ഖത്തര്‍ അമീറിനെ നരേന്ദ്ര മോദി വിളിക്കുമോ? ഗുജറാത്ത് സ്വദേശി കുടുങ്ങിയിട്ട് 3 മാസം, ഡാറ്റ മോഷണം
ഗുജറാത്തിലെ വഡോദര സ്വദേശി അമിത് ഗുപ്ത ഖത്തറില്‍ അറസ്റ്റിലായിട്ട് മൂന്ന് മാസത്തോളമായി. മോചന ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. ഗുരുതര സ്വഭാവമുള്ള കേസിലാണ് അറസ്റ്റ് എന്നാണ് സൂചന. ഖത്തറിലെ ഇന്ത്യന്‍ എംബസി കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. മാത്രമല്ല, വേണ്ട സഹായം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
ഐടി കമ്പനിയായ ടെക് മഹീന്ദ്രയുടെ ജീവനക്കാരനാണ് അമിത് ഗുപ്ത. പത്ത് വര്‍ഷത്തോളമായി ഈ കമ്പനിയില്‍ ഇയാള്‍ ജോലി ചെയ്യുന്നു. ജനുവരി ഒന്നിനാണ് ഗുപ്തയെ ഖത്തര്‍ പോലീസ് പിടികൂടിയത്. ഡാറ്റ മോഷണം നടത്തി എന്നാണ് ആരോപണം. ഗുപ്തയുടെ കുടുംബം കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയതോടെയാണ് സംഭവം മാധ്യമങ്ങളില്‍ നിറഞ്ഞത്. വിശദവിവരങ്ങള്‍ ഇങ്ങനെ...

ഡാറ്റ മോഷണ കേസില്‍ ഖത്തര്‍ പോലീസിന്റെ വിശദ അന്വേഷണം നടക്കുകയാണ് എന്നാണ് വിവരം. ജനുവരി ഒന്നിനാണ് അറസ്റ്റ് നടന്നതെന്ന് അമ്മ പുഷ്പ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. ഖത്തര്‍ സര്‍ക്കാരിന്റെ സുരക്ഷാ വിഭാഗമാണ് അറസ്റ്റ് ചെയ്തതെന്ന് ഗുപ്തയുടെ പിതാവ് അറിയിച്ചു. ഇന്ത്യന്‍ എംബസി വിഷയം അറിഞ്ഞിട്ടുണ്ടെന്നും വേണ്ട സഹായം ചെയ്യുമെന്നുമാണ് വിവരം.
മകന്‍ നിരപരാധിയാണെന്നും വ്യാജ കേസിലാണ് കുടുങ്ങിയിട്ടുള്ളതെന്നും ഗുപ്തയുടെ കുടുംബം പറയുന്നു. എത്രയും പെട്ടെന്ന് മകനെ മോചിപ്പിക്കണം. അതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും കുടുംബം ആവശ്യപ്പെട്ടു. കേസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചു. കേസിന്റെ വിശദാംശങ്ങള്‍ പക്ഷേ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയില്ല.
ഗുപ്തയുടെ കുടുംബം അടുത്തിടെ ഖത്തറില്‍ പോയി മകനെ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇന്ത്യന്‍ അംബാസഡറുമായി സംസാരിച്ചു. കേസില്‍ അനുകൂലമായ പ്രതികരണം ലഭിച്ചിട്ടില്ല എന്നാണ് അംബാസഡറെ ഉദ്ധരിച്ച് പുഷ്പ ഗുപ്ത പറഞ്ഞത്. ഖത്തറിലെ ടെക് മഹീന്ദ്രയില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ഗുപ്ത ജോലി ചെയ്യുന്നുവെന്ന് ബിജെപി എംപി ഹേമങ് ജോഷി പ്രതികരിച്ചു.
8 ഇന്ത്യക്കാര്‍ ഖത്തറില്‍ കുടുങ്ങിയ കേസ്
2022ല്‍ എട്ട് ഇന്ത്യക്കാരെ ഖത്തര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ നാവിക സേനയില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്നവരായിരുന്നു എല്ലാവരും. പിന്നീട് ഇവര്‍ ജിസിസിയിലെ ഒരു കമ്പനിക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോഴാണ് അറസ്റ്റുണ്ടായത്. എട്ട് മുന്‍ നാവികരെ ഖത്തറില്‍ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത വലിയ ചര്‍ച്ചയാകുകയും ചെയ്തു. ഖത്തറില്‍ വധശിക്ഷ ലഭിക്കുന്ന കുറ്റമാണ് ചാരവൃത്തി.
2023ല്‍ എട്ട് പേര്‍ക്കും ഖത്തര്‍ കോടതി വധശിക്ഷ വിധിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു. നരേന്ദ്ര മോദി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായി യുഎഇയിലെ പരിപാടിക്കിടെ വിഷയം ചര്‍ച്ച ചെയ്തുവെന്നും വാര്‍ത്ത വന്നിരുന്നു. പിന്നീട് എട്ട് പേരെയും പൊടുന്നനെ മോചിപ്പിക്കുകയായിരുന്നു. ഖത്തര്‍ അമീറിന്റെ പ്രത്യേക ഉത്തരവിനെ തുടര്‍ന്നായിരുന്നു 2024ലെ മോചനം.












Click it and Unblock the Notifications