന്നത്.












Click it and Unblock the Notifications