കടം വാങ്ങി നാട്ടിലേക്ക് പണം അയക്കുന്നത് എന്തിന്? ഇന്ത്യന്‍ രൂപ തകര്‍ന്നടിഞ്ഞു, പ്രവാസികള്‍ അറിയേണ്ടത്
ദുബായ്: ഇന്ത്യന്‍ രൂപ എക്കാലത്തെയും ഇടിവിലാണുള്ളത്. ഒരു ഡോളറിന് 89.71 രൂപ എന്ന നിരക്കില്‍ വരെ ഇടിഞ്ഞു. വ്യാഴാഴ്ചയ്ക്ക് ശേഷം 1.03 രൂപ വരെ താഴ്ന്നത് പ്രവാസികള്‍ക്ക് വലിയ നേട്ടമുണ്ടാക്കി. ഈ വേളയില്‍ ചില പ്രവാസികള്‍ കൈവിട്ട നീക്കങ്ങള്‍ നടത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇന്ത്യന്‍ രൂപ ഇനിയും ഇടിഞ്ഞേക്കുമെന്ന സൂചനയാണ് വിപണിയില്‍ നിന്നുള്ളത്.
ഇന്ത്യന്‍ രൂപ ഈ വര്‍ഷം വലിയ മൂല്യത്തകര്‍ച്ചയാണ് നേരിടുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ വിദേശ വ്യാപാര കമ്മി വര്‍ധിക്കുകയാണ്. രൂപയുടെ ശക്തി വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ വിജയിക്കുന്നില്ല. ഇന്ത്യയുടെ കയറ്റുമതി മേഖല വലിയ പ്രതിസന്ധി നേരിടുകയും ചെയ്യുന്നു. അമേരിക്കയുമായി രമ്യതയില്‍ എത്തുന്നത് വൈകുന്നതും പ്രതിസന്ധിയാണ്.

അമേരിക്കന്‍ ഡോളര്‍ കരുത്താര്‍ജിക്കാന്‍ തുടങ്ങിയതാണ് ഇന്ത്യന്‍ രൂപയ്ക്ക് വെല്ലുവിളിയായത്. ഡോളര്‍ ഇന്‍ഡക്‌സ് ഏറെ കാലത്തിന് ശേഷം 100 കടന്നു കുതിച്ചു. ഇതോടെ ഇന്ത്യന്‍ രൂപ 89ലേക്ക് വീണത്. വൈകാതെ 90 രൂപ എന്ന നിരക്കിലേക്ക് ഇന്ത്യന്‍ കറന്‍സി ഇടിഞ്ഞേക്കും. ഡോളര്‍ വിറ്റഴിച്ച് രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ ആര്‍ബിഐ ശ്രമിക്കുമെന്നാണ് സൂചനകള്‍.
പ്രവാസികള്‍ക്ക് ശമ്പളം കിട്ടാന്‍ ഇനിയും ഒന്നര ആഴ്ചയോളമുണ്ട്. ഈ വേളയിലാണ് രൂപയുടെ മൂല്യം ഇടിഞ്ഞിരിക്കുന്നത്. അതുകൊണ്ട് കടം വാങ്ങി ചിലര്‍ നാട്ടിലേക്ക് പണം അയച്ച് ലാഭം കൊയ്യാന്‍ ശ്രമിച്ചേക്കാം. തിടുക്കത്തിലുള്ള ഇത്തരം നീക്കങ്ങള്‍ കൈവിട്ട കളിയാണ്. രൂപയുടെ മൂല്യം അതിവേഗം കുതിച്ചുയരാന്‍ സാധ്യതയില്ലാത്തതിനാല്‍ ഇത്തരം നീക്കങ്ങള്‍ ആവശ്യമില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
രൂപ മൂല്യം ഇടിയാന്‍ കാരണം
അമേരിക്കയും ഇന്ത്യയും തമ്മില്‍ വ്യാപാര ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും അന്തിമ കരാറില്‍ എത്തിയിട്ടില്ല. ചൈനയുമായി അമേരിക്ക കരാറിലെത്തി എങ്കിലും ഇന്ത്യയുമായി ചര്‍ച്ച തുടരുകയാണ്. ചുങ്കം കുറയ്ക്കണം എന്നാണ് ഇന്ത്യയുടെ ആവശ്യം. ഇന്ത്യ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത് അമേരിക്കയിലേക്കാണ്. അതാണിപ്പോള്‍ പ്രതിസന്ധിയിലായത്. കയറ്റുമതി പ്രതിസന്ധിയിലാകുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കും.
മറ്റു വിപണികള്‍ കണ്ടെത്താന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടെങ്കിലും ഇതിന് കാലതാമസം വേണ്ടി വരും. ഡോളര്‍ കരുത്ത് കൂടിയതോടെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പലരും ഡോളറിലേക്ക് തിരിയുന്നുണ്ട്. അതും രൂപയ്ക്ക് തിരിച്ചടിയായി. സെന്‍സെക്‌സും നിഫ്റ്റിയും ഇടിഞ്ഞതും വിപരീത ഫലം ചെയ്തു. ക്രൂഡ് ഓയില്‍, ഇലക്ട്രോണിക് വസ്തുക്കള്‍ എന്നിവയുടെ ഇറക്കുമതി ഇന്ത്യയ്ക്ക് ചെവവേറും.
അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ വേഗം തീര്‍ത്ത് കരാറിലെത്തിയാല്‍ രൂപ കരുത്ത് കൂടിയേക്കും. ഇക്കാര്യത്തില്‍ കയറ്റുമതി രംഗത്തുള്ളവര്‍ സര്‍ക്കാരിന്റെ അതിവേഗ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. രൂപ മൂല്യം കുറഞ്ഞാല്‍ ഇറക്കുമതി ചെലവേറും. കൂടുതല്‍ പണം വിദേശത്തേക്ക് ഒഴുകുന്ന സാഹചര്യം വരും. എന്നാല്‍ പ്രവാസികള്‍ക്ക് കൂടുതല്‍ പണം കൈയ്യിലെത്തുന്ന സാഹചര്യമാണിത്.












Click it and Unblock the Notifications