ഈന്തപ്പഴവും പച്ചക്കറികളും ഇനി പലചരക്കുകടയില്‍ വില്‍ക്കേണ്ട! പുതിയ ഉത്തരവുമായി സൗദി
പലചരക്ക് കടകളില്‍ വില്‍ക്കേണ്ട ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍ വലിയ നിയന്ത്രണവുമായി സൗദി അറേബ്യ. പുകയില, ഈത്തപ്പഴം, മാംസം, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയുള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ പലചരക്ക് കടകറളില്‍ വില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് സൗദി മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയം പ്രഖ്യാപിച്ചു. സൗദി അറേബ്യയിലെ ചെറിയ പലചരക്ക് കടകള്‍ സാധാരണയായി ബഖാലകള്‍ എന്നാണ് അറിയപ്പെടുന്നത്.
സൗദി അറേബ്യയിലുടനീളം ചില്ലറ വ്യാപാര ഘടന പുനഃക്രമീകരിക്കുന്നതിനും പൊതുജനാരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് നിരോധനം എന്ന് മന്ത്രി മജീദ് അല്‍-ഹൊഗൈല്‍ അറിയിച്ചു.. പുതിയ നിയന്ത്രണം ഉടനടി പ്രാബല്യത്തില്‍ വരും. എന്നാല്‍ നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക് പുതിയ നിയമങ്ങള്‍ പാലിക്കുന്നതിന് ആറ് മാസത്തെ ഇളവ് നല്‍കിയിട്ടുണ്ട്.

ഭേദഗതി ചെയ്ത നിയമങ്ങള്‍ പ്രകാരം, പലചരക്ക് കടകള്‍, കിയോസ്‌ക്കുകള്‍, മിനി മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ (സാധാരണ സിഗരറ്റുകള്‍, ഇലക്ട്രോണിക് സിഗരറ്റുകള്‍, ഷിഷ എന്നിവയുള്‍പ്പെടെ), ഈന്തപ്പഴം, മാംസം, പഴങ്ങളും പച്ചക്കറികളും എന്നിവ വില്‍ക്കാന്‍ പാടില്ല. മാംസം വില്‍ക്കുന്നതിന് പ്രത്യേക ലൈസന്‍സ് ലഭിച്ച സൂപ്പര്‍മാര്‍ക്കറ്റുകള്‍ തന്നെ വേണം.
അധിക ലൈസന്‍സ് ഇല്ലാതെ മുകളില്‍ പറഞ്ഞവയെല്ലാം വില്‍ക്കാന്‍ അനുവാദമുള്ള ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഇവ വില്‍ക്കാം. ചാര്‍ജര്‍ കേബിളുകളുടെയും പ്രീപെയ്ഡ് റീചാര്‍ജ് കാര്‍ഡുകളുടെയും വില്‍പ്പന പലചരക്ക് കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയിലുടനീളം അനുവദനീയമാണ്.
പുതിയ സ്ഥല ആവശകതകള്‍
ചില്ലറ വില്‍പ്പന വിഭാഗങ്ങള്‍ക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ സ്ഥലവും ചട്ടങ്ങള്‍ പുനര്‍നിര്‍വചിക്കുന്നുണ്ട്. ഇത് പ്രകാരം പലചരക്ക് കടകള്‍ക്ക് കുറഞ്ഞത് 24 ചതുരശ്ര മീറ്റര്‍ തറ വിസ്തീര്‍ണ്ണം ഉണ്ടായിരിക്കണം. സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് ഇത് കുറഞ്ഞത് 100 ചതുരശ്ര മീറ്റര്‍ ആയിരിക്കണം. ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് കുറഞ്ഞത് 500 ചതുരശ്ര മീറ്റര്‍ സ്ഥലം ഉണ്ടായിരിക്കണം.
അതേസമയം പുതിയ ചട്ടം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ചെറുകിട പലചരക്ക് കടകളെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇവയില്‍ പലതും പരമ്പരാഗതമായി പച്ചക്കറികള്‍, പുകയില, ഈത്തപ്പഴം എന്നിവയുടെ വില്‍പ്പനയെ ആശ്രയിച്ച് കഴിയുന്നവയാണ്. നിയന്ത്രിത ഇനങ്ങള്‍ വില്‍ക്കുന്നത് തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ചില്ലറ വ്യാപാരികള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ വീണ്ടും വിലയിരുത്തി കട നവീകരിക്കുന്നതിന് അവരുടെ സ്ഥലം വികസിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.
ഉപഭോക്താക്കള്‍ക്കും ഈ നീക്കം തിരിച്ചടിയാണ്. തൊട്ടടുത്തുള്ള കടയില്‍ നിന്ന് സൗകര്യപ്രദമായ വിലയില്‍ വാങ്ങിയിരുന്ന സാധനങ്ങള്‍ക്കായി ഇനി മറ്റ് കടകളിലേക്ക് പോകേണ്ടി വരും. ഇത് ചെലവ് കൂട്ടും. എന്നാല്‍ പുതുക്കിയ നിയന്ത്രണങ്ങള്‍ വലിയതും മികച്ച രീതിയില്‍ നിയന്ത്രിതവുമായ സ്ഥാപനങ്ങളില്‍ മെച്ചപ്പെട്ട ഉല്‍പ്പന്ന കൈകാര്യം ചെയ്യലിനും സുരക്ഷയ്ക്കും കാരണമാകും എന്നും മന്ത്രാലയം പറയുന്നത്.
ആറ് മാസത്തെ പരിവര്‍ത്തന കാലയളവില്‍ എന്‍ഫോഴ്സ്മെന്റ് ടീമുകള്‍ പലചരക്ക് കടകള്‍ നിരീക്ഷിക്കുമെന്നും അതിനുശേഷം നിയമലംഘകര്‍ക്ക് പിഴയും അടച്ചുപൂട്ടല്‍ ഉത്തരവുകളും ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ നേരിടേണ്ടിവരുമെന്നും മന്ത്രാലയം വ്യക്തമാക്കി.












Click it and Unblock the Notifications