റിലയന്‍സിനെ തൊട്ട് ഖത്തര്‍; 8200 കോടിയില്‍ ചര്‍ച്ച... കൈയ്യിലെത്തുക ഇത്രമാത്രം
ദോഹ: ലോകത്തെ അതിസമ്പന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. ലോകത്തെ പ്രധാന കമ്പനികളിലെല്ലാം ഖത്തര്‍ ഇടപാട് നടത്തുന്നത് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി എന്ന സ്ഥാപനം വഴിയാണ്. ഏറ്റവും പുതിയ വാര്‍ത്ത ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി റിലയന്‍സിന്റെ ഓഹരി വാങ്ങുന്നു എന്നാണ്. ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു.
ഇന്ത്യന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ ചില്ലറ വില്‍പ്പന രംഗത്തെ ബൃഹദ് ശൃംഖലയ്ക്ക് നേതൃത്വം നല്‍കുന്ന റിലയന്‍സ് റീട്ടേല്‍സ് വെന്‍ച്വറിന്റെ ഓഹരി വാങ്ങാനാണ് ഖത്തര്‍ ശ്രമിക്കുന്നത്. 100 കോടി ഡോളര്‍ മുടക്കാനാണ് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ആലോചന. അതായത് 8200 ഓളം കോടി രൂപ.

10000 കോടി ഡോളര്‍ മൂല്യമുള്ള വ്യാപാര ശൃംഖലയാണ് റിലയന്‍സ് റിട്ടേല്‍സ് വെന്‍ച്വര്‍. ഇതിന്റെ ഒരു ശതമാനം ഓഹരി മാത്രമാണ് ഖത്തര്‍ വാങ്ങാന്‍ ആലോചിക്കുന്നത്. കൂടുതല്‍ ഓഹരികള്‍ വാങ്ങുന്നത് സംബന്ധിച്ച് പിന്നീടുള്ള ലാഭം പരിശോധിച്ച് തീരുമാനിക്കും. പുതിയ വാര്‍ത്ത റിലയന്‍സിന്റെ ഓഹരി മൂല്യം കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ്.
ഖത്തര്‍ റിലയന്‍സുമായി ധാരണയാകുന്നത് ഇരു വിഭാഗത്തിനും നേട്ടമാകും. ഈ വാര്‍ത്തയ്ക്ക് പിന്നാലെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിയില്‍ 2.1 ശതമാനം ഉയര്‍ച്ചയുണ്ടായി. ഒരാഴ്ച്ചയ്ക്കിടെ ഇത്രയും മൂല്യം വര്‍ധിക്കുന്നത് ആദ്യമാണ്. റിലയന്‍സ് റിട്ടേല്‍സിന്റെ ഐപിഒ സംബന്ധിച്ച് അടുത്തിടെ റോയിട്ടേഴ്‌സ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. തൊട്ടുപിന്നാലെയാണ് വാങ്ങാന്‍ ഖത്തര്‍ എത്തുമെന്ന വാര്‍ത്ത.
മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയാണ് റിലയന്‍സ് റിട്ടേല്‍സിന്റെ മേധാവി. നിരവധി അന്താരാഷ്ട്ര ബ്രാന്‍ഡുകളുമായി സഹകരിച്ചാണ് റിലയന്‍സ് റിട്ടേല്‍സിന്റെ പ്രയാണം. അതേസമയം, റിയലന്‍സുമായി ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഇതുവരെ അന്തിമ കരാറിലെത്തിയിട്ടില്ല. ഒരു പക്ഷേ കരാറില്‍ മാറ്റത്തിന് സധ്യതയുണ്ടെന്നും പറയപ്പെടുന്നു.
ചര്‍ച്ചകള്‍ നടക്കുന്ന കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഫിനാന്‍ഷ്യല്‍ ടൈംസ് ആണ്. ഇതിന്റെ വിശദീകരണം അറിയാന്‍ റോയിട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള മാധ്യമസ്ഥാപനങ്ങള്‍ ശ്രമിച്ചുവരികയാണ്. പക്ഷേ, ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയോ റിലയന്‍സ് റിട്ടേല്‍സ് വെന്‍ച്വറോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. 2020ലാണ് ഇതിന് മുമ്പ് റിയലന്‍സ് റിട്ടേല്‍സ് വെന്‍ച്വര്‍ വന്‍തോതില്‍ ഓഹരി വിറ്റത്.
അമേരിക്കന്‍ സ്വകാര്യ ഓഹരി കമ്പനികളായ കെകെആര്‍, ജനറല്‍ അറ്റ്‌ലാന്റിക്, സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, യുഎഇയുടെ മുബാദല തുടങ്ങിയ കമ്പനികളാണ് റിലയന്‍സിന്റെ ഓഹരി 2020ല്‍ വാങ്ങിയത്. അതുവഴി റിലയന്‍സിന് 472.65 ബില്യണ്‍ കോടി രൂപ ലഭിച്ചിരുന്നു. ഈ ഗണത്തിലേക്കാണ് ഖത്തര്‍ കൂടി വരുന്നത്. ഇത് റിലയന്‍സിന് വലിയ നേട്ടമാകുമെന്നതില്‍ തര്‍ക്കമില്ല.












Click it and Unblock the Notifications