സൗദി അടിമുടി മാറുന്നു: എംബിഎസിന്റെ നീക്കങ്ങള്‍ വെറുതെയായില്ല, പറന്നെത്തിയത് കോടികള്‍
കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി സൗദി അറേബ്യയുടെ പ്രധാന വരുമാന സ്രോതസ്സ് എണ്ണയാണ്. എണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ വലിയ രീതിയില്‍ തന്നെ ബാധിക്കുകയും ചെയ്യുന്നു. എണ്ണ പ്രധാന വരുമാന മാർഗ്ഗമായി നില്‍ക്കുമ്പോള്‍ തന്നെ മറ്റ് മേഖലകളും വികസിക്കണമെന്നും അതില്‍ നിന്നും വരുമാനം നേടണവുമെന്ന ചിന്തയിലേക്ക് സൗദി നീങ്ങുന്നത് മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായി എത്തുന്നതോടെയാണ്.
ഏറ്റവും വെല്ലുവിളി നിറഞ്ഞ ടൂറിസം മേഖല വികസിപ്പിക്കുകയെന്ന വെല്ലുവിളിയായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്‍ എടുത്ത പ്രധാന തീരുമാനം. ഇതിനായി രാജ്യത്തെ കടുത്ത നിയമങ്ങളില്‍ പലരും പരിഷ്കരിക്കുകയും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതെല്ലാം വലിയ രീതിയില്‍ ഫലം കണ്ട് തുടങ്ങി എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

സൗദി സെൻട്രൽ ബാങ്കിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തിലെ ആദ്യ മൂന്ന് പാദത്തിൽ രാജ്യത്ത് എത്തിയ സന്ദർശകർ ചിലവഴിച്ച തുക റെക്കോർഡ് ഉയർന്ന നിരക്കായ 102.6 ബില്യൺ റിയാലായി (27.36 ബില്യൺ ഡോളർ) ഉയർന്നു. 2022 ലെ ഇതേ കാലയളവിലെ നിരക്കില്‍ നിന്നും 53 ശതമാനം വർദ്ധനവാണ് ഇത്തവണയുണ്ടായതെന്നാണ് ടൂറിസം മന്ത്രാലയം തിങ്കളാഴ്ച എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.
ജനുവരി മുതൽ സെപ്‌റ്റംബർ വരെയുള്ള കാലയളവിൽ രാജ്യത്ത് നിന്നുള്ള ഔട്ട്‌ബൗണ്ട് യാത്രക്കാർ 64.8 ബില്യൺ റിയാൽ ചെലവഴിച്ചു. രാജ്യത്തേക്ക് എത്തിയ യാത്രക്കാർ ചിലവഴിച്ച തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ അതേ തുകയേക്കാൾ 72 ശതമാനം കൂടുതലാണ് ഇത്. യുഎന്നിന്റെ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ റിപ്പോർട്ട് അനുസരിച്ച്, 2023 ന്റെ ആദ്യ മുക്കാൽ പാദത്തിൽ മുൻനിര, വികസ്വര രാജ്യങ്ങളുടെ G20 ഗ്രൂപ്പിൽ ഇൻബൗണ്ട് ടൂറിസത്തിന്റെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കുകളിലൊന്നും സൗദി അറേബ്യ കൈവരിച്ചു.
കോവിഡ് പാൻഡെമിക്കിന് ശേഷം രാജ്യത്തെ ടൂറിസം മേഖല പടിപടിയായ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളും ആഭ്യന്തര, വിദേശ സന്ദർശകരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് റിപ്പോർട്ട് ചെയ്യുന്നതായി സൗദി പ്രസ് ഏജൻസിയും റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തേക്ക് എത്തുന്ന വിദേശ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ തോതില്‍ വർധനവ് ഉണ്ടാകുന്നതായി വിമാന കമ്പനികളില്‍ നിന്നുള്ള കണക്കുകളും കാണിക്കുന്നു.












Click it and Unblock the Notifications