പ്രവാസികൾക്ക് ആശ്വാസ വാർത്ത; അബുദാബിയിൽ പുതിയ സ്കൂൾ വരുന്നു
ഇന്ത്യൻ കുടുംബങ്ങൾക്ക് ആശ്വാസമായി അബുദാബിയിൽ പുതിയ ഒരു സ്കൂൾ കൂടി വരുന്നു. ഭാരതീയ വിദ്യാഭവൻ മിഡിൽ ഈസ്റ്റിനു കീഴിൽ മുസഫയിൽ നൂതന സൗകര്യങ്ങളോടെ പേൾ ഹെറിറ്റേജ് എന്ന പുതിയ വിദ്യാലയം തുറക്കുന്നത്. നിലവിൽ സ്കൂളുകളിൽ വലിയ സീറ്റ് ക്ഷാമമാണ് അനുഭവപ്പെടുന്നത്. കെ.ജി മുതൽ ആറ് വരെയുള്ള ക്ലാസുകളിലേക്കാണ് പ്രവേശനം. ഭവൻസ് പ്രൈവറ്റ് ഇന്റർനാഷനൽ ഇംഗ്ലിഷ് സ്കൂളിന്റെ ഉപസ്ഥാപനമാണിത്.

600 വിദ്യാർഥികൾക്കാണ് ആദ്യ വർഷം പ്രവേശനം ലഭിക്കുക. കെ.ജി 1, 2 ക്ലാസുകളിലേക്കു മാത്രമായി 200 വിദ്യാർഥികൾക്കു കൂടി അഡ്മിഷൻ ലഭിക്കും. ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിൽ ക്ലാസ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് മാനേജ്മെന്റ്. നിലവിലെ ഭവൻസ് സ്കൂളിൽ 250 സീറ്റിലേക്കു വർഷത്തിൽ 5000ത്തിലേറെ അപേക്ഷകൾ ലഭിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ സ്കൂൾ എന്ന തീരുമാനത്തിലേക്ക് എത്തിയത്.
അബുദാബി സിറ്റി, മുസഫ, ബനിയാസ്, അൽഐൻ തുടങ്ങിയ മേഖലകളിലായി ഇന്ത്യൻ സിലബസിൽ (സിബിഎസ്ഇ, കേരള) പ്രവർത്തിക്കുന്ന ഏകദേശം 25ലേറെ സ്വകാര്യ സ്കൂളുകളുണ്ടെങ്കിലും സീറ്റ് കിട്ടാതെ പ്രയാസപ്പെടുന്നവരാണ് ഏറെയും. ഭൂരിഭാഗം സ്കൂളുകളിലേക്കും കെ.ജി അഡ്മിഷൻ നടപടികൾ ഏതാണ്ട് പൂർത്തിയായി. ചില സ്കൂളുകളിൽ പരിമിതമായ സീറ്റുകളിലേക്കു നൂറുകണക്കിന് അപേക്ഷകളാണ് വെയിറ്റ് ലിസ്റ്റിൽ ഉള്ളത്. അതിനാൽ പുതിയ സ്കൂൾ എത്തുന്നത് മലയാളികൾക്ക് ഉൾപ്പടെ അനുഗ്രഹമാണ്.












Click it and Unblock the Notifications