ഇനി കളിമാറും, അമേരിക്കയല്ല മറ്റൊരു രാജ്യവുമായി സൗദിയുടെ വമ്പൻ ഡീൽ: മലയാളിക്കും ആഘോഷിക്കാം, തൊഴിൽ അവസരം കൂടും
സൗദി അറേബ്യയുമായി 10 ബില്യൺ ഡോളറിൻ്റെ കരാറുകളിൽ ഒപ്പുവെച്ച് ഇറ്റലി. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള കൂടിക്കാഴ്ചയിലാണ് നിർണായക നീക്കം. ഞായറാഴ്ച സൗദിയിലെ ഒയാസിസ് നഗരമായ അൽ-ഉലയിൽ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
ബിൻ സൽമാന്റെ സ്വപ്ന പദ്ധതിയായ നിയോമിനായി 3 മില്യൺ ഡോളറിന്റെ വായ്പാ പദ്ധതിയും ഇറ്റലി പ്രഖ്യാപിച്ചിട്ടുണ്ട്. ഇറ്റലിയുടെ ക്രെഡിറ്റ് കയറ്റുമതി ഏജൻസി എസ്എസിഇ ആണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയുടെ മുഖച്ഛായ തന്നെ മാറ്റാനൊരുങ്ങുന്ന പദ്ധതിയാണ് നിയോം. എണ്ണ ഇതരവരുമാനമാണ് നിയോമിലൂടെ സൗദി ലക്ഷ്യം വെയ്ക്കുന്നത്.ന്യൂയോര്‍ക്ക് നഗരത്തിന്റെ 33 മടങ്ങ് വലുപ്പത്തിലാണ് ഈ പ്രദേശം നിർമ്മിക്കുന്നത്. 2030 ഓടെ 2 ദശലക്ഷം ആളുകൾക്ക് താമസിക്കാവുന്ന വൻനഗരമായി നിയോം മാറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇറ്റലിയുമായുള്ള പുതിയ കരാർ നിയോമിന്റെ പ്രവർത്തനങ്ങളിൽ നിർണായകമാകും. തൊഴിൽ അവസരങ്ങൾ കൂടാനും ഈ നീക്കങ്ങൾ വഴിവെച്ചേക്കും.

അതേസമയം മെലോണി-ബിൻ സൽമാൻ കൂടിക്കാഴ്ചയിൽ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭകക്ഷി സഹകരണം മെച്ചപ്പെടുത്താനാകുമെന്ന് നേതാക്കൾ പ്രതികരിച്ചു. അടിസ്ഥാന സൗകര്യങ്ങൾ, ഊർജം, പ്രതിരോധം, കായികം, വിനോദം, വിനോദസഞ്ചാരം എന്നീ മേഖലകളിൽ കൂടുതൽ ഫലപ്രദമായ രീതിയിലുള്ള സഹകരണം ഉറപ്പാക്കാനാകുമെന്ന് മെലാനി ചൂണ്ടിക്കാട്ടി. അതിനിടെ എസ്എസിഇ സൗദി ഇലക്‌ട്രിസിറ്റി കമ്പനിയുമായി ധാരാണ പത്രവും ഒപ്പുവെച്ചു. ഗ്രീൻ പ്രൊജക്ടുകൾക്കും എഞ്ചിനീയറിംഗ്, സംഭരണം, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയ്ക്കും ക്രെഡിറ്റ് ഗ്യാരണ്ടി നൽകുന്നതുമായി ബന്ധപ്പെട്ടാണ് നടപടി.
യൂറോപ്പിലേക്ക് ഗ്രീൻ ഹൈഡ്രജൻ വിതരണം ചെയ്യുന്നതിനുള്ള പങ്കാളിത്തവും സംയുക്ത നിക്ഷേപ സാധ്യത പരിശോധിക്കുന്നതിനുമായി ഇറ്റാലിയൻ ഗ്യാസ് ഗ്രിഡ് ഓപ്പറേറ്റർ സ്നാം എസിഡബ്ല്യുഎ പറവറുമായും കരാർ ഒപ്പിട്ടിട്ടുണ്ട്. എയ്‌റോസ്‌പേസ്, ഡിഫൻസ് മേഖലകളിൽ സൗദി പങ്കാളികളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് ഇറ്റാലിയൻ പ്രതിരോധ ഗ്രൂപ്പായ ലിയോനാർഡോയും സൗദിയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചിട്ടുണ്ട്.
പങ്കാളിത്ത കൗൺസിൽ സ്ഥാപിക്കാൻ കരാറൊപ്പിട്ട് സൗദിയും ഇറ്റലിയും
സ്ട്രാറ്റജിക് കൗൺസിൽ സ്ഥാപിക്കാനുള്ള കരാറിൽ ഒപ്പുവെച്ച് സൗദിയും ഇറ്റലിയും.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ ഉണ്ടാക്കിയത്. വിവിധ മേഖലകളിലെ സഹകരണം ഉൾപ്പെടെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും ദേശീയ അന്തർദേശീയ വിഷയങ്ങളും ചർച്ച ചെയ്തു.
ഇറ്റലിയിലെ പരിസ്ഥിതി-ഊർജ്ജ മന്ത്രി ഗിൽബെർട്ടോ പിച്ചെറ്റോ അടുത്തിടെ റിയാദ് സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറ്റാലിൻ പ്രധാനമന്ത്രി സൗദിയിലെത്തിയത്. പിറ്റാച്ചോയുടെ സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും ഊർജ്ജ സംക്രമണവും സുരക്ഷാ സഹകരണവും സംബന്ധിച്ച കരാറുകളിൽ ഒപ്പുവെച്ചിരുന്നു.












Click it and Unblock the Notifications