റഷ്യയെ പിടിച്ചുകെട്ടി സൗദി അറേബ്യ: ഇന്ത്യക്കും നിർണ്ണായക പങ്ക്; ഏഷ്യന്‍ മേഖലയില്‍ വന്‍ തിരിച്ച് വരവ്
റിയാദ്: ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള എണ്ണ കയറ്റുമതി വർധിപ്പിച്ച് സൗദി അറേബ്യ. റഷ്യ കളം പിടിച്ചതോടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഇറക്കുമതി മേഖലയില്‍ സൗദി അറേബ്യയുടെ വിഹിതത്തില്‍ ഇടിവ് നേരിട്ടിരുന്നു. എന്നാല്‍ നവംബറിൽ ഏഷ്യയിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം പ്രതിദിനം 550000 ബാരലായി (ബി പി ഡി) വർദ്ധിപ്പിക്കാൻ സൗദി അറേബ്യയ്ക്ക് സാധിച്ചു.
ക്രൂഡ് ഓയിലിലെ വിലയിടിവ്, റഷ്യയുടെ ക്രൂഡിൻ്റെ ഷിപ്പിംഗ് ചെലവിലെ വർധനവ് തുടങ്ങിയ കാരണങ്ങളാണ് പ്രധാനമായും സൗദി അറേബ്യക്ക് ഗുണകരമായി മാറിയത്. മേഖലയിലേക്കുള്ള സൗദി ക്രൂഡ് ഓയിൽ കയറ്റുമതി ഒക്ടോബറിൽ 5.28 ദശലക്ഷം ബി പി ഡി ആയിരുന്നെങ്കില്‍ കഴിഞ്ഞ മാസം ഇത് 5.83 ദശലക്ഷം ബി പി ഡി ആയി ഉയർന്നു. റഷ്യക്ക് തിരിച്ചടി നേരിട്ടപ്പോഴാണ് മറുവശത്ത് സൗദി അറേബ്യ നേട്ടമുണ്ടാക്കിയത് എന്നതാണ് ശ്രദ്ധേയം.

എൽഎസ്ഇജി ഓയിൽ റിസർച്ച് ഡാറ്റ പ്രകാരം, നവംബറിൽ ഏഷ്യയിലെ റഷ്യയുടെ എണ്ണ വിൽപ്പന 45,000 ബി പി ഡി കുറഞ്ഞ് നവംബറിൽ 3.51 ദശലക്ഷം ബി പി ഡിയിലേക്ക് എത്തി. ഒക്ടോബറില്‍ 3.96 ദശലക്ഷം ബി പി ഡി ക്രൂഡ് ഓയിലായിരുന്നു ഏഷ്യന്‍ വിപണയിലെ റഷ്യന്‍ വിഹിതം. ഇന്ത്യ ഉള്‍പ്പെടേയുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള സൗദി അറേബ്യയുടെ കയറ്റുമതി വരും മാസങ്ങളിലും വർധിക്കുമെന്നാണ് റോയിട്ടേഴ്‌സ് ലേഖകനായ റസ്സല്‍ വിലയിരുത്തുന്നത്.
റഷ്യയുടെ പടിഞ്ഞാറൻ തുറമുഖങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ക്രൂഡ് കയറ്റുമതി ചെയ്യുന്നതിനുള്ള ഉയർന്ന ചെലവ് അടക്കം സൗദി അറേബ്യക്ക് ഗുണകരമായി മാറും. വലിയതോതില്‍ വിലക്കിഴിവ് കിട്ടിയതോടെയായിരുന്നു ഇന്ത്യ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വർധിപ്പിച്ചത്. നിലവില്‍ റഷ്യയില്‍ നിന്നുള്ള വിലക്കിഴിവ് നേരിയ തോതില്‍ മാത്രമാണ്. ഇതോടൊപ്പം ഇറക്കുമതി ചിലവ് വർധിക്കുന്നതും കമ്പനികളെ പിന്നോട്ടടിപ്പിക്കുന്നു.
നവംബറിൽ ഏഷ്യയിലേക്കുള്ള തങ്ങളുടെ ഗ്രേഡുകളുടെ ഔദ്യോഗിക വിൽപ്പന വില വർധിപ്പിച്ചിട്ടും സൗദിക്ക് കഴിഞ്ഞ മാസം ഏഷ്യയിലെ ക്രൂഡ് ഓയിൽ വിൽപന വർധിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് രസകരമായ മറ്റൊരു സത്യം. ഒക്‌ടോബർ ആദ്യം, സൗദി അറേബ്യ ഏഷ്യന്‍ രാജ്യങ്ങള്‍ക്കായുള്ള അറബ് ലൈറ്റ് ഗ്രേഡിന്റെ വില്‍പ്പന വിലയില്‍ ബാരലിന് 0.90 ഡോളർ വർധനവ് വരുത്തിയിരുന്നു.
അതേസമയം, സൗദി അറേബ്യയും ഇറാഖും ഉൾപ്പെടെയുള്ള പരമ്പരാഗത വിതരണക്കാരിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി നവംബറിൽ വലിയ തോതില്‍ വർദ്ധിച്ചു. ഒക്ടോബറിൽ 866000 ബി പി ഡിയിൽ ആയിരുന്ന ഇറാഖിന്റെ വിഹിതം നവംബറില്‍ 870000 ബി പി ഡിയായി. സൗദി അറേബ്യയുടെ നവംബറിലെ വിഹിതം 620000 ബി പി ഡി ആയിരുന്നു. ഒക്ടോബറില്‍ ഗള്‍ഫ് രാഷ്ട്രത്തില്‍ നിന്നുള്ള വിവിഹിതം 618000 ബി പി ഡിയാണ്.












Click it and Unblock the Notifications