ഇന്ത്യ ചുവടുമാറ്റുന്നു: സൗദി അറേബ്യക്കും യുഎഇിക്കും ഇനി നല്ല കാലം; 2022 മുമ്പത്തെ നിലയിലേക്ക് എത്തിയേക്കും
റഷ്യയില്‍ നിന്നുള്ള വിതരണം കുറഞ്ഞതോടെ പശ്ചിമേഷ്യല്‍ രാജ്യങ്ങളായ സൗദി അറേബ്യ, ഇറാഖ്, യു എ ഇ എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കവുമായി ഇന്ത്യന്‍ റിഫൈനറികള്‍. പൊതുമേഖല കമ്പനികളാണ് പ്രധാനമായും പരമ്പാരാഗത ക്രൂഡ് ഓയില്‍ വിതരണക്കാരില്‍ നിന്നുള്ള ഇറക്കുമതി ശക്തമാക്കാന്‍ ഒരുങ്ങുന്നതെന്നാണ് അന്താരാഷ്ട്ര വാർത്ത ഏജന്‍സിയായ റോയിട്ടേഴ്സില്‍ നിന്നുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
പൊതുമേഖലയില്‍ പ്രവർത്തിക്കുന്ന മൂന്ന് പ്രധാന റിഫൈനർമാരായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവർക്ക് റഷ്യയില്‍ നിന്നുള്ള വിതരണത്തില്‍ വലിയ ഇടിവാണ് അടുത്ത കാലത്തായി ഉണ്ടായിരിക്കുന്നത്. മൂന്ന് കമ്പനികള്‍ക്കുമായി ജനുവരിയിലെ ലോഡിംഗില്‍ 8-10 ദശലക്ഷം ബാരൽ റഷ്യൻ എണ്ണയുടെ കുറവ് നേരിടുന്നതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

ആഭ്യന്തര ഡിമാൻഡ് വർദ്ധിക്കുന്നതും ഒപെക് കരാറിന് കീഴിലുള്ള പ്രതിസന്ധികളുമാണ് റഷ്യയില്‍ നിന്നുള്ള വിതരണം കുറയാനുണ്ടായ കാരണം. വരും മാസങ്ങളിലും ഇത് തുടരാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ടേം കരാറുകളിലെ ഓപ്ഷണൽ വോള്യങ്ങളിൽ വർദ്ധനവ് വരുത്തുകയോ സ്പോട്ട് ടെൻഡർ നടത്തിയേക്കാമെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് അവകാശപ്പെടുന്നു.
2022 ലെ ഉക്രെയ്ൻ അധിനിവേശത്തിന് മുമ്പ് വരെ പശ്ചിമേഷ്യന്‍ രാജ്യങ്ങളായ ഇറാഖും സൗദി അറേബ്യയും യു എ ഇയുമൊക്കെയായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാർ. എന്നാല്‍ ഉക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ റഷ്യക്ക് അമേരിക്ക ഉള്‍പ്പെടേയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏർപ്പെടുത്തിയത് സാഹചര്യം മാറ്റി. ഉപരോധം മറികടക്കാന്‍ റഷ്യ ഇന്ത്യ ഉള്‍പ്പെടേയുള്ള രാജ്യങ്ങള്‍ക്ക് വിലക്കിഴിവില്‍ ക്രൂഡ് ഓയില്‍ നല്‍കുകയും ഇതിലൂടെ പുതിയ വിപണി കണ്ടെത്തുകയും ചെയ്തു.
വലിയ വിലക്കിഴിവ് ലഭിച്ചത് ഇന്ത്യന്‍ കമ്പനികളും ഉപയോഗപ്പെടുത്തിയതോടെ 2022 ന്റെ തുടക്കം മുതല്‍ റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ വിതരണക്കാരായി മാറി. നിലവില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ മൂന്നിലൊന്നും റഷ്യയില്‍ നിന്നാണ്. ഒരു ഘട്ടത്തില്‍ ഇത് നാല്‍പ്പത് ശതമാനത്തിലേറെയായിരുന്നു. എന്നാല്‍ നവംബർ മുതല്‍ ഇന്ത്യയിലേക്കുള്ള റഷ്യന്‍ വിതരണത്തില്‍ കാര്യമായി കുറവുണ്ടായി. സ്വാഭാവികമായും മറുവശത്ത് ഇതിന്റെ നേട്ടമുണ്ടായത് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കാണ്.
ഇന്ത്യയുടെ നവംബറിലെ ക്രൂഡ് ഇറക്കുമതിയില്‍ പശ്ചിമേഷ്യയില്‍ നിന്നുള്ള വിഹിതം കഴിഞ്ഞ 9 മാസത്തിന് ഇടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയിരുന്നു. റഷ്യയുടെ ഇറക്കുമതിയില്‍ ഒക്ടോബറിലേതില്‍ നിന്നും 13 ശതമാനത്തോളം ഇടിവും നേരിട്ടു. പ്രതിദിനം 1.52 ദശലക്ഷം ബാരൽ ബി പി ഡി ക്രൂഡ് ഓയിലാണ് ഇന്ത്യ നവംബറില്‍ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തത്. ഇത് ആകെ ഇറക്കുമതിയുടെ 32 ശതമാനമാണ്.
അതേസമയം, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നായി ഇന്ത്യ ആകെ 2.28 ദശലക്ഷം ബി പി ഡി എണ്ണ ഇറക്കുമതി ചെയ്തു. അതായത് ഒക്ടോബറിലേതിനാക്കാള്‍ 10.8 ശതമാനം വർദ്ധനവ്. മൊത്തം ഇറക്കുമതിയുടെ 48 ശതമാനത്തോളം വരും ഇതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications