മുന്നറിയിപ്പുമായി ഖത്തര്‍; ലോകം ഇപ്പോള്‍ തന്നെ സഹിക്കുന്നു, ഇനി അക്കാര്യം സംഭവിച്ചാല്‍ മഹാ ദുരന്തം
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ശക്തമായ മുന്നറിയിപ്പുമായി ഖത്തര്‍. വ്യാപാരവും നിക്ഷേപവും നിലച്ച ഗള്‍ഫ് മേഖലയുടെ പ്രത്യേക സാമ്പത്തിക സാഹചര്യം സൂചിപ്പിച്ചാണ് ഖത്തറിന്റെ മുന്നറിയിപ്പ്. ഹോര്‍മുസ് കടല്‍പാത അടച്ചതു കാരണം ലോകം ഇപ്പോള്‍ തന്നെ സഹിക്കുന്നുണ്ടെന്നും ഇനി ബാബുല്‍ മന്തിബ് കടല്‍പാത കൂടി അടഞ്ഞാല്‍ മഹാ ദുരന്തമായിരിക്കും സംഭവിക്കുക എന്നും ഖത്തര്‍ വിദേശകാര്യ വക്താവ് ഇബ്രാഹിം അല്‍ ഹാഷിമി പറഞ്ഞു.
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം കാരണമാണ് ഹോര്‍മുസ് അടച്ചത്. ഇതോടെ ഏഷ്യയിലേക്കുള്ള ചരക്കുകടത്ത് പൂര്‍ണമായും നിലച്ച പോലെയാണ്. അതിന് പുറമെയാണ് യമന്‍ അതിര്‍ത്തിയിലെ ബാബുല്‍ മന്തിബ് കടല്‍പാത കൂടി അടയുമെന്ന ഭീഷണി. ഈ മേഖല യമനിലെ ഹൂതികള്‍ പിടിക്കുമെന്നും ശേഷം അടയ്ക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഖത്തറിന്റെ പ്രതികരണം.

യമന്‍, ജിബൂത്തി, എരിത്രിയ തുടങ്ങിയ രാജ്യങ്ങള്‍ക്കിടയിലാണ് ബാബുല്‍ മന്തിബ്. ഏദന്‍ കടലില്‍ നിന്ന് ബാബുല്‍ മന്തിബ് വഴിയാണ് ചെങ്കടലില്‍ പ്രവേശിക്കുക. തുടര്‍ന്നാണ് സൂയസ് കനാല്‍ വഴി ചരക്കുകള്‍ മെഡിറ്ററേനിയന്‍ കടലിലേക്കും യൂറോപ്പിലേക്കും പോകുന്നത്. ബാബുല്‍ മന്തിബ് അടഞ്ഞാല്‍ ചരക്കുകള്‍ പോകില്ല. ഇത് ലോക വ്യാപാരത്തെ ദുരിതപൂര്‍ണമാക്കും.
ഇറാന്റെ പിന്തുണയുള്ള യമനിലെ വിമതരാണ് ഹൂതികള്‍. യമന്റെ വലിയൊരു ഭാഗം നിയന്ത്രിക്കുന്നത് ഇവരാണ്. സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള പോര് ശക്തമാണ്. ഈ സംഘര്‍ഷം തുടരവെയാണ് ഇറാനില്‍ നിന്നുള്ള സംഘം റിയാദില്‍ എത്തിയിരിക്കുന്നത്. നിര്‍ണായക ചര്‍ച്ചകള്‍ നടക്കുമെന്നും സമാധാനം പുലരുമെന്നുമുള്ള പ്രതീക്ഷയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍.
അതേസമയം, കഴിഞ്ഞ ദിവസം ഒമാനില്‍ നടക്കേണ്ടിയിരുന്ന ചര്‍ച്ച അവസാന നിമിഷം മാറ്റിയിരുന്നു. ബഹ്‌റൈന്‍ നേരത്തെ പങ്കെടുക്കില്ല എന്ന് അറിയിച്ചിരുന്നു. അതിന് പുറമെ സൗദി അറേബ്യ കൂടി ആവശ്യപ്പെട്ടതോടെ യോഗം മാറ്റിവെക്കുകയായിരുന്നു ഒമാന്‍. ജിസിസി രാജ്യങ്ങളിലെയും ഇറാനിലെയും ഇറാഖിലെയും വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുക്കുന്ന യോഗമാണ് മാറ്റിവെച്ചത്. ഇതോടെ ഹോര്‍മുസ് തുറക്കാന്‍ ഇനിയും വൈകുമെന്ന് ഉറപ്പായിരിക്കെയാണ് ബാബുല്‍ മന്തിബിലെ പ്രതിസന്ധി.
29 കിലോമീറ്റര്‍ മാത്രം വീതിയിലുള്ള കടലിടുക്കാണ് ബാബുല്‍ മന്തിബ്. ഇന്ത്യയില്‍ നിന്നുള്ള ചരക്കുകള്‍ യൂറോപ്പിലേക്ക് പോകുന്നത് ഇതുവഴിയാണ്. ഈ വഴി അടഞ്ഞാല്‍ പിന്നീട് ആഫ്രിക്ക ചുറ്റിയുള്ള കടല്‍പാതയിലൂടെ വേണം കപ്പലുകള്‍ പോകാന്‍. ഇത് ഇരട്ടി സമയവും ചെലവും വേണ്ടി വരുന്ന വഴിയാണ്. സംഘര്‍ഷം രൂക്ഷമാണെങ്കിലും ഹൂതികളുമായി ചര്‍ച്ച നടത്തി സമവായമുണ്ടാക്കാന്‍ വൈകാതെ ശ്രമം നടക്കുമെന്ന സൂചനയും വരുന്നുണ്ട്. ബുധനാഴ്ച ചൈനയില്‍ ഇറാന്‍ സംഘം നടത്തുന്ന സന്ദര്‍ശനവും വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്.




Click it and Unblock the Notifications
