ഖത്തറിന്റെ മുന്നറിയിപ്പ്: യൂറോപ്യന്‍ യൂണിയന്‍ നിലപാട് തിരുത്തണം; ഇല്ലെങ്കില്‍ എല്‍എന്‍ജി നല്‍കില്ല
യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ലിക്വിഫൈഡ് നാച്ചുറൽ ഗാസ് (എല്‍ എന്‍ ജി) വിതരണം ചെയ്യുന്നത് നിർത്തേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഖത്തർ. യൂറോപ്യൻ യൂണിയന്റെ കർശനമായ 'ഗ്രീൻ' നിയമങ്ങൾ തുടരുകയാണെങ്കില്‍ കയറ്റുമതി നിർത്തേണ്ടി വരുമെന്നാണ് ലോകത്തെ ഏറ്റവും വലിയ എല്‍ എന്‍ ജി കയറ്റുമതിക്കാരായ ഖത്തർ വ്യക്തമാക്കിയിരിക്കുന്നത്.
" യൂറോപ്യന്‍ യൂണിയന്‍ കോർപ്പറേറ്റ് സുസ്ഥിരതാ ഡ്യൂ ഡിലിജൻസ് ഡയറക്ടീവ് നിയമത്തിൽ കൂടുതൽ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ ഖത്തർഎനർജിക്ക് യൂറോപ്പിൽ ബിസിനസ് ചെയ്യാൻ കഴിയില്ല. അത് എല്‍ എന്‍ ജി ആയാലും മറ്റ് ഉല്‍പ്പനങ്ങളായാലും" ഖത്തർ എനർജി മന്ത്രിയും ഖത്തർഎനർജി സി ഇ ഒയുമായ സാദ് അൽ-കാബിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

റഷ്യയുടെ ഉക്രെയിൻ ആക്രമണത്തിനു ശേഷം യൂറോപ്പിന്റെ ഊർജ ആവശ്യത്തില്‍ 12 മുതല്‍ 14 ശതമാനം വരെ എല്‍ എന്‍ ജി ഖത്തറാണ് വിതരണം ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ഖത്തറിന്റെ മുതിയ മുന്നറിയിപ്പ് യൂറോപ്പിന് മേല്‍ കടുത്ത ആശങ്കയാണ് ഉയർത്തുന്നത്. റഷ്യയില്‍ നിന്നുമുള്ള വിതരണം നിലച്ച സാഹചര്യത്തില്‍ ഖത്തറിന്റെ ഭീഷണിക്ക് യൂറോപ്യന്‍ യൂണിയന്‍ വഴങ്ങേണ്ടി വരുമെന്ന വിലയിരുത്തലും ശക്തമാണ്. അല്ലെങ്കില്‍ അമേരിക്കയില്‍ നിന്നും കൂടുതല്‍ ഇറക്കുമതി ശക്തിപ്പെടുത്തേണ്ടി വരും. ഇത് ചിലവ് വലിയ തോതില്‍ വർധിപ്പിച്ചേക്കും.
2024-ൽ അംഗീകരിച്ച കോർപ്പറേറ്റ് സുസ്ഥിരതാ ഡ്യൂ ഡിലിജൻസ് ഡയറക്ടീവ് നിയമത്തിൽ യൂറോപ്യന്‍ യൂണിയനില്‍ പ്രവർത്തിക്കുന്ന വലിയ കമ്പനികളോട് അവരുടെ സപ്ലൈ ചെയിനുകളില്‍ മനുഷ്യാവകാശങ്ങളും പരിസ്ഥിതി സുസ്ഥിരതയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്നു. പാരിസ് കരാറിന്റെ 1.5 ഡിഗ്രി സെൽഷ്യസ് ടെമ്പറേച്ചർ വർധനവ് പരിമിതിപ്പെടുത്തുന്ന ലക്ഷ്യത്തോടെ ക്ലൈമറ്റ് ട്രാൻസിഷൻ പ്ലാനും കരാർ് നിർബന്ധമാക്കുന്നു. നിയമങ്ങള്‍ പാലിക്കപ്പെടാത്ത കമ്പനികള്‍ക്കുമേല്‍ കടുത്ത പിഴയും ചുമത്തിയേക്കും. എന്നാല്‍ ഈ നിയമം ഫോസിൽ ഫ്യുവലുകളെ ആശ്രയിക്കുന്ന ഊർജ കമ്പനികൾക്ക് 'അസാധ്യമായ' വ്യവസ്ഥകളാണെന്ന് ഖത്തർ വാദിക്കുന്നു.
2023-ൽ ഖത്തർഎനർജിയുടെ വരുമാനം $51.64 ബില്യൺ ആയിരുന്നു. "ഞങ്ങൾ യൂറോപ്യൻ കമ്മിഷനിലെയും യൂണിയന്‍ അംഗരാജ്യങ്ങളിലെയും പ്രധാന വ്യക്തികളുമായി ഏകദേശം ഒരു വർഷമായി പുതിയ നിയമത്തെക്കുറിച്ച് നിർമാണായക ചർച്ചകൾ നടത്തിയിട്ടുണ്ട്. പക്ഷേ, കമ്മിഷൻ യാതൊരു പ്രതികരണവും നൽകിയിട്ടില്ല." സാദ് അൽ-കാബി പറയുന്നു.
മെയ് 2025-ൽ ബെൽജിയൻ സർക്കാരിന് അയച്ച ലെറ്ററിലും, യൂറോപ്യൻ കമ്മിഷന് മെയ് 13-ന് അയച്ച ലെറ്ററിലും ഖത്തർ, ക്ലൈമറ്റ് ട്രാൻസിഷൻ പ്ലാൻ വകുപ്പ് നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. യൂറോപ്യന്‍ സപ്ലൈ ചെയിൻ പരിശോധനകൾ പരിമിതപ്പെടുത്തുന്ന മാറ്റങ്ങൾ ചർച്ച ചെയ്യുന്നുണ്ടെങ്കിലും തങ്ങളെ സംബന്ധിച്ച് അത് മാത്രം മതിയാകില്ലെന്നാണ് ഖത്തറിന്റെ നിലപാട്.
റഷ്യയുടെ 2022-ലെ ഉക്രെയിൻ ആക്രമണത്തോടെ, യൂറോപ്പ് റഷ്യൻ പൈപ്പ്‌ലൈൻ ഗാസിൽ നിന്ന് വലിയ തോതില്‍ വിട്ടുമാറിയിട്ടുണ്ട്. എല്‍ എന്‍ ജിയാണ് ഇപ്പോൾ യൂറോപ്പിന്റെ പ്രധാന ഊർജ സ്രോതസ്. 2025-ൽ 38% ഗ്യാസ് എല്‍ എന്‍ ജിയിലൂടെയാണ് വരുന്നത്. ഈ വർഷം ആദ്യ പാദത്തിലെ യൂറോപ്യന്‍ യൂണിയന്റെ എല്‍ എന്‍ ജി ഇറക്കുമതിയുടെ 10.8% ഖത്തറിൽ നിന്നാണ്. 50 ശതമാനത്തോടെ അമേരിക്കയാണ് മുന്നില്‍. ബ്രിട്ടനിലെ ഷെൽ, ഫ്രാൻസിലെ ടോട്ടൽഎനർജീസ്, ഇറ്റലിയിലെ ഇ എന്‍ ഐ എന്നിവയുമായും ഖത്തറിന് ദീർഘകാല കരാറുകളുണ്ട്.
ഏതെങ്കിലും സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന് എല്‍ എന്‍ ജി നല്‍കുന്ന ഖത്തർ നിർത്തുകയാണെങ്കില്‍ അത് ഇന്ത്യയെ സംബന്ധിച്ച് വിലയില്‍ ഗുണകരമായി മാറിയേക്കും വിലയിരുത്തപ്പെടുന്നു. അമേരിക്കയോടൊപ്പം തന്നെ ഇന്ത്യയിലേക്ക് കൂടുതല്‍ എല്‍ എന്‍ ജി എത്തിക്കുന്ന രാജ്യമാണ് ഖത്തർ.












Click it and Unblock the Notifications