ഇന്ത്യക്ക് വന്‍ ഓഫർ നല്‍കാന്‍ ഖത്തർ: മികച്ച ലാഭം, പുതിയ എല്‍എന്‍ജി കരാർ ഉടന്‍ വരും
ദുബായ്: ഊർജ്ജ രംഗത്ത് ഇന്ത്യയുമായി പുതിയ കരാറിലേർപ്പെടാന്‍ ഖത്തർ. നിലവിലുള്ള കരാറുകളേക്കാൾ വിലകുറഞ്ഞതും കൂടുതൽ അയഞ്ഞ വ്യവസ്ഥകളിൽ ഇന്ത്യൻ കമ്പനികള്‍ക്ക് ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) ലഭ്യമാക്കുന്നതിനുള്ള ദീർഘകാല കരാറിൽ ഖത്തർ എനർജി ഒപ്പുവെച്ചേക്കുമെന്നാണ് അന്താരാഷ്ട്ര വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
അടുത്ത ആഴ്ചയോടെ കരാർ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും വ്യാപാര വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ പറയുന്നു. ഇന്ത്യൻ കമ്പനികളും ഖത്തർ എനർജിയും പുതിയ വ്യവസ്ഥകളിൽ സമ്മതം അറിയിച്ചിട്ടുണ്ട്. ഈ മാസം അവസാനമോ ഫെബ്രുവരി ആദ്യമോ കരാർ ഒപ്പിടാൻ കഴിയുമെന്നും ഒരു സ്രോതസ്സ് വ്യക്തമാക്കി. ഡെസ്റ്റിനേഷൻ-ഫ്ലെക്സിബിൾ കാർഗോകളും കുറഞ്ഞ വിലയും വാഗ്ദാനം ചെയ്യുന്ന കരാർ ഇന്ത്യന്‍ കമ്പനികള്‍ക്കും കൂടുതല്‍ ലാഭകരമായേക്കും.

ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഖത്തർ പ്രതിവർഷം 8.5 ദശലക്ഷം മെട്രിക് ടൺ (tpy) എൽഎൻജി വിതരണം ചെയ്യുന്നതിനുള്ള കരാറുകൾ 2028-ൽ അവസാനിക്കും, കൂടാതെ രാജ്യത്തിന്റെ ഊർജ്ജ മിശ്രിതത്തിൽ പ്രകൃതി വാതകത്തിന്റെ പങ്ക് ഉയർത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം നിറവേറ്റുന്നതിൽ പങ്കുവഹിക്കുകയും ചെയ്യും. അതേസമയം ഇന്ത്യൻ കമ്പനികളും ഖത്തർ എനർജിയും ഊ വാർത്തകളോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
77 ദശലക്ഷത്തിൽ നിന്ന് 2027 ഓടെ 126 ദശലക്ഷം ടിപിയായി ദ്രവീകൃത ശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഖത്തർ, യുഎസ് നിന്നുള്ള മത്സരം വർദ്ധിക്കുന്നതിനാൽ ഏഷ്യയിലും യൂറോപ്പിലും ഇളവുകളോടെ വലിയ തോതില്‍ എല്‍ എന്‍ ജി വിതരണം ചെയ്യാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം യൂറോപ്യൻ കമ്പനികളായ ഷെൽ, ടോട്ടൽ എനർജീസ്, ഇഎൻഐ എന്നിവയുമായി ഖത്തർ ദീർഘകാല കരാറുകളിൽ ഒപ്പുവക്കുകയും ചെയ്തിരുന്നു.
ഗള്‍ഫ് മേഖലയിലെ ചെറിയ രാജ്യമാണെങ്കിലും ലോകത്തെ പ്രകൃതി വാതക ശേഖരത്തില്‍ മുന്നിലാണ് ഖത്തര്‍. ഈ പ്രകൃതി വിഭവം തന്നെയാണ് ഖത്തറിനെ ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാന്‍ സഹായിക്കുന്നതും. സൗദി അടക്കമുള്ള രാജ്യങ്ങളുെ ഉപരോധത്തില്‍ പിടിച്ച് നില്‍ക്കാനും വേഗത്തില്‍ മറികടക്കാനും ഖത്തറിന് സഹായകമായത് എല്‍ എന്‍ ജി വഴിയുള്ള അവരുടെ സാമ്പത്തിക ശേഷിയിലൂടെയായിരുന്നു.
ഇന്ത്യക്ക് പുറമെ ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും ഖത്തറില്‍ നിന്നുള്ള വാതകത്തെ വലിയ തോതില്‍ ആശ്രയിക്കുന്നവരാണ്. 77 മില്യൺ ടൺ വാർഷിക ഉൽപ്പാദന ശേഷിയുള്ള 14 എൽഎൻജി നിർമ്മാണ കേന്ദ്രങ്ങളാണ് ഖത്തർ ഗ്യാസിനുള്ളത്. മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് ആളുകള്‍ ഇവിടെ ജോലി ചെയ്യുന്നു.
1984-ൽ സ്ഥാപിതമായ ഖത്തർ ഗ്യാസില്‍ നിന്നുള്ള എല്‍എന്‍ജി ഇന്ത്യ ഉള്‍പ്പെടേയുള്ള രാജ്യങ്ങളില്‍ വിതരണം ചെയ്യുന്നുണ്ട്. എൽഎൻജിക്ക് പുറമേ, പ്രകൃതി വാതകം, ഹീലിയം, കണ്ടൻസേറ്റ്, അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിവയുടെ നിലവിലെ മുൻനിര കയറ്റുമതിക്കാരും ഖത്തർ ഗ്യാസ് ആണ്. ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് സുസ്ഥിരവും ആശ്രയയോഗ്യവുമായ ഊർജ വിതരണം ഉറപ്പാക്കുന്നതിനോടൊപ്പം തന്നെ, സുരക്ഷയ്ക്കും വിശ്വാസ്യതയ്ക്കും ഏറെ പേര് കേട്ട കമ്പനിയുമായി ഖത്തർ ഗ്യാസ്.












Click it and Unblock the Notifications