സൗദി അറേബ്യ ശമ്പളം വര്‍ധിപ്പിച്ചു; മിനിമം കൂലി ഇനി 125000 രൂപ, രണ്ടു ഘട്ടങ്ങളായി പദ്ധതി നടപ്പാക്കും
റിയാദ്: സൗദി അറേബ്യ ശമ്പളത്തില്‍ കാതലായ മാറ്റം വരുത്തുന്നു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പൗരന്മാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കാനാണ് തീരുമാനം. സ്വദേശിവല്‍ക്കരണം പദ്ധതിയുടെ ഭാഗമായിട്ടാണിത്. ഒരു ജീവനക്കാരന്റെ കുറഞ്ഞ കൂലി പ്രതിമാസം 5000 റിയാലാക്കി ഉയര്‍ത്തും. അതായത്, ഏകദേശം 1.25 ലക്ഷം രൂപ. രണ്ടു ഘട്ടങ്ങളായിട്ടാണ് പുതിയ തീരുമാനം നടപ്പാക്കുക എന്ന് മാനവ വിഭവ ശേഷി മന്ത്രാലയം അറിയിക്കുന്നു.
ആറ് മാസം കഴിഞ്ഞാലാണ് ശമ്പളം വര്‍ധിപ്പിക്കുക. അടുത്ത വര്‍ഷം ഏപ്രില്‍ 25 മുതല്‍ പ്രതിമാസ ശമ്പളം 5000 റിയാല്‍ ആക്കി ഉയര്‍ത്തും. 2028 ഏപ്രില്‍ മുതല്‍ 6000 റിയാല്‍ ആക്കിയും ഉയര്‍ത്തും. നിതാഖാത്ത് പ്രകാരം സൗദി പൗരനെ പൂര്‍ണസമയ ജീവനക്കാരനായി പരിഗണിക്കുമ്പോഴുള്ള മിനിമം കൂലിയുടെ പരിധിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

സൗദിയില്‍ അടുത്ത കാലത്തായി സ്വദേശിവല്‍ക്കരണം വിപുലീകരിച്ച് നടപ്പാക്കി വരികയാണ്. ഓരോ സ്വകാര്യ കമ്പനിയിലും നിശ്ചിത എണ്ണം സ്വദേശികള്‍ക്ക് ജോലി നല്‍കണം എന്നാണ് നിയമം. നിലവിലുള്ള സൗദി ജീവനക്കാരുടെ ശമ്പളം നേരിട്ട് വര്‍ധിപ്പിക്കണം എന്ന് പുതിയ ഉത്തരവ് നിര്‍ബന്ധിക്കുന്നില്ലെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. എന്നാല്‍ കമ്പനിയുടെ നിതാഖാത്ത് കാറ്റഗറി നിശ്ചയിക്കുമ്പോള്‍ സൗദി ജീവനക്കാരന്റെ പൂര്‍ണ സേവനം രേഖപ്പെടുത്തണം എങ്കില്‍ ശമ്പള പരിധി പാലിക്കണം. അല്ലെങ്കില്‍ സ്വദേശികവല്‍ക്കരണ അനുപാതത്തില്‍ ഭാഗികമായി മാത്രമേ പരിഗണിക്കൂ.
കമ്പനികളുടെ ചെലവ് കൂടും
സൗദി ഭരണകൂടത്തിന്റെ പുതിയ തീരുമാനം സ്വകാര്യ കമ്പനികളുടെ ചെലവ് വര്‍ധിപ്പിക്കും. ഇത് മനസിലാക്കിയാണ് ആറ് മാസത്തെ സാവകാശം നല്‍കുന്നത്. ആറ് മാസം കഴിഞ്ഞാലാണ് പുതിയ ശമ്പള പരിധിയിലേക്ക് മാറേണ്ടത്. കമ്പനികള്‍ക്ക് മുന്നൊരുക്കം നടത്താന്‍ മതിയായ സമയമുണ്ട് എന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. ശമ്പളം, ജീവനക്കാരുടെ ഘടന എന്നിവ സ്വകാര്യ കമ്പനികള്‍ക്ക് ആറ് മാസത്തിനകം നിര്‍ണയിക്കാം.
സൗദിയിലെ സ്വദേശികളെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ശമ്പളം വര്‍ധിപ്പിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും വേതനവും ഉറപ്പാക്കുകയാണ് ലക്ഷ്യം. ഉയര്‍ന്ന ശമ്പളം ലഭിക്കുന്നതോടെ കൂടുതല്‍ സ്വദേശികള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു.
മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ സൗദി അറേബ്യയിലെ സ്വകാര്യ മേഖളയില്‍ ജോലി ചെയ്യുന്നുണ്ട്. ഓരോ കമ്പനിയിലും നിതാഖാത് അനുപാതം പാലിക്കേണ്ടത് നിര്‍ബന്ധമാണ്. സ്വദേശികളെയും വിദേശികളെയും ജോലിക്ക് വെക്കുന്നതിനുള്ള അനുപാതം പാലിക്കുകയും ഉയര്‍ന്ന ശമ്പളം നല്‍കേണ്ടി വരികയും ചെയ്യുമ്പോള്‍ കമ്പനികളുടെ ചെലവ് ഉയരുമെന്നതാണ് എടുത്തുപറയേണ്ടത്.


Click it and Unblock the Notifications
