യുഎഇയില്‍ നിന്ന് ജിദ്ദയിലേക്ക്; സൗദി അറേബ്യയ്ക്ക് വന്‍ ലക്ഷ്യങ്ങള്‍... ഖത്തര്‍ നല്‍കിയ ധൈര്യം
ജിദ്ദ: സൗദി അറേബ്യ കായിക മേഖലയിലേക്ക് ചുവടുവച്ചത് വന്‍ ലക്ഷ്യങ്ങളോടെയാണ്. ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് വേദിയാകാന്‍ മാത്രമല്ല, ക്രിക്കറ്റ് രംഗത്തും പണം വാരിയെറിയാനാണ് തീരുമാനം. ബോക്‌സിങ്, കാര്‍ റൈസിങ്, ബാഡ്മിന്റണ്‍ തുടങ്ങി എല്ലാ കായിക രംഗത്തേക്കും സൗദി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. സൗദിയുടെ നീക്കങ്ങള്‍ സംശയത്തോടെ കാണുന്നവരും നിരവധിയാണ്.
2022ല്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന് മനോഹര വേദിയായി ഖത്തര്‍ കാണിച്ചുകൊടുത്ത ധൈര്യമാണ് സൗദിക്കുള്ളത്. സൗദി കിരീടവകാശി അന്ന് ഖത്തറിലെ സ്‌റ്റേഡിയത്തില്‍ വന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു. യുഎഇയും നിരവധി കായിക മല്‍സരങ്ങള്‍ക്ക് വേദിയാകുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ ലേലം നടന്നത് ദുബായിലായിരുന്നു. ഇത്തവണ ജിദ്ദയിലാണ്. ഒരു കോടിയിലധികം വരുന്ന വിദേശികളുടെ സാന്നിധ്യം ഇക്കാര്യത്തില്‍ സൗദിക്ക് പ്രതീക്ഷ നല്‍കുന്നു.

ഐപിഎല്‍ ലേലം ഇന്നും നാളെയുമാണ് ജിദ്ദയില്‍ നടക്കുന്നത്. പണം വാരിയെറിയുന്ന ലേലം ആഗോള കായിക പ്രേമികള്‍ ശ്രദ്ധയോടെ വീക്ഷിക്കും. പ്രത്യേകിച്ച് ഏഷ്യന്‍ രാജ്യങ്ങളിലെ ക്രിക്കറ്റ് ഇഷ്ടക്കാര്‍. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ക്രിക്കറ്റ് ചര്‍ച്ചയ്ക്കും ലേലത്തിനും സൗദി വേദിയാകുമെന്ന് ആരും കരുതിയതല്ല. എന്നാല്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പദ്ധതികള്‍ മറ്റു ചിലതാണ്.
കായിക രംഗത്ത് കൂടുതല്‍ ഇടപെടാനാണ് സൗദിയുടെ തീരുമാനമെന്ന് സൗദി ക്രിക്കറ്റ് ഫെഡറേഷന്‍ ചെയര്‍മാന്‍ പ്രിന്‍സ് സൗദ് ബിന്‍ മിശ്അല്‍ പറഞ്ഞു. ലോകോത്തര താരങ്ങള്‍ പങ്കെടുത്ത ഫുട്‌ബോള്‍, ബോക്‌സിങ് മല്‍സരങ്ങള്‍ സൗദിയില്‍ നടന്നത് ഇതിന് ഉദാഹരണമാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവരെ സൗദി ക്ലബ്ബുകള്‍ സ്വന്തമാക്കിയതും ലോക കായിക ശ്രദ്ധ സൗദിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.
ഫോര്‍മുല വണ്‍ കാര്‍ റൈസിങും ടെന്നിസ്, ഗോള്‍ഫ് മല്‍സരങ്ങളും സൗദിയില്‍ നടത്താന്‍ സാധിച്ചതും കായിക രംഗത്തേക്കുള്ള സൗദിയുടെ അതിവേഗ ചുവടിന്റെ ഭാഗമാണ്. ഇത് സംശയത്തോടെ കാണുന്നവരുമുണ്ട്. തങ്ങളുടെ ക്രൂരമായ മുഖംമറയ്ക്കാണ് സൗദി ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്ന് ചില പശ്ചാത്യ മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നു. ജമാല്‍ ഖഷോഗിയുടെ തിരോധാനം ഉള്‍പ്പെടെ അവര്‍ എടുത്തുകാട്ടുകയും ചെയ്യുന്നു.
എന്നാല്‍ സൗദി കൂടുതല്‍ വരുമാന മാര്‍ഗം തേടുകയാണ്. കായികം, വിനോദ സഞ്ചാരം, റിയല്‍ എസ്‌റ്റേറ്റ് ഉള്‍പ്പെടെയുള്ള മേഖലയിലും വ്യവസായ വിപുലീകരണത്തിലുമാണ് നിലവില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്. കായിക രംഗത്ത് ഫുട്‌ബോള്‍ മേഖലയിലേക്കുള്ള ചുവടുവയ്പ്പ് കൂടുതല്‍ വിദേശികളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ക്രിക്കറ്റിലേക്കുള്ള സൗദിയുടെ വരവ് ലക്ഷക്കണക്കിന് വിദേശികളായ തൊഴിലാളികളെ കൂടി കണ്ടാണ്.
സൗദിയിലെ 32.2 മില്യണ്‍ ജനസംഖ്യയില്‍ 13 മില്യണ്‍ വിദേശികളാണ്. ഇതില്‍ 40 ശതമാനം ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദേശികളാണ്. ഈ മൂന്ന് രാജ്യങ്ങളിലും ക്രിക്കറ്റ് പ്രധാന കായിക വിനോദമാണ്. ഈ അവസരം ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യവും ഐപിഎല്‍ ലേലത്തിന് വേദിയാകുന്നതിലൂടെ സൗദിക്കുണ്ട്. സ്‌കൂള്‍ തലം മുതല്‍ സ്‌പോര്‍ട്‌സ് പാഠ്യപദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തി കായിക അവബോധം നല്‍കാനും സൗദി ശ്രമിക്കുന്നുണ്ട്.












Click it and Unblock the Notifications