സൗദി അറേബ്യ യമന്‍ തുറമുഖത്ത് ബോംബിട്ടു; യുഎഇക്ക് കനത്ത തിരിച്ചടി, അടിയന്തരാവസ്ഥ
റിയാദ്: സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന യമനിലെ മുകല്ല തുറമുഖത്ത് ബോംബിട്ടു. ഇവിടെ വിദേശത്ത് നിന്ന് ആയുധ കപ്പല്‍ എത്തിയെന്ന സംശയത്തിലാണ് ബോംബാക്രമണം. ഈ കപ്പല്‍ യുഎഇയില്‍ നിന്ന് വന്നതാണ് എന്നാണ് ആരോപണം. മേഖലയില്‍ സ്വാധീനമുള്ള സതേണ്‍ ട്രാന്‍സിഷനല്‍ കൗണ്‍സില്‍ (എസ്ടിസി)ക്ക് പിന്തുണ നല്‍കുന്നത് യുഎഇയാണ്.
യുഎഇയുടെ നീക്കങ്ങളില്‍ സൗദി അറേബ്യ ആശങ്ക പ്രകടിപ്പിച്ചു. സംഘര്‍ഷം വ്യാപിപ്പിക്കാന്‍ ശ്രമിക്കില്ലെന്ന് യുഎഇ പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം, യുഎഇയുമായുള്ള പ്രതിരോധ കരാര്‍ യമനിലെ പ്രസിന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ റദ്ദാക്കി. ഇത് യുഎഇക്ക് കനത്ത തിരിച്ചടിയായി. മാത്രമയ്യ, യുഎഇ സൈന്യം എത്രയും പെട്ടെന്ന് രാജ്യത്തിന് പുറത്തുപോകണം എന്നും അവര്‍ ആവശ്യപ്പെട്ടു.

പ്രസിഡന്റഷ്യല്‍ കൗണ്‍സിലിന് പിന്തുണ നല്‍കുന്നത് സൗദി അറേബ്യയാണ്. എസ്ടിസിക്ക് പിന്തുണ നല്‍കുന്നത് യുഎഇയും. ഈ രണ്ട് വിഭാഗവും ഹൂതികള്‍ക്കെതിരെ നീങ്ങുന്നവരാണ്. ഹൂതികളെ പിന്തുണയ്ക്കുന്നത് ഇറാനാണ് എന്നാണ് നേരത്തെ സൗദി ആരോപിച്ചിരുന്നത്. അതായത്, യമനിലെ മൂന്ന് ശക്തകള്‍ക്ക് പിന്നില്‍ പശ്ചിമേഷ്യയിലെ മൂന്ന് പ്രബല രാജ്യങ്ങള്‍ അണിനിരന്നിട്ടുണ്ട്.
സൗദി അറേബ്യ കഴിഞ്ഞ ദിവസങ്ങളില്‍ യമനിലെ എസ്ടിസിക്ക് താക്കീത് നല്‍കിയിരുന്നു. ഹളര്‍മൗത്ത്, അല്‍ മഹ്‌റ എന്നിവിടങ്ങളിലെ എസ്ടിസി നിയന്ത്രണം പിടിച്ചതോടെയാണിത്. ഇതാണ് സൗദിയുടെ ആക്രമണത്തിന് കാരണം. അടുത്ത 72 മണിക്കൂര്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍. തുറമുഖം, വിമാനത്താവളം, കര അതിര്‍ത്തികള്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കി.
യുഎഇക്ക് എതിരായ നീക്കത്തിന് അനുമതി
നേരത്തെ സൗദിയും യുഎഇയും പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സിലിന് പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ തെക്കന്‍ യമന്‍ കേന്ദ്രീകരിച്ച് രാജ്യം രൂപീകരിക്കണം എന്ന് ആവശ്യമുന്നയിക്കുന്ന എസ്ടിസിക്ക് അടുത്ത കാലത്തായി വലിയ പിന്തുണയാണ് യുഎഇ നല്‍കുന്നത്. ഇതോടെ സൗദിയും യുഎഇയും യമനിലെ കാര്യങ്ങളില്‍ രണ്ടുപക്ഷത്തായി. യുഎഇക്കും എസ്ടിസിക്കുമെതിരായ നീക്കത്തിന് സൗദിയില്‍ ചേര്‍ന്ന യമന്‍ ദേശീയ പ്രതിരോധ സമിതി യോഗം അനുമതി നല്‍കി.
സൗദി അറേബ്യയ്ക്ക് അവരുടെ സുരക്ഷ ഉറപ്പാക്കലാണ് ലക്ഷ്യം. യമനിലെ ഹളര്‍മൗത്ത്, അല്‍ മഹ്‌റ ഗവര്‍ണറേറ്റുകളുടെ നിയന്ത്രണം എസ്ടിസി പിടിച്ചിട്ടുണ്ട്. കിഴക്കന്‍ യമനില്‍ ഒമാനുമായും സൗദിയുമായും അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളാണിത്. ഇവിടെ എസ്ടിസി ശക്തിപ്പെടുന്നതില്‍ സൗദിക്ക് ആശങ്കയുണ്ട്. മാത്രമല്ല, ഇവര്‍ക്ക് വിദേശത്ത് നിന്ന് ആയുധങ്ങള്‍ എത്തുന്നു എന്നും സൗദി ഭയപ്പെടുന്നു. ഇതാണ് മകല്ല തുറമുഖം ആക്രമിക്കാന്‍ കാരണം.
ഹളര്‍മൗത്തില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് എസ്ടിസി മേധാവി മുഹമ്മദ് അബ്ദുല്‍ മാലിക് അല്‍ സുബൈദി പറഞ്ഞു. സൗദിയുടെ പിന്തുണയുള്ള പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ യുഎഇക്കെതിരെ രംഗത്തുവന്നു. 1990ന് മുമ്പ് യമന്‍ രണ്ട് രാജ്യമായിട്ടാണ് നിലനിന്നിരുന്നത്. പിന്നീടാണ് മേഖലയിലെ പ്രധാന ശക്തികള്‍ ഒരുമിക്കാന്‍ തീരുമാനിച്ചതും യമന്‍ ഒന്നായതും. ഏതാനും വര്‍ഷം മുമ്പ് ഹൂതികള്‍ മുന്നേറ്റം നടത്തിയതോടെ തെക്കന്‍ യമനിലും വിഘടനവാദം ശക്തിപ്പെടുകയായിരുന്നു.












Click it and Unblock the Notifications