പ്രാണ പ്രതിഷ്ഠ ദിനത്തില്‍ മധുര വിതരണം നടത്തി; ഇന്ത്യക്കാരെ പിരിച്ചുവിട്ട് നാട്ടിലേക്ക് അയച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ദിനത്തില്‍ മധുര വിതരണം നടത്തിയ ഇന്ത്യക്കാരെ ജോലിയില്‍ കുവൈത്തിലെ കമ്പനികള്‍ നിന്ന് പിരിച്ച് വിട്ടതായി റിപ്പോര്‍ട്ട്. ഒമ്പത് ഇന്ത്യക്കാരെയാണ് കുവൈത്ത് ജോലിയില്‍ നിന്ന് പിരിച്ച് വിട്ട് നാട്ടിലേക്ക് കയറ്റി അയച്ചത്. കുവൈത്തിലെ രണ്ട് കമ്പനികളിലായി ജോലി ചെയ്തിരുന്നവരാണ് ഇവര്‍. തിങ്കളാഴ്ചയായിരുന്നു ഇവര്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മധുരം വിതണം നടത്തിയത്.
അന്ന് രാത്രി തന്നെ ഒമ്പത് പേരേയും ഇന്ത്യയിലേക്ക് കയറ്റി അയക്കുകയായിരുന്നു എന്നാണ് വിവരം. ഇവര്‍ക്കെതിരെ അച്ചടക്ക നടപടിയാണ് സ്വീകരിച്ചത് എന്നാണ് കമ്പനികള്‍ നല്‍കുന്ന വിശദീകരണം എന്നാണ് അറിയാന്‍ കഴിയുന്നത്. രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് ഇന്ത്യയിലും വിദേശത്തും ഒരു വിഭാഗം ആള്‍ക്കാര്‍ വലിയ ആവേശത്തോടെയായിരുന്നു ആഘോഷിച്ചത്.

ഇതിനിടയിലാണ് കുവൈത്തിലെ സംഭവവികാസം. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ആയിരുന്നു രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടന്നത്. ആര്‍ എസ് എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത്, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ത് നൃത്യഗോപാല്‍ ദാസ്, കാശിയിലെ മുഖ്യപുരോഹിതന്‍ ലക്ഷ്മീകാന്ത് ദീക്ഷിത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ഇന്നലെയാണ് വിശ്വാസികള്‍ക്കായി രാമക്ഷേത്രം തുറന്ന് കൊടുത്തത്. രാവിലെ 7 മുതല്‍ 11:30 വരെയും ഉച്ചയ്ക്ക് 2 മുതല്‍ 7 വരെയും വിശ്വാസികള്‍ക്ക് ക്ഷേത്ര ദര്‍ശനം നടത്താം. മൈസൂരു ആസ്ഥാനമായുള്ള ശില്‍പിയായ അരുണ്‍ യോഗിരാജ് ആണ് വിഗ്രഹം രൂപകല്പന ചെയ്തത്. 51 ഇഞ്ച് ഉയരമുള്ള അഞ്ച് വയസുള്ള രാമന്റെ വിഗ്രഹമാണ് സ്ഥാപിച്ചിരിക്കുന്നത്. ക്ഷണിക്കപ്പെട്ട 8000 ത്തോളം വിശിഷ്ടാതിഥികളെ സാക്ഷിയാക്കി ആയിരുന്നു പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടന്നത്.
ഉത്തരേന്ത്യന്‍ നഗര ശൈലിയില്‍ ആണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ 392 തൂണുകളിലും 44 വാതിലുകളിലും ദേവീദേവന്മാരുടെ കൊത്തുപണികളുണ്ട്. രാമക്ഷേത്രത്തിന് 380 അടി നീളവും 250 അടി വീതിയും 161 അടി ഉയരവും ആണ് ഉള്ളത്. കൂടാതെ നൃത്യ മണ്ഡപം, രംഗ് മണ്ഡപം, സഭാ മണ്ഡപം, പ്രാര്‍ത്ഥന മണ്ഡപം, കീര്‍ത്തന മണ്ഡപം എന്നിങ്ങനെ ആകെ അഞ്ച് മണ്ഡപങ്ങളും ക്ഷേത്രത്തിലുണ്ട്.












Click it and Unblock the Notifications