ഇന്ത്യ അടക്കം ആഗ്രഹിച്ചത്, ഒടുവില്‍ ഖത്തർ നടപ്പിലാക്കുന്നു: സോഷ്യല്‍ മീഡിയയിലെ ആ കളി ഇനി നടക്കില്ല
ദോഹ:സോഷ്യല്‍ മീഡിയയിലെ ഗുണങ്ങളും മേന്മകളും എണ്ണിയാല്‍ ഒടുങ്ങാത്തതാണ്. മറുവശത്ത് അത്രയും തന്നെ ദോഷങ്ങളും നവസാങ്കേതിക പാറ്റ്ഫോമിനുണ്ട്. അതായത് സോഷ്യല്‍ മീഡിയകൊണ്ട് ജീവിതം കെട്ടിപടുത്തവരും തകർന്നവരും നിരവധിയാണ്. ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം ഉണ്ടെങ്കില്‍ ആർക്കും ആർക്കെതിരേയും എന്ത് പറയാവുന്ന സ്ഥിതിയുമുണ്ട്.
സമൂഹ മാധ്യമങ്ങളുടെ അധാർമികവും നിരുത്തരവാദപരവുമായ ഉപയോഗം മറ്റുള്ളവരുടെ സ്വാതന്ത്രിനും പൊതുസുരക്ഷയ്ക്കും വെല്ലുവിളിയാകുന്ന സാഹചര്യത്തില്‍ സർക്കാർ തന്നെ ഇതിന് നിയന്ത്രണം രേഖപ്പെടുത്തണമെന്ന ആവശ്യം ഇന്ത്യയില്‍ അടക്കം പല രാജ്യത്തും ഉയർന്ന് വന്നിട്ടുണ്ട്. ഇപ്പോഴിതാ ഖത്തറില്‍ സോഷ്യല്‍ മീഡിയക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള പുതിയ ചട്ടക്കൂടുകള്‍ ഒരുങ്ങുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ പുതിയ നിയമ നിർമാണം നടത്തണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന ഖത്തർ ശൂറ കൗൺസിൽ ആവശ്യപ്പെട്ടു. സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമിയുടെ അധ്യക്ഷതയിൽ ചേർന്ന ശൂറ കൗൺസിൽ യോഗമാണ് ഇത് സംബന്ധിച്ച ശുപാർശ മന്ത്രിസഭയ്ക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. തമീം ബിൻ ഹമദ് ഹാളിൽ നടന്ന യോഗത്തില്‍ ഷൂറ കൗൺസിൽ സെക്രട്ടറി ജനറൽ എച്ച്ഇ നായിഫ് ബിൻ മുഹമ്മദ് അൽ മഹ്മൂദ് ഡിജിറ്റല്‍ കണ്ടന്റുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന അജണ്ട അവതരിപ്പിച്ചു.
ഖത്തർ ഭരണഘടന എല്ലാ ജനങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്രവും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പ് വരുത്തുന്നുണ്ട്. എന്നാല്‍ രാജ്യത്ത് നിലനിൽക്കുന്ന വ്യവസ്ഥകളും പൊതു രീതികളും ധാർമികതയും എല്ലാവരും പാലിക്കേണ്ടതും അത്യാവശ്യമാണ്. ദേശീയ പാരമ്പര്യങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടുകയും പാലിക്കപ്പെടുകയും വേണം. എന്നാല്‍ പല സമൂഹ മാധ്യമ ഉള്ളടക്കങ്ങളും ഇതിന് വിപരീതമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമി വ്യക്തമാക്കി.
പാശ്ചാത്യ സംസ്‌കാരങ്ങൾ പ്രചരിപ്പിക്കുന്നതും അനിയന്ത്രിതമായ പരസ്യങ്ങൾ തടയാനും വെറുപ്പ് പ്രചരിപ്പിക്കുന്നത് തടയാനും ഇതുവഴി സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. അനിയന്ത്രിതമായ ഡിജിറ്റൽ, സോഷ്യൽ മീഡിയ ഉപയോഗത്തിൻ്റെ അപകടങ്ങളേക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അവബോധവും പൊതുജനാഭിപ്രായവും രൂപപ്പെടുത്തുന്നതിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ വർദ്ധിച്ചുവരുന്ന സ്വാധീനവും സമൂഹത്തെ സുസ്ഥിരമായി നിലനിർത്താനും അതിൻ്റെ മൂല്യങ്ങളെയും ധാർമ്മികതയെയും മാനിക്കാനും ഡിജിറ്റൽ മീഡിയ ഉള്ളടക്കത്തില്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമി പറഞ്ഞു.












Click it and Unblock the Notifications