ഖത്തര്‍, യുഎഇ ഉഗ്രന്‍ പ്ലാന്‍ നടപ്പാക്കുന്നു; ഇറാന്റെ കണ്ണുവെട്ടിക്കുന്നത് ഇങ്ങനെ, എല്‍എന്‍ജി ഇന്ത്യയിലേക്ക്
ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കു കടത്ത് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഖത്തറും യുഎഇയും നടത്തുന്നത് മറ്റൊരു തന്ത്രം. ഹോര്‍മുസ് വഴി പോകുന്ന കപ്പലുകള്‍ക്ക് നേരെ ആക്രമണം നടക്കുന്നതിനാലാണ് ഇരുരാജ്യങ്ങളും പ്ലാന്‍ മാറ്റിയത്. കടലില്‍ വച്ച് തന്നെ ചരക്കുകള്‍ കൈമാറുകയാണ് ചെയ്യുന്നത്. ദ്രാവക, ഖര രൂപത്തിലുള്ള ചരക്കുകള്‍ മാത്രമാണ് ഇങ്ങനെ കൈമാറാന്‍ സാധിക്കുക.
ചെറു കപ്പലുകളില്‍ ഹോര്‍മുസ് വഴി കടന്ന് പുറംകടലില്‍ നങ്കൂരമിട്ടിരിക്കുന്ന കൂറ്റന്‍ ടാങ്കറുകളിലേക്ക് ചരക്കുകള്‍ കടലില്‍ വച്ചു തന്നെ മാറ്റുകയാണ് ചെയ്യുന്നത്. ഷിപ്പ് ടു ഷിപ്പ് കൈമാറ്റം എന്നാണ് (എസ്ടിഎസ്) ഇതിനെ വിശേഷിപ്പിക്കുന്നത്. ഹോര്‍മുസ് വഴി പോകുമ്പോള്‍ ചെറുകപ്പലുകളാണ് ഉപയോഗിക്കുക. വലിയ കപ്പലിന് നേരെ ആക്രമണം നടന്നാല്‍ വലിയ നഷ്ടം നേരിടുമെന്നതിനാലാണിത്.

കഴിഞ്ഞ മാസം ഇന്ത്യയിലേക്കും ജപ്പാനിലേക്കും ഖത്തറും യുഎഇയും എല്‍എന്‍ജി കയറ്റുമതി ചെയ്തിരുന്നു. വാതകം കയറ്റുമതി ചെയ്യാന്‍ ദ്രാവക രൂപത്തില്‍ ആക്കി മാറ്റുന്നതാണ് എല്‍എന്‍ജി. ക്രൂഡ് ഓയില്‍ എസ്ടിഎസ് വഴി കടലില്‍ വച്ച് കൈമാറ്റം ചെയ്യപ്പെടാറുണ്ടെങ്കിലും എല്‍എന്‍ജി കൈമാറ്റം നടക്കാറില്ല. എന്നാല്‍ ഈ തന്ത്രം എല്‍എന്‍ജി കയറ്റുമതിക്കും ഇരുരാജ്യങ്ങളും ഉപയോഗിച്ചു എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.
ഗ്രീക്ക് ഷിപ്പിങ് കമ്പനിയായ ഗ്യാസ് ലോഗിന്റെ സഹായത്തോടെയാണ് ഖത്തറും യുഎഇയും എല്‍എന്‍ജി കൈമാറ്റം ചെയ്തത്. ഖത്തറിലെ റാസ് ലാഫന്‍ കേന്ദ്രത്തില്‍ നിന്ന് എല്‍എന്‍ജി നിറച്ച ചെറുകപ്പലുകള്‍ ഹോര്‍മുസ് കടന്ന ശേഷം ഒമാന്‍ തീരത്തു വച്ച് വലിയ കപ്പലിലേക്ക് ഇന്ധനം മാറ്റുകയായിരുന്നു. എന്നാല്‍ ഖത്തര്‍ എനര്‍ജി, അഡ്‌നോക്, ഗ്രീക്ക് കപ്പല്‍ കമ്പനി എന്നിവരൊന്നും വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ തയ്യാറായില്ല.
ജൂലൈ അവസാനത്തിലും ഓഗസ്റ്റിലും ഇത്തരത്തില്‍ എസ്ടിസി നടത്തിയിട്ടുണ്ട്. ആക്രണം തടയാന്‍ കപ്പലുകള്‍ സിഗ്നല്‍ ഓഫ് ചെയ്യും, ജിപിഎസില്‍ തെറ്റായ ലൊക്കേഷന്‍ കാണിക്കും, കപ്പലിന്റെ പതാകകള്‍ മാറ്റും തുടങ്ങിയ കാര്യങ്ങളും ചെയ്യാറുണ്ട്. സംഘര്‍ഷ മേഖല പിന്നിട്ട് സുരക്ഷിത മേഖലയില്‍ എത്തിയാല്‍ വ്യക്തമായ രേഖകളോടെ തന്നെ കപ്പലുകള്‍ സര്‍വീസ് തുടരുകയും ചെയ്യും.
യുഎഇ ഇത്തരത്തില്‍ ഇന്ധനം കടല്‍ കടത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. ഇറാഖിന്റെ ഇന്ധനം സമാനമായ വഴി കയറ്റുമതി ചെയ്യാന്‍ സഹായിക്കാമെന്നും യുഎഇ വാഗ്ദാനം നല്‍കിയിരുന്നുവത്രെ. ഇറാന്റെ ആക്രമണം മാത്രമല്ല കടലില്‍ നടക്കുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അജ്ഞാത ആക്രമണവും നടക്കുന്നുണ്ട്. കടല്‍ കൊള്ളക്കാരെ കബളിപ്പിച്ച് രക്ഷപ്പെടാനും ചില പ്രധാന കപ്പല്‍ കമ്പനികള്‍ ഇത്തരം തന്ത്രങ്ങള്‍ പ്രയോഗിക്കാറുണ്ട്.





Click it and Unblock the Notifications