ഖത്തര്‍, തുര്‍ക്കി, പാകിസ്താന് ഒറ്റക്കെട്ട്; സൈനിക പ്രതിരോധ വ്യവസായം മറ്റൊരു മക്ക കരാറോ?
ഖത്തര്‍, തുര്‍ക്കി, പാകിസ്താന്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് പുതിയ കരാര്‍ ഒപ്പുവെക്കുന്നു. സുപ്രധാന പ്രതിരോധ വ്യവസായ സഹകരണമാണ് ലക്ഷ്യം. തുര്‍ക്കി പ്രതിരോധ മന്ത്രി യാസര്‍ ഗുലര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദോഹയിലെത്തിയാണ് കരാര്‍ ഒപ്പുവെക്കുക. ഇറാന്-അമേരിക്ക യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തര്‍ നടത്തുന്ന നീക്കം വളരെ പ്രധാനമാണ്.
സൈനിക പ്രതിരോധ രംഗം ശക്തിപ്പെടുത്താനാണ് ഖത്തര്‍ ഉദ്ദേശിക്കുന്നത്. മറ്റു രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന പതിവ് ഖത്തറിനില്ല. പ്രശ്നങ്ങളില്‍ മധ്യസ്ഥത വഹിച്ച് സമാധാന വഴി തേടുകയാണ് എപ്പോഴും ഖത്തര്‍ ചെയ്യുന്നത്. എന്നിട്ടും ഇസ്രായേലും ഇറാനും ഖത്തറിനെ ആക്രമിക്കുന്ന സംഭവങ്ങളുണ്ടായി. ഈ സാഹചര്യത്തില്‍ പ്രതിരോധ മേഖല കൂടുതല്‍ വിപുലമാക്കുകയാണ് ഖത്തര്‍.

ഇസ്രായേലും പലസ്തീനും യുദ്ധമുണ്ടായ വേളയില്‍ ഇസ്രായേല്‍ ഖത്തറില്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. അമേരിക്കയും ഇറാനും തമ്മില്‍ യുദ്ധമുണ്ടായ വേളയില്‍ ഇറാന് ഖത്തറിനെ ആക്രമിച്ചു. ഹമാസ് നേതാക്കളെ ചൂണ്ടിക്കാട്ടിയാണ് ഇസ്രായേല്‍ ആക്രമിച്ചത്. അമേരിക്കന്‍ സൈനിക സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് ഇറാന് ആക്രമിച്ചത്.
തങ്ങള്‍ ഭാഗമല്ലാത്ത കാര്യത്തില്‍ പോലും ആക്രമണത്തിന് ഇരയാകുന്നു എന്ന വികാരമാണ് ഖത്തറിന്. ഈ സാഹചര്യത്തിലാണ് പ്രതിരോധ മേഖല കൂടുതല്‍ ശക്തിപ്പെടുത്തുന്നത്. ലോകത്തെ പ്രധാന ആയുധ നിര്‍മാതാക്കളാണ് തുര്‍ക്കി. പാകിസ്താനും തിര്‍ക്കിയും സൗദി അറേബ്യയും ചേര്‍ന്ന് അടുത്തിടെ മക്ക പ്രതിരോധ കരാര്‍ ഒപ്പുവെച്ചിരുന്നു. സമാനമായ നീക്കം തന്നെയാണോ ഖത്തര്‍ നടത്താന്‍ പോകുന്നത് എന്ന് വ്യക്തമല്ല.
ഇസ്രായേല്‍ സൈന്യം ഖത്തറിനെ ആക്രമിച്ച വേളയില്‍ പാകിസ്താന് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ദോഹയിലെത്തി ഖത്തര്‍ അമീര്‍ ശൈഖ് തമീമിനെ കണ്ടിരുന്നു. തുര്‍ക്കിയുടെ നേതാക്കളും ഖത്തറിനെ ആശ്വസിപ്പിച്ചു. ഇറാന്റെ ആക്രമണത്തില്‍ ഖത്തറിലെ ഏറ്റവും വലിയ എല്‍എന്‍ജി നിലയത്തിന്റെ പ്രവര്‍ത്തനം താളംതെറ്റിയിരുന്നു. ഈ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടെയാണ് മറ്റു മൂന്ന് രാജ്യങ്ങളുമായി ചേര്‍ന്ന് ഖത്തര്‍ പ്രതിരോധ വ്യവസായ സഹകരണ കരാര്‍ ഒപ്പുവെക്കുന്നത്.
ഇതേ സമയം മറ്റൊരു നീക്കവും ഖത്തര്‍ നടത്തുന്നുണ്ട്. പ്രതിരോധ നിര്‍മാണ ഹബ്ബായി മാറുകയാണ് ലക്ഷ്യം. ഖത്തര്‍ പ്രതിരോധ മന്ത്രി അടുത്തിടെ ഇക്കാര്യം പരസ്യമാക്കുകയും ചെയ്തു. അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സഹകരണത്തോടെയാണ് പുതിയ പ്രതിരോധ നിര്‍മാണ കേന്ദ്രം ഒരുക്കുക. മിസൈല്‍, ഡ്രോണ്‍, സൈബര്‍ ആക്രമണം എന്നിവയെ സ്വയം പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ തയ്യാറാക്കാനാണ് ഖത്തറിന്റെ പദ്ധതി. ഈ രംഗത്തെ കമ്പനികളുടെ നിക്ഷേപവും ഖത്തര്‍ പ്രതീക്ഷിക്കുന്നുണ്ട്.


Click it and Unblock the Notifications
