ശമ്പളം കിട്ടുന്ന വേളയില്‍ തന്നെ ആയത് നന്നായി; രൂപ വീണ്ടും കൂപ്പുകുത്തി, പ്രവാസികള്‍ ആഹ്ലാദത്തില്‍
ദുബായ്: ഇന്ത്യന്‍ രൂപ അടിക്കടി താഴ്ചയിലേക്ക് പോകുന്നു. രൂപയുടെ മൂല്യം ഇടിയുന്നത് അവശ്യവസ്തുക്കളുടെ വില വര്‍ധിപ്പിക്കും. മാത്രമല്ല, ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ വില കൂടാനും കാരണമാകും. ആഭ്യന്തരമായി വലിയ തിരിച്ചടിയാണ് ഇത് സമ്മാനിക്കുക. രൂപയുടെ മൂല്യം വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ശ്രമിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടെങ്കിലും ഫലം കാണുന്നില്ല.
എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ കാര്യം മറിച്ചാണ്. പ്രത്യേകിച്ച് അമേരിക്കയിലും യൂറോപ്പിലും ഗള്‍ഫിലുമെല്ലാം ജോലി ചെയ്യുന്നവരുടെ. പ്രവാസികല്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ തോത് വര്‍ധിക്കും. അവര്‍ക്ക് ലാഭം കൂടുതല്‍ കിട്ടുകയും ചെയ്യും. കഴിഞ്ഞ മാസം അയച്ച അതേ തുക തന്നെ ഇത്തവണ അയച്ചാലും കൂടുതല്‍ മൂല്യം കിട്ടുമെന്ന് ചുരുക്കം. രൂപയുടെ ഇപ്പോഴത്തെ നിലവാര വിവരങ്ങള്‍ അറിയാം...

കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഇന്ത്യന്‍ രൂപ വലിയ തോതില്‍ ഇടിയുകയാണ്. ശനിയാഴ്ചയ്ക്ക് പുറമെ ഇന്നും മൂല്യം ശോഷിച്ചു. ഡോളറിനെതിരെ 88.33 എന്ന നിരക്കിലേക്കാണ് രൂപ താഴ്ന്നത്. അതായത്, ഒരു ഡോളര്‍ കിട്ടാന്‍ 88.33 രൂപ നല്‍കണം. രൂപയുടെ എക്കാലത്തെയും തകര്‍ച്ചയാണിത്. ഇവിടെയും നില്‍ക്കില്ലെന്നും ഇനിയും മൂല്യം കുറയുമെന്നും പറയപ്പെടുന്നു.
രൂപയുടെ മൂല്യം ഇടിയാന്‍ കാരണം ഇതാണ്
അമേരിക്ക ഉയര്‍ന്ന താരിഫ് ചുമത്തിയതോടെ ഇന്ത്യയുടെ കയറ്റുമതി പ്രതിസന്ധിയിലായിട്ടുണ്ട്. ഇന്ത്യയുടെ കയറ്റുമതി വ്യാപാരം പ്രധാനമായും അമേരിക്കയുമായിട്ടാണ്. അതില്‍ ഇടിവ് വന്നാല്‍ ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കും. കൂടുതല്‍ ഞെരുക്കത്തിലേക്ക് സാമ്പത്തിക രംഗം വീഴും. ഈ പ്രതിസന്ധി രൂപയുടെ മൂല്യം നഷ്ടപ്പെടുത്തും. മാത്രമല്ല, ഓഹരികള്‍ വിറ്റഴിച്ച് നിക്ഷേപകര്‍ മറ്റുവഴികള്‍ നോക്കുന്ന സാഹചര്യവും വരികയാണ്.
ഇത് രൂപയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. ഇറക്കുമതി ചെലവേറിയതാകുകയും ചെയ്യും. ഇന്ത്യയിലേക്ക് വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന് വലിയ വില നല്‍കേണ്ട അവസ്ഥയാണിപ്പോള്‍. ആവശ്യമുള്ളതിന്റെ 80 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്ന വസ്തുവാണ് ക്രൂഡ് ഓയില്‍. ക്രൂഡ് ഇടപാട് ഡോളറിലാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ ഡോളര്‍ ചെലവഴിക്കേണ്ട അവസ്ഥയാണ്. വിദേശ കരുതല്‍ ധനം കുറയാനും വഴിയൊരുങ്ങി.
യുഎഇ പ്രവാസികള്‍ക്ക് സന്തോഷം
ഈ സാഹചര്യത്തില്‍ നേട്ടമുണ്ടാക്കുന്നവര്‍ പ്രവാസികള്‍ മാത്രമാണ്. ദിര്‍ഹം 24 രൂപ പിന്നിട്ടു എന്നാണ് വിവരം. ഗള്‍ഫ് പ്രവാസികള്‍ കൂടുതലായി ഈ വേളയില്‍ പണം നാട്ടിലേക്ക് അയക്കുമെന്നാണ് പ്രതീക്ഷ. മാസാദ്യത്തില്‍ ശമ്പളം കിട്ടുന്നവര്‍ അവസരം പ്രയോജനപ്പെടുത്തും. അതേസമയം, ഇനിയും രൂപ താഴുമെന്ന് പ്രതീക്ഷിച്ച് ശമ്പളം നാട്ടിലേക്ക് അയക്കാതെ പിടിച്ചുവയ്ക്കുന്നവരുമുണ്ട് എന്നാണ് പ്രവാസികള്‍ പറയുന്നത്.
വ്യാപാരം ശക്തിപ്പെടുത്താന്‍ ഇന്ത്യ ശ്രമം തുടങ്ങിയിട്ടുണ്ട്. ജപ്പാന്‍, ചൈന, റഷ്യ, യുറേഷ്യന്‍ രാജ്യങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവരുമായുള്ള വ്യാപാരം ശക്തിപ്പെടുത്താനാണ് നീക്കം. മാത്രമല്ല, കയറ്റുമതി രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഇളവുകള്‍ പരിഗണനയിലാണ്. ആഭ്യന്തര വിപണിക്ക് ഊര്‍ജം പകരാന്‍ ജിഎസ്ടി നിരക്കില്‍ ഉടന്‍ ഇളവ് പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications