റമദാന്‍ ശനിയാഴ്ചയോ ഞായറാഴ്ചയോ? സൗദി അറേബ്യ, യുഎഇ, ഇന്ത്യ എന്നിവിടങ്ങളിലെ സാധ്യത ഇങ്ങനെ
ഹിജ്‌റ കലണ്ടറിലെ ഒമ്പതാം മാസമാണ് റമദാന്‍. മുസ്ലിം സമൂഹം റമദാന്‍ മാസം മുഴുവന്‍ പകല്‍ വ്രതം എടുക്കാറുണ്ട്. പ്രാര്‍ഥനകള്‍ക്ക് പ്രത്യേകം ഊന്നല്‍ നല്‍കുന്ന വിശ്വാസികള്‍ സല്‍ക്കര്‍മങ്ങള്‍ അധികരിപ്പിക്കുകയും ചെയ്യും. പകല്‍ വ്രതവും രാത്രി പ്രാര്‍ഥനകളുമായി കഴിയുകയാണ് ചെയ്യുക. എന്നാണ് റമദാന്‍ ആരംഭിക്കുക എന്നത് സംബന്ധിച്ച് വലിയ തോതിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍.
മാര്‍ച്ച് ഒന്ന് ശനിയാഴ്ച മുതല്‍ റമദാന്‍ ആരംഭിക്കുമെന്നാണ് പൊതുവേ കരുതുന്നത്. സൗദി അറേബ്യ, യുഎഇ, പാകിസ്താന്‍, ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ എന്നാണ് റമദാന്‍ ഒന്ന് തുടങ്ങാന്‍ സാധ്യത എന്ന് വിശദീകരിക്കാം. ചാന്ദ്ര മാസപ്പിറവി അടിസ്ഥാനമാക്കിയാണ് പുതിയ അറബി മാസം പിറക്കുന്നത് ഖാസിമാര്‍ കണക്കാക്കുക.

വെള്ളിയാഴ്ച വൈകീട്ട് ചാന്ദ്രമാസപ്പിറവി നിരീക്ഷിക്കണം എന്ന് പൗരന്മാരോട് സൗദി സുപ്രീംകോടതി അഭ്യര്‍ഥിച്ചിട്ടുണ്ട്. അന്ന് ശഅബാന്‍ 29 ആയതിനാല്‍ പുതിയ മാസപ്പിറ കാണാനുള്ള സാധ്യത കൂടുതലാണ്. വെള്ളിയാഴ്ച സന്ധ്യയ്ക്ക് പുതിയ മാസപ്പിറവി കണ്ടാല്‍ ശനിയാഴ്ച മുതല്‍ റമദാന്‍ ആരംഭിക്കും. മാര്‍ച്ച് ഒന്നും റമദാന്‍ ഒന്നും ഒരേ ദിവസമായിരിക്കുമെന്ന് ചുരുക്കം.
വെള്ളിയാഴ്ച മാസപ്പിറവി കണ്ടില്ലെങ്കില്‍ ഞായറാഴ്ച റമദാന്‍ ഒന്നായി ഉറപ്പിക്കാം. യുഎഇയിലും സമാനമായ നിലയില്‍ തന്നെയാണ് കാര്യങ്ങള്‍. വെസ്റ്റ് ഏഷ്യ, ആഫ്രിക്കയുടെ ഭൂരിഭാഗം ഭാഗങ്ങള്‍, തെക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലെല്ലാം വെള്ളിയാഴ്ച വൈകീട്ട് റമദാന്‍ മാസപ്പിറവി കാണാന്‍ സാധ്യതയുണ്ട് എന്ന് അബൂദാബി ഇന്റര്‍നാഷണല്‍ അസ്‌ട്രോണമിക്കല്‍ സെന്റര്‍ അനുമാനിക്കുന്നു.
ഇന്ത്യയില്‍ ശനിയാഴ്ച റമദാന്‍ മാസപ്പിറവി കണാന്‍ സാധ്യതയുള്ളതായി വിലയിരുത്തുന്നു. ശനിയാഴ്ച റമദാന്‍ മാസം കണ്ടാല്‍ ഞായറാഴ്ച മുതല്‍ വ്രതം ആരംഭിക്കും. വെള്ളിയാഴ്ചയും പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ വാന നിരീക്ഷണത്തിന് സൗകര്യം ഒരുക്കുന്നുണ്ട്. മാസം കണ്ടുവെന്ന് ആരെങ്കിലും അറിയിച്ചാല്‍ പ്രാദേശിക ഖാസിമാര്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തിയ ശേഷമാണ് അന്തിമ തീരുമാനം എടുക്കുക.
പാകിസ്താനില്‍ ശനിയാഴ്ച വൈകീട്ട് റമദാന്‍ മാസം കാണുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികള്‍. അത് ശരിയായാല്‍ ഞായറാഴ്ച മുതല്‍ വ്രതം ആരംഭിക്കും. ഇന്തോനേഷ്യ, മലേഷ്യ, തുര്‍ക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെല്ലാം മാര്‍ച്ച് ഒന്ന് മുതല്‍ റമദാന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി അറേബ്യയില്‍ നിന്നുള്ള പ്രഖ്യാപനം വരുന്നത് നോക്കിയാണ് അമേരിക്കയിലെയും ബ്രിട്ടനിലെയും റമദാന്‍ വ്രതാരംഭം തീരുമാക്കുക.
പ്രഭാതം മുതല്‍ പ്രദോഷം വരെ അന്ന പാനീയങ്ങൡ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുന്നതാണ് മുസ്ലിങ്ങളുടെ നോമ്പ്. അതിരാവിലെ അത്താഴം കഴിക്കുന്ന പതിവുണ്ട്. വൈകീട്ട് വ്രതം തീരുന്ന സമയം കാരക്കയോ വെള്ളമോ ഉപയോഗിച്ച് നോമ്പ് മുറിക്കാം. റമദാന്‍ മാസം മുഴുവന്‍ ഈ രീതി തുടര്‍ന്ന ശേഷം ശവ്വാല്‍ ഒന്നിന് ചെറിയ പെരുന്നാള്‍ ആഘോഷിക്കും.












Click it and Unblock the Notifications