സൗദി അറേബ്യ കോഴിമുട്ട ഇറക്കുമതി നിരോധിച്ചു; രണ്ട് രാജ്യങ്ങള്‍ക്ക് തിരിച്ചടി, കാരണം ഇതാണ്
റിയാദ്: സൗദി അറേബ്യ കോഴി, കോഴിമുട്ട ഇറക്കുമതി നിരോധിച്ചു. ഫ്രാന്‍സ്, പോളണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിയാണ് താല്‍ക്കാലികമായി നിരോധിച്ചിരിക്കുന്നത്. രണ്ട് രാജ്യങ്ങളിലും ഗുരുതരമായ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര ആരോഗ്യ സംഘടനകള്‍ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയ പിന്നാലെയാണ് സൗദിയുടെ തീരുമാനം.
കോഴി, കോഴി ഇറച്ചി, കോഴിമുട്ട എന്നിവയ്ക്കാണ് നിരോധനം. മതിയായ താപചികില്‍സ നടത്തിയെന്ന് രേഖയുള്ള കോഴികള്‍ക്ക് വിലക്കില്ല. ഇതിന് രണ്ട് രാജ്യങ്ങളുടെയും ഔദ്യോഗിക ഏജന്‍സികളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. പക്ഷിപ്പനിയും ന്യൂകാസ്റ്റല്‍ രോഗവുമാണ് ഫ്രാന്‍സിലും പോളണ്ടിലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗം ബാധിച്ച നിരവധി കോഴികളെ അധികൃതര്‍ കൂട്ടത്തോടെ കൊന്നിരുന്നു.

സൗദി അറേബ്യ ഇന്ത്യയില്‍ നിന്നു കോഴിയും മുട്ടയും ഇറക്കുമതി ചെയ്യുന്നുണ്ട്. ഫ്രാന്‍സില്‍ നിന്നും പോളണ്ടില്‍ നിന്നുമുള്ള ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയത് ഇന്ത്യയില്‍ നിന്നുള്ള മുട്ടകളുടെ ആവശ്യം വര്‍ധിപ്പിച്ചേക്കും. എന്നാല്‍ സുരക്ഷാ പരിശോധന സൗദി അറേബ്യ ശക്തമാക്കിയിരിക്കുകയാണ്. രോഗ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് സൗദിയുടെ നീക്കം.
കൊച്ചി, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് സൗദി അറേബ്യയിലേക്ക് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ കോഴിയും മുട്ടകളും കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയിലെ പ്രധാന കോഴി വളര്‍ത്തല്‍ കേന്ദ്രമാണ് തമിഴ്‌നാട്ടിലെ നാമക്കല്‍. സൗദിയിലേക്ക് മാത്രമല്ല, ജിസിസിയിലെ പല രാജ്യങ്ങളിലേക്കും ഇവിടെ നിന്ന് കോഴിമുട്ട കയറ്റുമതി ചെയ്യുന്നുണ്ട്.
സൗദി ഓഹരി വിപണി വിദേശികള്‍ക്കായി തുറക്കുന്നു
ഫെബ്രുവരി 1 മുതൽ സൗദി അറേബ്യയുടെ ഓഹരി വിപണി വിദേശ നിക്ഷേപകർക്കായി തുറന്നു കൊടുക്കും. അന്താരാഷ്ട്ര മൂലധനം രാജ്യത്തേക്ക് ആകർഷിക്കുക എന്ന വിപുലമായ ലക്ഷ്യത്തോടെയാണിത്. ഓഹരി വിപണി നിയമങ്ങളിലെ മാറ്റങ്ങൾ കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനും പണലഭ്യത മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് രാജ്യത്തെ സാമ്പത്തിക റെഗുലേറ്റർ അറിയിച്ചു.
പുതിയ ഭേദഗതികളിലൂടെ "യോഗ്യതയുള്ള വിദേശ നിക്ഷേപകർ" എന്ന വ്യവസ്ഥ എടുത്തുമാറ്റപ്പെട്ടു. മുൻപ് നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമുണ്ടായിരുന്ന നേരിട്ടുള്ള വിപണി പ്രവേശനം, ഇപ്പോൾ ഈ നിബന്ധനകളില്ലാതെ എല്ലാ വിദേശ നിക്ഷേപകർക്കും സൗദി ഓഹരി വിപണിയിൽ നേരിട്ട് നിക്ഷേപം നടത്താനാകും.
2025-ലെ മൂന്നാം പാദത്തിൽ അന്താരാഷ്ട്ര നിക്ഷേപകരുടെ ഓഹരി ഉടമസ്ഥത SAR 590 ബില്യൺ കവിഞ്ഞു. 2025-ൽ സൗദി ബെഞ്ച്മാർക്ക് സൂചികയായ TASI 12.8 ശതമാനം ഇടിഞ്ഞിരുന്നു. ഈ വർഷം ഇത് വീണ്ടും 1.9 ശതമാനം കുറഞ്ഞു. തദാവുൽ എന്നറിയപ്പെടുന്ന സൗദി എക്സ്ചേഞ്ചിൽ നിലവിൽ 262 കമ്പനികൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവിടുത്തെ മൊത്തം വിപണി മൂലധനം SAR 9 ട്രില്യണാണ് രേഖപ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications