സൗദി അറേബ്യയുടെ വമ്പന്‍ വരവ്; ഖത്തര്‍ മാത്രമല്ല, അമേരിക്കയും വീണേക്കും, ക്രൂഡ് ഇല്ലെങ്കിലും ഭയമില്ല
സൗദി അറേബ്യയുടെ പ്രധാന വരുമാന മാര്‍ഗമാണ് ക്രൂഡ് ഓയില്‍. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് സൗദി. ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് വാങ്ങുന്ന മൂന്നാമത്തെ രാജ്യവും സൗദിയാണ്. എന്നാല്‍ ഇനി മുതല്‍ ക്രൂഡിന് വേണ്ടി മാത്രമല്ല, പ്രകൃതി വാതകത്തിന് വേണ്ടിയും സൗദിയെ ലോക രാജ്യങ്ങള്‍ ആശ്രയിക്കേണ്ടി വരും.
നിലവില്‍ ഖത്തര്‍, അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളാണ് പ്രകൃതി വാതക ഖനനത്തിലും കയറ്റുമതിയിലും മുന്നിലുള്ളത്. എന്നാല്‍ വൈകാതെ ചിത്രം മാറും. സൗദി അറേബ്യ കൂടി വാതക ഖനനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ജാഫൂറ വാതക പാടത്ത് നിന്ന് ഖനനം തുടങ്ങിയെന്ന് സൗദി ധനമന്ത്രാലയം അറിയിച്ചു.

ലോകത്തെ ഏറ്റവും വലിയ ഷെയ്ല്‍ വാതക ഖനനം നടക്കുന്നത് അമേരിക്കയിലാണ്. രണ്ടാമത്തേത് സൗദിയിലെ ജാഫൂറ മേഖലയിലാകും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തില്‍ ലക്ഷ്യമിട്ടതായിരുന്നു ജാഫൂറയിലെ വാതക ഖനനം. അത് സാധ്യമായി എന്ന് സൗദി ധനമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. ഓരോ ദിവവും 45 കോടി ക്യുബിക് അടി വാതകമാണ് ഇവിടെ നിന്ന് നിലവില്‍ ഖനനം ചെയ്യുന്നത്.
സ്വര്‍ണ കിരീടമാണ് ജാഫുറ
2030 ആകുമ്പോഴേക്കും ഒരു ദിവസം 200 കോടി ക്യൂബിക് അടി വാതകം ഖനനം ചെയ്യുകയാണ് സൗദിയുടെ ലക്ഷ്യം. സൗദിയുടെ എണ്ണ കമ്പനിയായ അരാംകോ തന്നെയാണ് വാതക ഖനനത്തിനും ചുക്കാന്‍ പിടിക്കുന്നത്. കമ്പനിയുടെ ലാഭം കുതിച്ചുയരാന്‍ പോകുന്നു എന്ന് സിഇഒ അമീന്‍ നാസര്‍ സൂചിപ്പിച്ചു. കമ്പനിക്ക് ലഭിച്ച സ്വര്‍ണ കിരീടമാണ് ജാഫുറ എന്ന് അദ്ദേഹം പറഞ്ഞു.
ജാഫൂറയിലെ ഖനനം ഘട്ടങ്ങളായിട്ടേ സാധ്യമാകൂ എന്ന് സൗദി മനസിലാക്കുന്നു. ആദ്യ ഘട്ടത്തിന്റെ നിര്‍മാണ-ഖനന പ്രവൃത്തികളാണ് ഇപ്പോള്‍ പൂര്‍ണമായിരിക്കുന്നത്. അവിടെ നിന്നാണ് ഖനനം ആരംഭിച്ചിരിക്കുന്നതും. ഇനി രണ്ടാം ഘട്ടവും മൂന്നാംഘട്ടവും ബാക്കിയാണ്. ഇത്രയും പൂര്‍ത്തിയാകുമ്പോള്‍ 200 കോടി ക്യൂബിക് അടി വാതകം എന്ന ലക്ഷ്യം നേടാന്‍ സാധിക്കുമെന്നാണ് അരാംകോയുടെ പ്രതീക്ഷ.
10000 കോടി ഡോളര്‍ പദ്ധതി
ജാഫുറയിലെ ചില ഭാഗങ്ങള്‍ അരാംകോ പാട്ടത്തിന് നല്‍കിയിട്ടുണ്ട്. ഗ്ലോബല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പാര്‍ട്‌ണേഴ്‌സും ബ്ലാക്ക് റോക്കുമെല്ലാം ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യത്തിനാണ് പാട്ടം നല്‍കിയത്. ഇതുവഴി അരംകോയ്ക്ക് 1100 കോടി ഡോളര്‍ ലഭിച്ചു. ജാഫൂറയില്‍ 229 ലക്ഷം കോടി ക്യൂബിക് അടി പ്രകൃതി വാതകം ഉണ്ട് എന്നാണ് അനുമാനം. ലോകത്തെ പ്രധാന വാതക കയറ്റുമതി രാജ്യമാകാന്‍ ഈ മേഖലയില്‍ 10000 കോടി ഡോളറിന്റെ പദ്ധതിയാണ് സൗദി നടപ്പാക്കി വരുന്നത്.
നിലവില്‍ സൗദി അറേബ്യ വൈദ്യുതി ഉല്‍പ്പാദനത്തിന് ക്രൂഡ് ഓയില്‍ ആണ് ഉപയോഗിക്കുന്നത്. റഷ്യയില്‍ നിന്നു ഇറക്കുന്ന ക്രൂഡും വൈദ്യുതി ഉല്‍പ്പാദനത്തിന് ഉപയോഗിച്ചിരുന്നു. വാതക ഖനനം സജീവമായാല്‍ ക്രൂഡ് ഉപയോഗം കുറയ്ക്കാന്‍ സാധിക്കും. ഖനനം ചെയ്യുന്ന എല്ലാ ക്രൂഡും കയറ്റുമതി ചെയ്യാനും കഴിയും. വാതകം ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള പദ്ധതിയും സൗദി ഒരുക്കുന്നുണ്ട്.












Click it and Unblock the Notifications