സൗദിക്കും ഇറാഖിനുമൊക്കെ ഇനി ഇന്ത്യയില്‍ നല്ല കാലം: റഷ്യക്ക് വല്ലാത്തൊരു വീഴ്ച: പണികൊടുത്തത് യുഎസ്
എണ്ണ വ്യാപാരത്തിന്മേലുള്ള യു എസ് ഉപരോധം റഷ്യക്ക് പ്രതിസന്ധി സൃഷ്ടിച്ച് തുടങ്ങുന്നു. പ്രമുഖ്യ റഷ്യന്‍ റിഫൈനറികള്‍ക്കും റഷ്യന്‍ ക്രൂഡ് കൈകാര്യം ചെയ്യുന്ന ചരക്ക് കപ്പലുകള്‍ക്കും യു എസ് ഉപരോധം ഏർപ്പെടുത്തിയത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുമായുള്ള വ്യാപാരാത്തില്‍ വലിയ ഇടിവുണ്ടാക്കിയെന്നാണ് അനലിറ്റിക്സ് സ്ഥാപനമായ കെപ്ലറിനെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്.
റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഫെബ്രുവരിയില്‍ കഴിഞ്ഞ രണ്ട് വർഷത്തിന് ഇടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. ഉക്രൈന്‍ അധിനിവേശത്തിന് പിന്നാലെ അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ വിലക്ക് ഏർപ്പെടുത്തിയതോടെ ഇന്ത്യയുടെ പ്രധാന ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരനായി റഷ്യ മാറി. ഇതോടെ 2022 മുതല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കരെന്ന സ്ഥാനത്തേക്ക് റഷ്യയെത്തി.

ഫെബ്രുവരിയിൽ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി പ്രതിദിനം 1.4 ദശലക്ഷം ബാരല്‍ (bpd) എന്നതിലേക്ക് കുറഞ്ഞു. ജനുവരിയിലെ അളവുമായി താരതമ്യപ്പെടുത്തുമ്പോൾ 14.9 ശതമാനം കുറവാണ് ഇറക്കുമതിയിലുണ്ടായത്. പ്രതിദിനം ഉപയോഗിക്കുന്ന ക്രൂഡിന്റെ 80% ത്തിലധികം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം അടുത്തിടെയായി റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വരവ് ഏറെ ചിലവേറിയതാക്കി മാറ്റുന്നു. ഇതോടെ ഇന്ത്യന്‍ കമ്പനികള്‍ റഷ്യയെ വിട്ട് മറ്റ് രാജ്യങ്ങളെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങി.
നിലവില്‍ ചൈനയുമായുള്ള വ്യാപാരത്തിനാണ് റഷ്യ മുൻഗണന നൽകുന്നത്. ഫാർ ഈസ്റ്റ് റഷ്യ-ചൈന റൂട്ടിൽ സർവീസ് നടത്തുന്നതിനായി ടാങ്കറുകളെ പുനഃക്രമീകരിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു. മുമ്പ് ഈ റൂട്ടിൽ സഞ്ചരിച്ചിരുന്ന ഡസൻ കണക്കിന് കപ്പലുകൾക്കായിരുന്നു ജനുവരിയിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്.
റഷ്യയിൽ നിന്നുള്ള ഇറക്കുമതി കുറഞ്ഞപ്പോൾ, ഇന്ത്യ പ്രധാനമായും ഇറാഖ്, സൗദി അറേബ്യന്‍ ക്രൂഡിനെയാണ് ആശ്രയിച്ചുകൊണ്ടിരിക്കുന്നത്. ജനുവരിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഫെബ്രുവരിയിൽ ഇറാഖില്‍ നിന്നുള്ള ക്രൂഡ് ഓയിലിന്റെ വരവ് 8.3% വർദ്ധിച്ചു. നിലവില്‍ റഷ്യയ്ക്ക് ശേഷം ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരാണ് ഇറാഖ്. മാർച്ച് മുതല്‍ അമേരിക്കന്‍ ഉപരോധം കൂടുതല്‍ ശക്തമാകുന്ന സ്ഥിതിക്ക് വരും മാസങ്ങളിലും പരമ്പരാഗത വ്യാപാര പങ്കാളികളില്‍ നിന്നുള്ള ഇറക്കുമതി കൂടുതല്‍ ശക്തമായേക്കും.












Click it and Unblock the Notifications