ചരിത്രച്ചുവടുമായി സൗദി അറേബ്യ; പലസ്തീനിലേക്ക് അംബാസഡറെ നിയോഗിച്ചു
റിയാദ്: സൗദി അറേബ്യ പലസ്തീനിലേക്ക് ആദ്യ അംബാസഡറെ നിയോഗിച്ചു. നായിഫ് അല്‍ സുദൈരിയാണ് പലസ്തീനില്‍ സൗദിയെ പ്രതിനിധീകരിക്കുക. നിലവില്‍ അദ്ദേഹം ജോര്‍ദാനിലെ സൗദി അംബാസഡറാണ്. ജറുസലേമില്‍ കോണ്‍സല്‍ ജനറലായിട്ടാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുക. ഇസ്രായേലും സൗദിയും സഹകരണം ശക്തമാക്കാന്‍ ശ്രമം നടക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് പലസ്തീനിലേക്ക് സൗദി അംബാസഡറെ നിയോഗിച്ചിരിക്കുന്നത്.
നിലവില്‍ പലസ്തീനില്‍ സൗദി അറേബ്യയ്ക്ക് നയതന്ത്ര കാര്യാലയമില്ല. പലസ്തീനുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം സൗദി ചെയ്യുന്നത് ജോര്‍ദാനിലെ ഓഫീസ് വഴിയാണ്. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ സൗദി കാര്യാലയത്തില്‍ വച്ചാണ് പുതിയ അംബാസഡറുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറിയത്.

പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നയതന്ത്ര ഉപദേഷ്ടാവ് മാജിദി അല്‍ ഖാലിദി സൗദി അംബാസഡറുടെ നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ അമ്മാനില്‍ വച്ച് സ്വീകരിച്ചു. പലസ്തീനില്‍ താമസിക്കാത്ത രീതിയിലാകും നായിഫ് അല്‍ സുദൈരി പ്രവര്‍ത്തിക്കുക. ജറുസലേമിലെ കോണ്‍സല്‍ ജനറലായി പ്രവര്‍ത്തിക്കുമെങ്കിലും അദ്ദേഹം ജോര്‍ദാനിലായിരിക്കും ഉണ്ടാകുക.
ജോര്‍ദാന്‍ അംബാസഡര്‍ പദവിക്കൊപ്പം പലസ്തീന്‍ അംബാസഡറുടെ അധിക ചുമതല കൂടി അല്‍ സുദൈരിക്ക് നല്‍കിയിരിക്കുകയാണ്. സൗദിയും പലസ്തീനും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള ചുവടുവയ്പ്പാണിതെന്ന് അല്‍ ഖാലിദി പ്രതികരിച്ചു. അല്‍ സുദൈരിയും സമാനമായ അഭിപ്രായം പങ്കുവച്ചു. പലസ്തീനുമായി ബന്ധം ശക്തമാക്കുക എന്നത് സൗദി രാജാവ് സല്‍മാന്റെയും കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും താല്‍പ്പര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗദി അറേബ്യ വൈകാതെ പലസ്തീനിലേക്ക് സ്ഥിരം അംബാസഡറെ നിയമിച്ചേക്കുമെന്നും അതിന്റെ ആദ്യ ചുവടാണിപ്പോള്‍ വച്ചിരിക്കുന്നതെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. പലസ്തീന്റെ പരമാധികാരം സൗദി അംഗീകരിക്കുന്നതിന്റെ തെളിവാണിതെന്നും പറയപ്പെടുന്നു. അതേസമയം, ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ സൗദി ചര്‍ച്ച നടത്തുന്നുവെന്ന വാര്‍ത്തകളുമുണ്ട്.
യുഎഇ, ബഹ്‌റൈന്‍ എന്നീ ജിസിസി രാജ്യങ്ങള്‍ നിലവില്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ടുണ്ട്. സൗദി അറേബ്യ കൂടി ഈ ഗണത്തിലേക്ക് കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്ക ഇക്കാര്യത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഔദ്യോഗികമായി സൗദി ഇക്കാര്യം ശരിവച്ചിട്ടില്ല. പലസ്തീന്‍ പ്രശ്‌നം പരിഹരിക്കുംവരെ ഇസ്രായേലിനെ അംഗീകരിക്കില്ലെന്ന അറബ് ലീഗ് നിലപാടിനൊപ്പമാണ് തങ്ങള്‍ എന്ന് സൗദി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഇസ്രായേലുമായി യാതൊരു ബന്ധത്തിനുമില്ല എന്ന നിലപാടാണ് ഖത്തറും കുവൈത്തും മുന്നോട്ട് വെക്കുന്നത്. സൗദി അറേബ്യ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കരുതെന്നും അത് നാശത്തിലെത്തുമെന്നും ഇറാന്‍ അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്ക മധ്യസ്ഥ ശ്രമം ഊര്‍ജിതമാക്കിയ വേളയിലാണ് ഇറാന്റെ പ്രതികരണം വന്നത്.












Click it and Unblock the Notifications