ഖത്തര്‍ ഓകെ പറഞ്ഞു; കുവൈത്തിന് ആശ്വാസം... ചൂടില്‍ നിന്നുള്ള രക്ഷ മാത്രമല്ല, പുതിയ കരാര്‍ വിവരങ്ങള്‍
ദോഹ: ആളോഹരി വരുമാനം കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറിന് ഇടംപിടിക്കാന്‍ സഹായിക്കുന്നത് രണ്ട് ഘടകങ്ങളാണ്. കുറഞ്ഞ ജനസംഖ്യയും ആവശ്യത്തിലേറെയുള്ള വരുമാനവും. ഈ ആസ്തി തന്നെയാണ് സൗദി അറേബ്യയും സഖ്യരാജ്യങ്ങളും ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ ഖത്തറിനെ രക്ഷിച്ചത്.
ജിസിസി രാജ്യങ്ങളുടെ പ്രധാന വരുമാന സ്രോതസ് ക്രൂഡ് ഓയില്‍ ആണ്. എന്നാല്‍ ഖത്തറിന് വരുമാനം കൂടുതല്‍ ലഭിക്കുന്നത് പ്രകൃതി വാതകത്തില്‍ നിന്നാണ്. ലോകത്ത് പ്രകൃതി വാതകം കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യമാണ് ഖത്തര്‍. റഷ്യയുമായി ഉടക്കിയ യൂറോപ്യന്‍ രാജ്യങ്ങളും വാതകം തേടിയെത്തിയത് ഖത്തറിലായിരുന്നു. ഖത്തറും കുവൈത്തും തമ്മില്‍ പുതിയ പ്രകൃതി വാതക കരാര്‍ ഒപ്പുവച്ചിരിക്കുകയാണ്. രസകരമായ വിവരങ്ങള്‍ ഇങ്ങനെ...

ഖത്തര്‍ എനര്‍ജിയും കുവൈത്ത് പെട്രോളിയം കോര്‍പറേഷനും തമ്മില്‍ ദീര്‍ഘകാല പ്രകൃതി വാതക കയറ്റുമതി കരാര്‍ ഒപ്പുവച്ചിരിക്കുകയാണ്. രണ്ടു രാജ്യങ്ങളും പ്രകൃതി വിഭവങ്ങളെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നതെങ്കിലും പ്രകൃതി വാതകം കൂടുതലുള്ളത് ഖത്തറിലാണ്. അതുകൊണ്ടുതന്നെ ഖത്തറില്‍ നിന്ന് വാതകം വന്‍തോതില്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് കുവൈത്ത്.
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം കയറ്റുമതി ചെയ്യുന്ന കമ്പനിയാണ് ഖത്തര്‍ എനര്‍ജി. അടുത്ത 15 വര്‍ഷത്തേക്ക് പ്രതിവര്‍ഷം 30 ലക്ഷം ടണ്‍ വാതകം നല്‍കുമെന്ന കരാറാണ് ഇപ്പോള്‍ ഒപ്പുവച്ചിരിക്കുന്നത്. വരുന്ന ജനുവരി മുതലാണ് കരാര്‍ പ്രാബല്യത്തില്‍ വരിക. സമാനമായ കരാര്‍ ഖത്തറും കുവൈത്തും 2020ല്‍ ഒപ്പുവച്ചിരുന്നു. ആ ഇടപാട് തുടരവെയാണ് പുതിയ കരാര്‍ എന്ന് കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍ സിഇഒ ശൈഖ് നവാഫ് അല്‍ സബാഹ് പറഞ്ഞു.
കുവൈത്തിലെ അല്‍സൗര്‍ തുറമുഖത്തേക്കാണ് ഖത്തറില്‍ നിന്ന് പ്രകൃതി വാതകം എത്തുക. ഖത്തര്‍ എനര്‍ജിയുടെ നിലവിലെ ഖനികളില്‍ നിന്നും പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്ന ഖനികളില്‍ നിന്നുമുള്ള വാതകമാണ് കുവൈത്തിന് നല്‍കുക. അടുത്ത പത്ത് വര്‍ഷത്തിനകം പ്രകൃതി വാതക പാടങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാന്‍ ഖത്തര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ലോകത്തെ വാതക കയറ്റുമതി രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍ എത്തും.
ഖത്തറിലെ നോര്‍ത്ത് ഫീല്‍ഡിലാണ് ദ്രവ്യ പ്രകൃതി വാതകം (എല്‍എന്‍ജി) വന്‍തോതില്‍ ഖനനം ചെയ്യുന്നത്. കൂടുതല്‍ മേഖലകളിലേക്ക് ഖനനം വ്യാപിപ്പിക്കാന്‍ ഖത്തര്‍ തീരുമാനിച്ചിട്ടുണ്ട്. അതോടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് ഖത്തറിന്. കയറ്റുമതി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസം ഖത്തര്‍ എനര്‍ജി സിഇഒ സഅദുല്‍ കഅബി പങ്കുവച്ചു.
വേനലില്‍ വൈദ്യുതി ഉപയോഗം വര്‍ധിക്കുന്നതാണ് പ്രകൃതി വാതക ഇറക്കുമതിക്ക് കുവൈത്തിനെ പ്രേരിപ്പിക്കുന്നത്. വൈദ്യുതി ഉല്‍പ്പാദനം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് വാതകം വാങ്ങുന്നത്. കുവൈത്ത് മാത്രമല്ല, യുഎഇ ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളും വൈദ്യുതി ഉല്‍പ്പാദനത്തിന് വേണ്ടിയുള്ള വാതക ഇറക്കുമതിക്ക് ഖത്തറിനെ ആണ് ആശ്രയിക്കുന്നത്. അമേരിക്ക സ്വന്തമാക്കിയ വാതക കയറ്റുമതിയിലെ ഒന്നാം സ്ഥാനം ഖത്തര്‍ വൈകാതെ തിരിച്ചുപിടിക്കുമെന്നാണ് കരുതുന്നത്. 2030 ആകുമ്പോഴേക്കും 85 ശതമാനം കയറ്റുമതി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തറിന്റെ നീക്കങ്ങള്‍.












Click it and Unblock the Notifications