'ഖത്തര്‍ ജനതയുടെ പണമാണ് അത്, വിട്ടു തരില്ല'... യൂറോപ്പ് ഇരുട്ടില്‍ തപ്പേണ്ടി വരും, കടുപ്പിച്ച് ഗള്‍ഫ് രാജ്യം
ദോഹ: 2021 പൂര്‍ത്തിയാകും വരെ യൂറോപ്പിലെ എല്ലാ രാജ്യങ്ങളും പ്രകൃതി വാതകത്തിന് വേണ്ടി പ്രധാനമായും ആശ്രയിച്ചിരുന്നത് റഷ്യയെ ആയിരുന്നു. യുക്രൈനെതിരെ റഷ്യ ആക്രമണം തുടങ്ങിയതോടെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. റഷ്യയ്‌ക്കെതിരായ ഉപരോധത്തിന് യൂറോപ്യന്‍ രാജ്യങ്ങളും നിര്‍ബന്ധിതരായി. ഇതോടെ റഷ്യയില്‍ നിന്നുള്ള വാതകം ഇറക്കാന്‍ പറ്റാതായി യൂറോപ്പിന്.
ലോകത്തെ പ്രധാന പ്രകൃതി വാതക കയറ്റുമതി രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. അമേരിക്കയും റഷ്യയുമൊക്കെ ഈ പട്ടികയിലുണ്ടെങ്കിലും ഖത്തറിന്റെ പ്രകൃതി വാതക ശേഖരം ഏവരെയും ഞെട്ടിപ്പിക്കുന്നതാണ്. ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഖത്തറിലെ പ്രദേശം ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക പാടങ്ങളിലൊന്നാണ്. എന്നാല്‍ റഷ്യയെ ഒഴിവാക്കി ഖത്തറിനെ ആശ്രയിച്ച യൂറോപ്പിന് ഇപ്പോള്‍ ശക്തമായ താക്കീത് നല്‍കിയിരിക്കുകയാണ് ഖത്തര്‍...

യൂറോപ്പിന് വാതകം നല്‍കണമെന്ന് അമേരിക്ക ഖത്തറിനോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ പല രാജ്യങ്ങളുമായും ദീര്‍ഘകാല വ്യാപാര കരാര്‍ ഒപ്പുവച്ചതിനാല്‍ വലിയ തോതില്‍ വിതരണം ചെയ്യാന്‍ കഴിയില്ലെങ്കിലും സാധ്യമായ അളവില്‍ നല്‍കാമെന്ന് ഖത്തര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ അടുത്തിടെ യൂറോപ്പില്‍ കൊണ്ടുവന്ന പുതിയ നിയമം ആണ് ഖത്തറിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.
നിയമത്തിന്റെ മറപിടിച്ച് ഖത്തറിനെതിരെ വന്‍തുക പിഴ ചുമത്തിയാല്‍ യൂറോപ്പിലേക്കുള്ള പ്രകൃതി വാതകം കയറ്റുമതി നിര്‍ത്തേണ്ടി വരുമെന്നാണ് ഖത്തര്‍ ഊര്‍ജ മന്ത്രി സഅദ് അല്‍ കഅബി ഫിനാന്‍ഷ്യല്‍ ടൈംസിനോട് വ്യക്തമാക്കിയത്. ഖത്തര്‍ കടുത്ത തീരുമാനം എടുത്താല്‍ യൂറോപ്പില്‍ വിളക്ക് കത്തുന്നത് പോലും പ്രതിസന്ധിയിലാകും. കാരണം വൈദ്യുതി ഉല്‍പ്പാദനത്തിന് യൂറോപ്പ് പ്രധാനമായും ആശ്രയിക്കുന്നത് വാതകത്തെയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കോര്‍പറേറ്റ് സസ്റ്റൈനബിലിറ്റി ഡ്യു ഡിലിജന്‍സ് ഡയറക്ടീവ് എന്ന പുതിയ നിയമം യൂറോപ്യന്‍ രാജ്യങ്ങള്‍ അടുത്തിടെ അംഗീകരിച്ചിരുന്നു. യൂറോപ്പിലേക്ക് ചരക്കുകള്‍ അയക്കുന്ന കമ്പനികള്‍ നിബന്ധിത തൊഴില്‍, പരിസ്ഥിതി നാശം എന്നിവയില്‍ ഏര്‍പ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് പുതിയ നിയമം അനുശാസിക്കുന്നു. ഇത്തരം കമ്പനികള്‍ക്കെതിരെ നടപടി എടുക്കണമെന്നും അവരുടെ വരുമാനത്തിന്റെ അഞ്ച് ശതമാനം പിഴ ചുമത്തണമെന്നും ആവശ്യപ്പെടുന്നു.
യൂറോപ്പിലേക്ക് വാതകം അയക്കുന്നത് വഴി അഞ്ച് ശതമാനം നഷ്ടം വരികയാണെങ്കില്‍ യൂറോപ്പിലേക്ക് ചരക്ക് അയക്കില്ല എന്നാണ് ഖത്തറിന്റെ മന്ത്രി പറഞ്ഞത്. ഖത്തര്‍ എനര്‍ജിയുടെ അഞ്ച് ശതമാനം പണം എന്നത് ഖത്തര്‍ എന്ന രാജ്യത്തിന്റെ വരുമാനത്തിന്റെ ഭാഗമാണത്. അതായത്, ഖത്തറിലെ ജനങ്ങളുടെ പണമാണ്. അത്തരത്തില്‍ പണം നഷ്ടപ്പെടുത്താന്‍ സാധിക്കില്ലെന്നും സഅദ് അല്‍ കഅബി വ്യക്തമാക്കി.
ഖത്തര്‍ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ഊര്‍ജ കമ്പനിയാണ് ഖത്തര്‍ എനര്‍ജി. ഇതിന്റെ സിഇഒ കൂടിയാണ് സഅദ് അല്‍ കഅബി. പുതിയ നിയമം യൂറോപ്പ് പുനഃപ്പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പ്രകൃതി വാതക ഉല്‍പ്പാദനം കൂട്ടാന്‍ ഖത്തര്‍ ആലോചിക്കുന്നുണ്ട്. നിലവില്‍ പ്രതിവര്‍ഷം 77 ദശലക്ഷം ടണ്‍ വാതകമാണ് ഖത്തര്‍ ദ്രവീകരിക്കുന്നത്. 2027 ആകുമ്പോള്‍ 142 മില്യണ്‍ ടണ്‍ ആക്കണമെന്നാണ് ഖത്തറിന്റെ ലക്ഷ്യം.












Click it and Unblock the Notifications