ഖത്തറില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരില്‍ മലയാളിയും!! ആ എട്ട് പേര്‍ ഇവര്‍, എന്താണ് കേസ്?
ദോഹ: എട്ട് ഇന്ത്യന്‍ മുന്‍ നാവിക സേനാംഗങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് ഖത്തറിലെ കോടതി വധശിക്ഷ വിധിച്ചത്. നാവിക സേനയില്‍ നിന്ന് വിരമിച്ച ശേഷം സ്വകാര്യ കമ്പനിക്ക് വേണ്ടി ജോലി ചെയ്തിരുന്നവരാണ് കേസില്‍ പെട്ടതും ശിക്ഷിക്കപ്പെട്ടിരിക്കുന്നതും. ഖത്തര്‍ കോടതിയുടെ നടപടിയെ ഞെട്ടിപ്പിക്കുന്ന വിധി എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. കേസില്‍ എല്ലാ നിയമപരമായ വഴികളും പരിശോധിക്കുമെന്ന് ഇന്ത്യ പറഞ്ഞിട്ടുണ്ട്.
വധശിക്ഷക്ക് വിധിക്കപ്പെട്ടവരില്‍ ഒരു മലയാളിയും ഉണ്ട് എന്നതാണ് ശ്രദ്ധേയം. തിരുവനന്തപുരം സ്വദേശിയാണ് ഇയാള്‍ എന്നാണ് റിപ്പോര്‍ട്ട്. ചാരവൃത്തി ആരോപിച്ച് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് എട്ട് പേരും അറസ്റ്റിലായത്. പിന്നീട് ഇവര്‍ ഏകാന്ത തടവിലായിരുന്നു. കോടതി വിധിയോട് പ്രതികരിച്ച ഇന്ത്യ, ഈ കേസിന് ഉയര്‍ന്ന പ്രാധാന്യം നല്‍കുന്നുണ്ടെന്നും നിയമപരമായ എല്ലാ സാധ്യതകളും പരിശോധിക്കുന്നു എന്നുമാണ് അറിയിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ എന്താണ് കേസ് എന്നും ആരൊക്കെയാണ് ശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാര്‍ എന്ന് നോക്കാം. കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, രാഗേഷ് ഗോപകുമാര്‍ എന്നിവരാണ് 2022 ഓഗസ്റ്റില്‍ അറസ്റ്റിലായ ഇന്ത്യന്‍ നാവികസേനയിലെ മുന്‍ ഉദ്യോഗസ്ഥര്‍
ഇതില്‍ രാഗേഷ് ഗോപകുമാറാണ് മലയാളി. ഇയാള്‍ തിരുവനന്തപുരം സ്വദേശിയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവരെല്ലാം ഇന്ത്യന്‍ നാവികസേനയില്‍ 20 വര്‍ഷം വരെ സേവനമനുഷ്ഠിച്ചവരാണ്. മാത്രമല്ല സേനയിലെ ഇന്‍സ്ട്രക്ടര്‍മാരുടേതുള്‍പ്പെടെ സുപ്രധാന പദവികളും വഹിച്ചവരാണ് ഇവര്‍.
2019-ല്‍ കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരിക്ക് വിദേശ ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാന്‍ ലഭിച്ചിരുന്നു. വിദേശത്ത് ഇന്ത്യയുടെ പ്രതിച്ഛായ വര്‍ധിപ്പിച്ചതിനാണ് തിവാരിക്ക് അവാര്‍ഡ് നല്‍കിയതെന്ന് ദോഹയിലെ ഇന്ത്യന്‍ എംബസി അന്നത്തെ ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
ഖത്തറില്‍ എന്തായിരുന്നു ഇവരുടെ ജോലി?
എട്ട് പേരും ഖത്തറിന്റെ സായുധ സേനയ്ക്ക് പരിശീലനവും മറ്റ് സേവനങ്ങളും നല്‍കുന്ന ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് എന്ന സ്വകാര്യ സ്ഥാപനത്തിലും കണ്‍സള്‍ട്ടന്‍സി സര്‍വീസസിലും ജോലി ചെയ്ത് വരികയായിരുന്നു. റോയല്‍ ഒമാന്‍ എയര്‍ഫോഴ്സില്‍ നിന്ന് വിരമിച്ച സ്‌ക്വാഡ്രണ്‍ ലീഡറായ ഖമീസ് അല്‍ അജ്മിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനി. കഴിഞ്ഞ വര്‍ഷം ഇവര്‍ക്കൊപ്പം അജ്മിയും അറസ്റ്റിലായെങ്കിലും 2022 നവംബറില്‍ മോചിതനായി.
വധശിക്ഷ വിധിച്ച എട്ട് പേരില്‍ ചിലര്‍ വളരെ സെന്‍സിറ്റീവ് ആയുള്ള ഇറ്റാലിയന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള മിഡ്ജെറ്റ് അന്തര്‍വാഹിനികള്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു എന്നാണ് വൃത്തങ്ങള്‍ പറയുന്നത്. മെയ് മാസത്തില്‍ അല്‍ ദഹ്റ ഗ്ലോബല്‍ ദോഹയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും അവിടെ ജോലി ചെയ്യുന്നവരെല്ലാം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.
2022 ഓഗസ്റ്റ് 30-നാണ് എട്ട് പേരെയും ഖത്തറിന്റെ രഹസ്യാന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. എന്നാല്‍ ഖത്തറി അധികൃതരോ ന്യൂദല്‍ഹിയോ ഇവര്‍ക്കെതിരായ കുറ്റങ്ങള്‍ ഇതുവരെ പരസ്യമാക്കിയിട്ടില്ല. എന്നാല്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചാരപ്രവര്‍ത്തനത്തിനാണ് എട്ടുപേരും അറസ്റ്റിലായത് എന്നാണ് വിവരം. മാര്‍ച്ച് 25 ന് ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.
ഇവരുടെ ജാമ്യാപേക്ഷ പലതവണ തള്ളിയിരുന്നു. ഒടുവില്‍ ഖത്തറിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് എട്ട് പേര്‍ക്കും വധശിക്ഷ വിധിച്ചത്. കേസില്‍ വിശദമായ വിധിന്യായത്തിനായി കാത്തിരിക്കുകയാണെന്നും നിയമപരമായ എല്ലാ സാധ്യതകളും പരിശോധിച്ച് വരികയാണെന്നുമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ഇന്ത്യക്കാര്‍ക്ക് എല്ലാ കോണ്‍സുലാര്‍, നിയമ സഹായങ്ങളും നല്‍കുന്നത് തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
അതിനിടെ മുന്‍ ഇന്ത്യന്‍ നാവികസേനാംഗങ്ങളുടെ കുടുംബങ്ങള്‍ ഖത്തര്‍ അമീറിന് ദയാഹര്‍ജി നല്‍കിയെന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണമൊന്നുമില്ല. അതേസമയം പ്രതികളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടുവരികയാണെന്നും നിയമ വിദഗ്ധരുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications