സൗദി തന്ത്രം മാറ്റി; മാറാതെ യുഎഇ, കുതിക്കും: എണ്ണ ഉത്പാദനത്തില്‍ പുതിയ നീക്കങ്ങള്‍, വന്‍ പദ്ധതി
ക്രൂഡ് ഓയില്‍ ഉത്പാദന മേഖലയില്‍ വന്‍ നിക്ഷേപം നടത്തി യുഎഇ. 2027 ഓടെ കൂടുതല്‍ ഉത്പാദനം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് യു എ ഇയുടെ നീക്കം. ഒപ്പെക് രാജ്യങ്ങളുമായുള്ള കരാറുകള്‍ കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി യുഎഇയുടെ യഥാർത്ഥ ഉൽപ്പാദനം ശരാശരി 3 ദശലക്ഷം ബിപിഡിയിൽ താഴെയാണ്. എന്നാല്‍ ഇതിന് കാര്യമായ രീതിയില്‍ തന്നെ മാറ്റം വരുത്താനാണ് യു എ ഇ അധികൃതർ ലക്ഷ്യമിടുന്നത്.
യുഎഇ ദേശീയ എണ്ണ കമ്പനിയായ അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC) 2027 ഓടെ അസംസ്‌കൃത എണ്ണ ഉൽപ്പാദന ശേഷി 5 ദശലക്ഷം ബി പി ഡി ആയി ഉയർത്താൻ ലക്ഷ്യമിടുന്നുവെന്നാണ് മിഡിൽ ഈസ്റ്റ് ഇക്കണോമിക് സർവ്വേ വ്യക്തമാക്കുന്നത്. 2027 ഓടെ ഈ ലക്ഷ്യം കൈവരിക്കുന്നതിനായി അഡ്നോക്ക് വലിയ രീതിയുള്ള നിക്ഷേപങ്ങളാണ് നടത്തി വരുന്നത്.

കമ്പനി 2023 മുതൽ 2027 വരെ മൂലധനച്ചെലവുകൾക്കുള്ള ആസൂത്രിത ചെലവ് 150 ബില്യൺ ഡോളറായി ഉയർത്തുകയും ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നിരവധി വിപുലീകരണ പദ്ധതികൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ സ്ഥലങ്ങളിൽ ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിലും യുഎഇ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. അബുദാബി, ഷാർജ, റാസൽഖൈമ എമിറേറ്റുകൾ എണ്ണ ഉത്പാദനത്തിനായി കൂടുതല്‍ മേഖലകളില്‍ പര്യവേക്ഷണം നടത്തിയിരുന്നു.
നിലവില്‍ യുഎഇയുടെ ഉൽപ്പാദന ശേഷി 4.3 ദശലക്ഷം ബി പി ഡി മുതൽ 4.4 ദശലക്ഷം ബി പി ഡി വരെയാണെന്നാണ് ചില റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അത്രയും ഉത്പാദനം ഇപ്പോള്‍ രാജ്യത്ത് നടക്കുന്നില്ല. ഉൽപ്പാദന വർദ്ധനവ് യാഥാർത്ഥ്യമായാൽ, അതിന്റെ ഭൂരിഭാഗവും കയറ്റുമതി ചെയ്യപ്പെടും.
2022-ൽ ലോകത്തിലെ മൊത്തം ദ്രവ ഇന്ധന ഉൽപ്പാദനത്തിൽ യുഎഇ ഏഴാമത്തെ വലിയ രാജ്യവും ഒപെക് രാജ്യങ്ങളിൽ മൂന്നാമത്തെതുമായിരുന്നു. 2022 ലെ 107 ബില്യൺ ബാരലിൽ നിന്ന് വ്യത്യസ്തമായി 2023 ൻ്റെ തുടക്കത്തിൽ 111 ബില്യൺ ബാരൽ അസംസ്‌കൃത എണ്ണ ശേഖരം യുഎഇ കൈവശം വച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, സൗദി അറേബ്യ എണ്ണ ഉത്പാദനം കുറയ്ക്കാന്‍ നോക്കുമ്പോവാണ് യുഎഇ ഉത്പാദനം വർധിപ്പിക്കാന്‍ ലക്ഷ്യമിടുന്നത് എന്നതാണ് ശ്രദ്ധേയം. എണ്ണ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കാനുള്ള അരാംകോയുടെ നീക്കം സൗദി സർക്കാർ തടയുകയായിരുന്നു. എണ്ണ ഉല്‍പ്പാദന ശേഷി പ്രതിദിനം 13 ദശലക്ഷം ബാരലായി ഉയര്‍ത്താനായിരുന്നു അരാംകോയുടെ നീക്കം.
എന്നാല്‍ ഇതില്‍ നിന്നും പിന്മാറി 12 ദശലക്ഷം ബാരല്‍ ശേഷി ലക്ഷ്യമിട്ടാല്‍ മതിയെന്നാണ് നിർദേശം നിലവില്‍ സൗദി അറേബ്യ 9 ദശലക്ഷം ബാരലാണ് പ്രതിദിനം ഉല്‍പ്പാദിപ്പിക്കുന്നത്. എണ്ണ ഇതര സമ്പദ് വ്യവസ്ഥയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സൗദിയുടെ നീക്കം.












Click it and Unblock the Notifications