യുഎഇയും സൗദി അറേബ്യയും അല്ല: പശ്ചിമേഷ്യയിലെ സമ്പന്ന രാഷ്ട്രം ഏതെന്ന് അറിയുമോ? രണ്ടാമത് ഇസ്രായേല്‍
യുദ്ധഭീതിയും നിരന്തര സംഘർഷങ്ങളും നിറഞ്ഞ് നില്‍ക്കുന്ന പ്രദേശമാണെങ്കിലും ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പന്ന രാജ്യങ്ങളുള്ള പ്രദേശമാണ് മിഡില്‍ ഈസ്റ്റ്. സൗദി അറേബ്യ മുതല്‍ കുവൈത്തും ഖത്തറും തുടങ്ങി ഇസ്രായേലും യമനും വരെ 12 രാജ്യങ്ങളാണ് ഈ മേഖലയില്‍ സ്ഥിതി ചെയ്യുന്നത്. ഭൂവിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തില്‍ സൗദി അറേബ്യയാണ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ രാജ്യമെങ്കിലും സമ്പത്തിന്റെ അടിസ്ഥാനത്തില്‍ അവർ നാലാമത് മാത്രമേ വരുന്നുള്ളു.
പ്രതിശീർഷ ജി ഡി പിയുടെ അടിസ്ഥാനത്തില്‍ മേഖലയിലെ ഏറ്റവും ദരിദ്രരാജ്യം യെമനാണ്. 465 ഡോളർ മാത്രമാണ് ആഭ്യന്തര സംഘർഷത്താല്‍ തകർന്ന യെമനിലെ പ്രതീശീർഷ വരുമാനം. യെമനിന് തൊട്ടുപിന്നിലുള്ളത് ഈജിപ്താണ്. പ്രതിശീർഷ വരുമാനം - 3542 ഡോളർ പരിമിതമായ പ്രകൃതി വിഭവങ്ങളുള്ള ജോർദാനാണ് മേഖലയിലെ ദരിദ്രരായ മറ്റൊരു രാജ്യം. എങ്കിലും യമനിനേക്കാള്‍ പത്തിരട്ടിയോളം കൂടുതലാണ് (4682 ഡോളർ) അവരുടെ പ്രതിശീർഷ വരുമാനം.

കൂടുതല്‍ സമ്പന്നരായ അടുത്ത രാജ്യങ്ങളുടെ നിരയിലേക്ക് കടക്കുമ്പോള്‍ ആദ്യം വരുന്നത് ഒമ്പതാം സ്ഥാനത്തുള്ള ഇറാനിലേക്കാണ്. 5013 ഡോളറാണ് അവരുടെ പ്രതിശീർഷ വരുമാനം. ഒരു കാലത്ത് മേഖലയിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായിരുന്നു ഇറാഖ്. വർഷങ്ങളോളം നീണ്ടുനിന്ന യുദ്ധം അവരെ തകർത്തെങ്കിലും 5947 ഡോളറുമായി പട്ടികയില്‍ എട്ടാമതാണ് ഇറാഖ്.
ഇറാഖ് കഴിഞ്ഞാല്‍ പിന്നീട് വരുന്ന ഒന്നു മുതല്‍ 7 വരെയുള്ള സ്ഥാനങ്ങളിലാണ് ജി സി സി രാജ്യങ്ങള്‍ വരുന്നത്. ഇവർക്കെല്ലാം മറ്റ് രാജ്യങ്ങളേക്കാള്‍ വലിയ തോതില്‍ സമ്പത്തുണ്ട്. പട്ടികയില്‍ ഏഴാമതുള്ള ഒമാന്റെ പ്രതിശീർഷ വരുമാനം 20631 ഡോളറാണ്. 29573 ഡോളറുമായി ബഹ്റിന്‍ ആറാമതും സ്ഥിതി ചെയ്യുന്നു. അഞ്ചാം സ്ഥാനത്തുള്ള കുവൈത്തിന്റെ പ്രതിശീർഷ വരുമാനം 32290 ഡോളറാണ്.
ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ കയറ്റുമതിക്കാരായ സൗദി അരാംകോയുടെ ഉടമസ്ഥരായ സൗദി അറേബ്യയാണ് പട്ടികയിൽ നാലാമതുള്ളഥ്. ലോകത്തിലെ എണ്ണയുടെ പത്തിലൊന്നും ഉത്പാദിപ്പിക്കുന്നത് സൗദി അരാംകോയെന്നാണ് കണക്ക്. അതായത് പ്രതിദിനം 11 ദശലക്ഷം ബാരൽ. ഏകദേശം 37 ദശലക്ഷം ജനസംഖ്യയുള്ള സൗദി അറേബ്യയുടെ പ്രതിശീർഷ ജി ഡി പി 32881.
പട്ടികയില്‍ മൂന്നാമതുള്ള യു എ ഇയുടെ പ്രതിശീർഷ വരുമാനം 49550 ഡോളറാണ്. തങ്ങളുടെ പൗരന്മാർക്ക് വലിയ ക്ഷേമ പദ്ധതികൾ ഉറപ്പ് വരുത്തുന്ന രാജ്യങ്ങളിലൊന്നാണ് യു എ ഇ. ഉദാഹരണത്തിന് പൗരന്മാർക്ക് ഉന്നത വിദ്യാഭ്യാസം സൗജന്യമാണ്. കൂടാതെ താഴ്ന്ന വരുമാനക്കാർക്ക് ഭക്ഷണത്തിനും ഇന്ധനത്തിനും പണപ്പെരുപ്പ സബ്‌സിഡികൾ ലഭിക്കും. സർക്കാർ വരുമാനത്തിന്റെ ഏകദേശം 80% എണ്ണ, വാതക മേഖലകളിൽ നിന്നാണ് വരുന്നതെങ്കിലും, സാങ്കേതികവിദ്യയിലും പുനരുപയോഗ ഊർജ്ജത്തിലുമുള്ള വൻ നിക്ഷേപങ്ങളിലൂടെ സാമ്പത്തിക അടിത്തറ വിശാലമാക്കാൻ വലിയ പരിശ്രമങ്ങളും യു എ ഇ നടത്തുന്നു.
പശ്ചിമേഷ്യയില്‍ ഏറ്റവും ഉയർന്ന സമ്പന്ന രാജ്യങ്ങളുടെ പട്ടിക എടുക്കുകയാണെങ്കില്‍ ഇസ്രായേലാണ് രണ്ടാം സ്ഥാനത്ത് വരുന്നത് (പ്രതിശീർഷ വരുമാനം 53111). ആദ്യ ഏഴ് സ്ഥാനങ്ങളില്‍ ജി ഡി സി ക്ക് പുറത്തുള്ള ഏക രാജ്യവും ഇസ്രായേലാണ്. സാങ്കേതിക കയറ്റുമതി, ഉത്പാദനം എന്നിവയാണ് അവരുടെ പ്രധാന വരുമാനം മാർഗം. ആയുധ നിർമ്മാണ മേഖലയില്‍ ലോകത്തെ തന്നെ മുന്‍നിര രാജ്യങ്ങളിലൊന്നുമാണ് ഇറാഖ്.
പ്രതിശീർഷ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പശ്ചിമേഷ്യയിലെ ഏറ്റവും സമ്പന്നമായ രാജ്യം ഖത്തറാണ്. 71568 ഡോളറാണ് ഖത്തറിന്റെ പ്രതിശീർഷ വരുമാനം. ലോകത്തിലെ മൂന്നാമത്തെ വലിയ പ്രകൃതിവാതക ശേഖരം ഉൾപ്പെടെയുള്ള വിശാലമായ ഊർജ്ജ സ്രോതസുകളാണ് ഖത്തറിന്റെ പ്രധാന വരുമാന മാർഗ്ഗം. 2.8 ദശലക്ഷം എന്ന ചെറിയ ജനസംഖ്യയും ഖത്തറിനെ ഈ പട്ടികയില്‍ എത്തിക്കുന്നതില്‍ നിർണ്ണായകമാണ്. ദീർഘകാലാടിസ്ഥാനത്തിൽ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ വൈവിധ്യവത്കരിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങളിലും വളർന്നുവരുന്ന വ്യവസായങ്ങളിലും വൻതോതിൽ നിക്ഷേപം നടത്തിയ രാജ്യം കൂടിയാണ് ഖത്തർ.












Click it and Unblock the Notifications