റിയാദ് മെട്രോ ഈ മാസം 27 ന് പ്രവർത്തനം ആരംഭിക്കും; വിശദമായി അറിയാം
റിയാദ്: റിയാദ് മെട്രോ ഈ മാസം 27 ന് പ്രവർത്തനം ആരംഭിക്കും. ആദ്യ ഘട്ടമായി ഒലയ-ബത്ഹ-അൽ ഹൈർ ബ്ലൂ ലൈൻ കിങ് അബ്ദുള്ള റോഡിന് സമാന്തരമായ റെഡ് ലൈൻ. അബ്ദുൾ റഹ്മാൻ ബിൻ ഔഫ് റോഡിനും ശൈഖ് ഹസൻ ബിൻ ഹുസൈൻ റോഡിനും സമാന്തരമായ വയലറ്റ് ലൈനുകളിലാണ് ആദ്യം ട്രെയിൻ ഓടിത്തുടങ്ങുക.
ബാക്കിയുള്ള മൂന്ന് ലൈനുകളിൽ ഡിസംബർ അഞ്ച് മുതൽ ട്രെയിൻ സർവീസ് ആരംഭിക്കും. മദീന മുനവ്വറ റോഡിനും സഊദ് ബിൻ അബ് ദുൽ റഹ്മാൻ അൽ അവ്വൽ റോഡിനും സമാന്തരമായ ഓറഞ്ച് ലൈൻ, റിയാദ് കിങ് ഖാലിദ് ഇന്റർ നാഷണൽ എയർപോർട്ടിൽ നിന്നുള്ള യെല്ലോ ലൈൻ, കിങ് അബ്ദുൽ അസീസ് റോഡിന് സമാന്തരമായ ഗ്രീൻ ലൈൻ എന്നിവയിലൂടെ ബാക്കി ട്രെയിനുകൾ കൂടി ഓട്ടം ആരംഭിക്കുന്നതോടെ റിയാദ് മെട്രോ റെയിൽ പദ്ധതി പൂർണം ആവും. റിയാദ് സിറ്റി റോയൽ കമ്മീഷനാണ് മെട്രോയുടെ നടത്തിപ്പുകാർ.

ലോകത്തെ എറ്റവും ദൈർഘ്യമുള്ള മെട്രോ റെയിൽ പദ്ധതിയാണ് റിയാദിലേത്. ആറ് ലൈനുകളിലായി 176 കിലോ മീറ്റർ ദൈർഘ്യമാണ് ആകെയുള്ളത്. ഇതിൽ 46. 3 കിലോ മീറ്റർ ഭൂമിക്കടിയിലൂടെയാണ്. ഇതിൽ 35 കിലോ മീറ്റർ തുരങ്കുപാത ഒലയ ബത്ഹ അൽ ഹൈർ ബ്ലൂ ലൈനിലാണ്. 176 കിലോ മീറ്റർ പാതക്കടിയിൽ ആകെ 84 മെട്രോ സ്റ്റേഷനുകൾ ഉണ്ട്. അതിൽ മൂന്നെണ്ണം ഏറ്റവും വലുതാണ്. അതിൽ ഒന്ന് ബത്ഹതിയിലാണ്. ബ്ലൂ, റെഡ്, ഓറഞ്ച്, യെല്ലോ, ഗ്രീൻ, വയലറ്റ് എന്നീ ആറ് നിറങ്ങളാണ് റെയിൽ പാതയ്ക്കും ട്രെയിനുകൾക്കും നൽകിയിട്ടുള്ളത്.
ഓരോ ട്രെയിനിനും അതത് നിറങ്ങളുടെ പേരാണ്. നിലവിൽ റിയാദ് നഗരത്തിലെ വിവധ റൂട്ടുകളിലായി ആയിരത്തോളം ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഈ സർവീസുകൾ അതതിടങ്ങളിലെ മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കും. അബ്ദുല്ല രാജാവിന്റെ ഭരണകാലത്താണ് റിയാദ് മെട്രോയും ബസ് സർവീസുകളും ഉൾപ്പെട്ട സമ്പൂർണ പൊതുഗതാഗത പദ്ധതിക്കായി കിങ്ങ് അബ്ദുൽ അസീസ് പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റം പ്രഖ്യാപിക്കപ്പെട്ടത്. 2012 ഏപ്രിലിൽ സൗദി മന്ത്രിസഭ പദ്ധതിക്ക് അനുമതി നൽകി. 2013 ൽ നിർമാണം ആരംഭിച്ചു. ബഹുരാഷ്ട്ര കമ്പനികളാണ് നിർമാണ് ജോലികൾ നിർവഹിച്ചത്.












Click it and Unblock the Notifications