Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് പാലിന് വേണ്ടി പശുക്കളെ ഇറക്കുമതി ചെയ്തു; ഇന്ന് ഉപ്പ് ഫാക്ടറി, ഖത്തര്‍ വേറെ ലെവലാണ്

ദോഹ: ജിസിസി രാജ്യങ്ങളില്‍ മാത്രമല്ല, പശ്ചിമേഷ്യയില്‍ തന്നെ വേറിട്ട പാതയില്‍ സഞ്ചരിക്കുന്ന രാജ്യമാണ് ഖത്തര്‍. എത്ര എടുത്താലും തീരാത്ത പ്രകൃതി വാതകം കൈവശമുള്ള ഖത്തര്‍ ലോകത്തെ പ്രധാന സമ്പന്ന രാജ്യങ്ങളിലൊന്നാണ്. റഷ്യയെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും വേണം ഖത്തറിന്റെ പ്രകൃതി വാതകം. ഇപ്പോഴിതാ ഖത്തര്‍ മറ്റൊരു സംരംഭത്തിന് തുടക്കമിടുകയാണ്.

ഓരോ വര്‍ഷവും ഖത്തര്‍ ഇറക്കുമതി ചെയ്യുന്ന ഉപ്പിന്റെ അളവ് എട്ടര ലക്ഷം ടണ്‍ ആണ്. മൂന്നു ഭാഗവും കടല്‍ ജലമുള്ള ഖത്തര്‍ എന്തിന് ഉപ്പ് ഇറക്കുമതി ചെയ്യണം എന്ന ചോദ്യം സ്വാഭാവികം. ഇതിന് ഇപ്പോള്‍ ഉത്തരമായിരിക്കുകയാണ്. സ്വന്തമായി ഉപ്പ് നിര്‍മാണ ഫാക്ടറി നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് ഖത്തര്‍. പാല്‍ കിട്ടാതെ വന്നതോടെ യൂറോപ്പില്‍ നിന്ന് പശുക്കളെ കൂട്ടത്തോടെ ഇറക്കുമതി ചെയ്ത ചരിത്രവും ഖത്തറിനുണ്ട്....

qatar

2017ലാണ് ഖത്തറിനെതിരെ സൗദി സഖ്യ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. ഇറാനുമായി അടുക്കുന്നു, തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നു, അല്‍ ജസീറയുടെ പ്രവര്‍ത്തനം അതിരുകടക്കുന്നു തുടങ്ങി പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഉപരോധം. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ ജിസിസി രാജ്യങ്ങള്‍ക്ക് പുറമെ ഈജിപ്തും ഉപരോധം പ്രഖ്യാപിച്ചവരിലുണ്ടായിരുന്നു.

ആവശ്യമുള്ള എല്ലാ വസ്തുക്കളും ഇറക്കുമതി ചെയ്യുകയായിരുന്നു ഖത്തറിന്റെ അതുവരെയുള്ള പതിവ്. യുഎഇയില്‍ നിന്നും സൗദിയില്‍ നിന്നുമാണ് എല്ലാ ചരക്കുകളും എത്തിയിരുന്നത്. ഉപരോധം പ്രഖ്യാപിച്ചതോടെ സര്‍വതും നിലച്ചു. പാല്‍ പോലും കിട്ടാതായി. ഉടനടി പരിഹാരം കാണണമെന്ന നിര്‍ബന്ധത്തിലായിരുന്നു അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി.

അങ്ങനെയാണ് യൂറോപ്പില്‍ നിന്ന് യഥേഷ്ടം പാല്‍ തരുന്ന മുന്തിയ ഇനം പശുക്കളെ ഇറക്കുമതി ചെയ്തത്. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ സൗദി സഖ്യം ഉപരോധം അവസാനിപ്പിച്ചു. അവര്‍ മുന്നോട്ടു വച്ച ഉപാധികളൊന്നും ഖത്തര്‍ അംഗീകരിച്ചിരുന്നില്ല. എന്നിട്ടും ഉപരോധം പിന്‍വലിക്കാന്‍ കാരണം ഖത്തറിന്റെ അതിശയകരമായ വളര്‍ച്ചയായിരുന്നു എന്ന് നിരീക്ഷിക്കുന്നവരുണ്ട്. യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള രാജ്യങ്ങളുമായി വ്യാപാരം ശക്തിപ്പെടുത്തി ഖത്തര്‍.

ഖത്തര്‍ ഉപ്പ് നിര്‍മാണ ഫാക്ടറി നിര്‍മിക്കാന്‍ പോകുന്നു എന്നതാണ് പുതിയ വാര്‍ത്ത. 29 കോടി ഡോളര്‍ ചെലവിട്ടുള്ള ഫാക്ടറി ക്യുഐഎംസി, എംപിഎച്ച്‌സി എന്നീ കമ്പനികളുടെ സംയുക്ത സംരംഭമാണ്. പ്രതിവര്‍ഷം 10 ലക്ഷം ടണ്‍ ഉപ്പ് നിര്‍മിക്കാന്‍ പര്യാപ്തമായ ഫാക്ടറിയാണ് ലക്ഷ്യം. ഖത്തറിലെ ആവശ്യം കഴിഞ്ഞ് മിച്ചം വരുന്ന ഉപ്പ് മറ്റു ജിസിസി രാജ്യങ്ങളിലേക്കും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാനാണ് ആലോചന.

1990ല്‍ 80 ശതമാനം സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ മാനുഫാക്ചറിങ് കമ്പനി (ക്യുഐഎംസി) രൂപീകരിച്ചത്. ഇന്ന് വിവിധ മേഖലകളില്‍ ഖത്തറിന്റെ കരുത്താണ് ഈ കമ്പനി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഖത്തര്‍ എനര്‍ജിയാണ് എംപിഎച്ച്‌സി രൂപീകരിച്ചത്. ഉപരോധം ഖത്തറിനെ മാറ്റിമറിച്ചു എന്ന് പറയുന്നതാകും ശരി. ഇന്ന് ലോകത്തെ പ്രധാന വാതക കയറ്റുമതി രാജ്യമാണ് ഖത്തര്‍. ആഗോള തലത്തിലുള്ള മിക്ക പ്രശ്‌നങ്ങളും പരഹിഹരിക്കാന്‍ മധ്യസ്ഥത വഹിക്കുന്നതും ഖത്തറാണ്. ലോകോത്തര വിമാന കമ്പനികളിലൊന്നായ ഖത്തര്‍ എയര്‍വേയ്‌സും ഖത്തര്‍ ഭരണകൂടത്തിന്റെതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+