കളം നിറഞ്ഞ് ഇറാന്‍; അതിവേഗം ഇടപെട്ട് സൗദി അറേബ്യ... ഖത്തര്‍ മറ്റൊരു റോളില്‍, യുഎഇ വ്യത്യസ്തം
റിയാദ്: ഇസ്രായേല്‍ പലസ്തീന്‍ യുദ്ധത്തില്‍ വ്യത്യസ്തമായ നിലപാടുമായിട്ടാണ് ഇറാന്‍ രംഗത്തുവന്നത്. ഇസ്രായേലില്‍ അപ്രതീക്ഷിത ആക്രമണം നടത്തിയ ഹമാസിനെ അനുകൂലിച്ച് രംഗത്തുവന്ന ആദ്യ രാജ്യം ഇറാനായിരുന്നു. ഇറാന്റെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ഹമാസ് നേതൃത്വവും അറിയിച്ചു. അറബ് ലോകത്ത് നിന്ന് വ്യത്യസ്തമായ ശബ്ദം കേട്ടത് യുഎഇയുടേത് മാത്രമാണ്.
അറബ് രാജ്യങ്ങളുടെ നേതൃത്വം ആര്‍ക്ക് എന്ന കാര്യത്തില്‍ പരോക്ഷമായ പോര് സൗദിക്കും ഇറാനുമിടയില്‍ നിലനില്‍ക്കുന്നുണ്ട്. ഹമാസിനെ പിന്തുണച്ച് ഇറാന്‍ രംഗത്തുവന്ന പിന്നാലെ മിക്ക മുസ്ലിം രാജ്യങ്ങളും ഇസ്രായേലിന്റെ അധിനിവേശത്തെ കുറ്റപ്പെടുത്തി. എന്നാല്‍ അവര്‍ ഹമാസിന് പിന്തുണ പ്രഖ്യാപിച്ചില്ല. സമാധാനം പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. അതിനിടെയാണ് ഇറാന്‍ മറ്റൊരു ആവശ്യവുമായി രംഗത്തെത്തിയത്.

മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷന്‍ (ഒഐസി) അടിയന്തരമായി യോഗം ചേരണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ഇറാനാണ്. തൊട്ടുപിന്നാലെ ഇറാഖും ഈ ആവശ്യവുമായി രംഗത്തെത്തി. ഇതോടെ സൗദി അറേബ്യ നടപടികള്‍ വേഗത്തിലാക്കി. പലസ്തീനൊപ്പമാണെന്ന് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു. ഒഐസി മന്ത്രിമാരുടെ യോഗം വിളിക്കുകയും ചെയ്തു.
പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന കുടിയേറ്റ നിര്‍മാണവും അധിനിവേശവുമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം എന്ന് ഒഐസി അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ ഒട്ടേറെ പ്രമേയങ്ങള്‍ ഇസ്രായേല്‍ അവഗണിച്ചതാണ് സാഹചര്യം മോശമാക്കിയതെന്നും ഒഐസി പറയുന്നു. അതിനിടെ പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് റഷ്യയുടെ സഹായം തേടാന്‍ തീരുമാനിച്ചു.
യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യക്ക് ഇറാന്റെ സഹായം ലഭിക്കുന്നു എന്ന ആരോപണമുണ്ട്. അമേരിക്കയും യൂറോപ്പും ഇന്ത്യയും ഇസ്രായേലിനൊപ്പം നിന്നതോടെയാണ് പലസ്തീന്‍ റഷ്യയുടെ സഹായം അഭ്യര്‍ഥിക്കുന്നത്. ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ പലസ്തീന് അനുകൂലമായി നിലപാട് സ്വീകരിക്കുന്ന രാജ്യം കൂടിയാണ് റഷ്യ. അതുകൊണ്ടുതന്നെ റഷ്യയെ കൂടി വിഷയത്തില്‍ ഭാഗമാക്കാനുള്ള ശ്രമത്തിലാണ് പലസ്തീന്‍. ഈ നീക്കം ഇറാന്‍ അറിഞ്ഞുകൊണ്ടാണത്രെ.
അതിനിടെ, സൗദി അറേബ്യന്‍ കിരീടവകാശി ജോര്‍ദാനിലെയും ഈജിപ്തിലെയും നേതാക്കളുമായി പലസ്തീന്‍ വിഷയം ചര്‍ച്ച ചെയ്തു. ഹമാസുമായും ഇസ്രായേലുമായും ബന്ധമുള്ള രാജ്യമായ ഖത്തര്‍ സമാധാന ശ്രമങ്ങള്‍ സ്വന്തം നിലയില്‍ നടത്തുന്നുണ്ട്. സ്ത്രീ തടവുകാരെ പരസ്പരം വിട്ടയക്കാനുള്ള സമവായ ശ്രമമാണ് ഖത്തര്‍ നടത്തുന്നതത്രെ. ഇറാനുമായും ഖത്തറിന് നല്ല ബന്ധമാണ്.
അറബ് രാജ്യങ്ങള്‍ക്കിടയില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നത് യുഎഇ മാത്രമാണ്. ഹമാസിന്റെ നടപടിയെ വിമര്‍ശിച്ചാണ് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കിയത്. മാത്രമല്ല, ഇസ്രായേലിനെതിരെ ആക്രമണം നടത്തരുതെന്ന് സിറിയയെ യുഎഇ താക്കീത് ചെയ്തുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. അതിനിടെ, മൂന്ന് ദിവസമായി മിസൈല്‍ ആക്രമണം തുടരുന്ന ഇസ്രായേല്‍ കരയുദ്ധത്തിന് ഒരുങ്ങുകയാണ്.
ഗാസ അതിര്‍ത്തിയില്‍ ഇസ്രായേല്‍ സൈനികരെ ഇറക്കുമെന്നാണ് വിവരം. കരയുദ്ധം ആരംഭിച്ചാല്‍ വലിയ നാശനഷ്ടങ്ങളുണ്ടാകുമെന്ന് തീര്‍ച്ചയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് അറബ് രാജ്യങ്ങള്‍ സമാധാന ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്. ഇറാന്‍ ഹമാസിനെ അനുകൂലിക്കുന്നു, യുഎഇ ഹമാസിനെ എതിര്‍ക്കുന്നു. ഖത്തര്‍ സമാധാന ശ്രമങ്ങള്‍ നടത്തുന്നു. സൗദി ഒഐസി യോഗം വിളിക്കുന്നു... വ്യത്യസ്തമായ നീക്കങ്ങളാണ് അറബ് രാജ്യങ്ങളില്‍ പുരോഗമിക്കുന്നത്.












Click it and Unblock the Notifications