ഖത്തറില്‍ നിന്ന് എല്‍എന്‍ജിയും എല്‍പിജിയും മാത്രമല്ല, മറ്റ് പലതും വരും: കൂട്ടത്തില്‍ 10 ബില്യൺ ഡോളറും
ദോഹ: 2030-ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാനുള്ള നീക്കവുമായും ഇന്ത്യയും ഖത്തറും. ഇന്ത്യയും ഖത്തറും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങളും 2030-ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാന്‍ ലക്ഷ്യമിടുന്നതായി ഖത്തറിലെ ഇന്ത്യൻ അംബാസഡർ എച്ച്.ഇ. വിപുൽ വ്യക്തമാക്കി. നിലവിൽ ഏകദേശം 14 ബില്യൺ ഡോളറാണ് ഇന്ത്യ-ഖത്തർ വ്യാപാരത്തിന്റെ മൂല്യം. 5 വർഷം കൊണ്ട് ഇത് 25 ബില്യണിലേക്ക് എത്തിക്കുകയെന്നതാണ് ലക്ഷ്യം.
ദോഹയിൽ 79-ാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ലുലു ഹൈപ്പർമാർക്കറ്റ് സംഘടിപ്പിച്ച 'ഇന്ത്യ ഉത്സവ്' ഉദ്ഘാടന വേദിയിൽ ഖത്തർ പ്രാദേശിക മാധ്യമമായ ഖത്തർ ട്രിബ്യൂണിനോട് സംസാരിക്കുകയായിരുന്നു അംബാസഡർ. "ഖത്തറിൽ നിന്നുള്ള എൽ എൻ ജി, എൽ പി ജി, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയാണ് നിലവിൽ വ്യാപാരത്തിൽ പ്രധാനമായും ഇന്ത്യയിലേക്ക് എത്തുന്നത്. എന്നാൽ, ഇന്ത്യ ഇലക്ട്രോണിക്സ്, ഗാർഹിക ഉൽപ്പന്നങ്ങൾ, ഭക്ഷ്യവസ്തുക്കൾ, മറ്റ് നിർമിത ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കാൻ ശ്രമിക്കുകയാണ്," അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾ കണക്കിലെടുക്കുമ്പോൾ വ്യാപാരത്തിലെ അസന്തുലിതാവസ്ഥ സ്വാഭാവികമാണെങ്കിലും, ഖത്തറിലേക്കുള്ള ഇന്ത്യൻ കയറ്റുമതിക്ക് വലിയ സാധ്യതകളുണ്ടെന്ന് അംബാസഡർ ചൂണ്ടിക്കാട്ടി. ഇലക്ട്രോണിക്സ്, ഗാർഹിക ഉൽപ്പന്നങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയിൽ ഇന്ത്യൻ കയറ്റുമതി വർധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യാപാരത്തിനു പുറമെ, നിക്ഷേപ മേഖലയിലും ഇരു രാജ്യങ്ങൾ സഹകരണം ശക്തമാക്കുന്നുണ്ട്. അടുത്തിടെ ഖത്തർ ഇന്ത്യയിൽ 10 ബില്യൺ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ഇന്ത്യയിൽ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (QIA) ഒരു ഓഫീസ് തുറക്കാനുള്ള പദ്ധതിയും ആസൂത്രണം ചെയ്യുന്നു. "ഇരു രാഷ്ട്രങ്ങളുടെ സർക്കാരുകളും സ്വകാര്യ മേഖലയും ചേർന്ന് ഉന്നതതല പ്രതിനിധി സംഘങ്ങൾ, ജോയിന്റ് കമ്മിഷൻ മീറ്റിംഗുകൾ, മേഖലാടിസ്ഥാനത്തിലുള്ള സഹകരണങ്ങൾ എന്നിവയിലൂടെ വ്യാപാര-നിക്ഷേപ ബന്ധം ശക്തിപ്പെടുത്തുകയാണ്," അംബാസഡർ വ്യക്തമാക്കി.
ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എസ്.എം.ഇ), സാങ്കേതികവിദ്യ, സ്റ്റാർട്ടപ്പ് മേഖലകളിലും ഇന്ത്യ-ഖത്തർ സഹകരണം വളർന്നുവരികയാണ്. ഇന്ത്യൻ ബിസിനസുകൾ ഖത്തർ നിക്ഷേപകരുമായി കൂടുതൽ സഹകരിക്കുന്നതായി അംബാസഡർ ചൂണ്ടിക്കാട്ടി. " ഇതിന്റെയെല്ലാം ഫലങ്ങൾ ദൃശ്യമാകാൻ മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാം, എന്നാൽ പുരോഗതിയുടെ ദിശ ശുഭപ്രതീക്ഷ നൽകുന്നതാണ്. ഇരു രാജ്യങ്ങളും ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ പൂർണമായി പ്രതിജ്ഞാബദ്ധമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇന്ത്യ ഉത്സവ്' പോലുള്ള പരിപാടികൾ ഇന്ത്യയുടെ സാംസ്കാരിക, വ്യാപാര സാധ്യതകൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദിയാണ്. ഈ പരിപാടി ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിനും വിപണനത്തിനും അവസരമൊരുക്കുന്നു. ഇന്ത്യ-ഖത്തർ ബന്ധം വ്യാപാരത്തിനപ്പുറം സാംസ്കാരികവും സാമൂഹികവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നുവെന്ന് അംബാസഡർ വിപുൽ അഭിപ്രായപ്പെട്ടു.
ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക, തന്ത്രപരമായ മേഖലകളിൽ വർധിച്ചുവരുന്ന സഹകരണത്തിന്റെ ശക്തമായ ഉദാഹരണമാണ്. ഈ ബന്ധം, വ്യാപാരം, നിക്ഷേപം, ഊർജ്ജം, പ്രവാസി സമൂഹം, സാംസ്കാരിക കൈമാറ്റം എന്നിവയിലൂടെ കൂടുതൽ ശക്തമാകുന്നു. 2030-ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിപ്പിക്കാനുള്ള ലക്ഷ്യം ഈ ബന്ധത്തിന്റെ പ്രാധാന്യം കൂടുതല്‍ വ്യക്തമാക്കുന്നതാണ്.
നിലവി്‍ ഖത്തറിൽ നിന്നുള്ള പ്രധാന കയറ്റുമതി ഉൽപ്പന്നങ്ങൾ എൽ.എൻ.ജി (ദ്രവീകൃത പ്രകൃതി വാതകം), എൽ.പി.ജി, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയാണ്. ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഖത്തർ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കുള്ള കയറ്റുമതി താരതമ്യേന കുറവാണെങ്കിലും, മൂല്യവർധിത ഉൽപ്പന്നങ്ങളായ ഇലക്ട്രോണിക്സ്, ഗാർഹിക ഉൽപ്പന്നങ്ങൾ, ഭക്ഷ്യവസ്തുക്കൾ, നിർമിത ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതി വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.












Click it and Unblock the Notifications