ഇന്ത്യക്ക് ചിലവും, സൗദി അറേബ്യക്ക് വരുമാനവും വർധിക്കും; റഷ്യയെ പൂട്ടാനുള്ള യുഎസിന്‍റെ കളികള്‍
ഡൽഹി: റഷ്യൻ എണ്ണ കമ്പനികളായ റോസ്നെഫ്റ്റ്, ലുക്കോയിൽ എന്നിവയ്ക്ക് യുഎസ് ഏർപ്പെടുത്തിയ പുതിയ ഉപരോധങ്ങൾ ഇന്ത്യൻ എണ്ണ ഇറക്കുമതിയെ ഗുരുതരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ. ദ്വിതീയ ഉപരോധങ്ങളുടെ (സെക്കൻഡറി സാങ്ഷൻസ്) ഭീഷണി മൂലം ഇന്ത്യൻ റിഫൈനറികൾ റഷ്യൻ എണ്ണ വാങ്ങൽ കുറയ്ക്കാൻ നിർബന്ധിതരായേക്കുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. 2025-ൽ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയിൽ 35 ശതമാനത്തിലധികം റഷ്യയിൽ നിന്നായിരുന്നു. അതില്‍ തന്നെ റോസ്നെഫ്റ്റ്, ലുക്കോയിൽ എന്നീ കമ്പനികളാണ് പ്രധാന പങ്കുവഹിച്ചിരിക്കുന്നത്.
എന്താണ് സെക്കന്‍ഡറി ഉപരോധം
ആദ്യ ഘട്ട ഉപരോധങ്ങൾ റഷ്യൻ കമ്പനികളെ അമേരിക്കൻ പൗരന്മാരുമായും സ്ഥാപനങ്ങളുമായും ഇടപെടുന്നത് തടയുന്നു. എന്നാൽ സെക്കന്‍ഡറി ഉപരോധങ്ങൾ മൂന്നാം കക്ഷികളായ രാജ്യങ്ങളെയും അവരുടെ സ്ഥാപനങ്ങളെയുമാണ് ലക്ഷ്യമിടുന്നത്. യുഎസിന് നിയമപരമായ നിയന്ത്രണമില്ലാത്ത ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് പോലും ഈ നിയന്ത്രണം ബാധകമായിരിക്കും.

എന്തുകൊണ്ട് ഇന്ത്യ വഴങ്ങേണ്ടി വരും
യുഎസ് ഡോളറാണ് ലോകത്തിന്റെ പ്രധാന റിസർവ് കറൻസിയും അന്താരാഷ്ട്ര വ്യാപാരത്തിനുള്ള പ്രധാന കറൻസിയും. അമേരിക്കൻ ധനകാര്യ വ്യവസ്ഥയിലേക്കുള്ള പ്രവേശനം നഷ്ടപ്പെട്ടാൽ ഏതൊരു രാജ്യത്തിന്റെയും ബിസിനസ് തകരും. ഇന്ത്യൻ റിഫൈനറികൾ ഡോളറിൽ എണ്ണ വാങ്ങുന്നു. ഷിപ്പിംഗ്, ഇൻഷുറൻസ് പേയ്മെന്റുകളും ഡോളറിലാണ്. യുഎസ് വിപണിയിലെ നിക്ഷേപങ്ങൾ, കടമെടുക്കൽ, അമേരിക്കൻ കമ്പനികളുമായുള്ള ബന്ധങ്ങൾ എന്നിവയും ഇന്ത്യൻ കമ്പനികൾക്ക് നിർണായകമാണ്.
"സെക്കന്‍ഡറി ഉപരോധ ഭീഷണി ഇന്ത്യയെയും തുർക്കിയെയും ഉടൻ ബാധിക്കും. റഷ്യൻ എണ്ണയുടെ മൂന്നിലൊന്ന് വാങ്ങുന്ന രാജ്യങ്ങളാണിവ." അറ്റ്ലാന്റിക് കൗൺസിൽ പറയുന്നു.
റിഫൈനറികളുടെ ആശങ്ക
ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ പകുതിയോളം റിലയൻസ് ഇൻഡസ്ട്രീസ് ആണ് കൈകാര്യം ചെയ്യുന്നത്. ഉപരോധം ശക്തമായാല്‍ മൂന്നാം കക്ഷി ട്രേഡർമാരിലൂടെ റഷ്യൻ എണ്ണ വാങ്ങാമെന്ന ചർച്ചയുണ്ട്. എന്നാൽ വിദഗ്ധർ പറയുന്നത് അവരേയും യു എസ് ഉപരോധം ബാധിച്ചേക്കാമെന്നാണ്. ഇതോടെ മറ്റ് രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇവർ നിർബന്ധിതരായേക്കും.
ഇന്ത്യയുടെ നിലപാട്
എക്കാലത്തും ഏകപക്ഷീയ ഉപരോധങ്ങള്‍ക്ക് എതിരായ നിലപാട് സ്വീകരിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇറാൻ, വെനിസ്വേല എന്നീ രാജ്യങ്ങള്‍ക്ക് ഏർപ്പെടുത്തിയ നിലപാടില്‍ ഇന്ത്യ അമേരിക്കയോട് സഹകരിക്കാന്‍ നിർബന്ധിതരായിട്ടുണ്ട്. "മികച്ച ഡീൽ ലഭിക്കുന്നിടത്ത് നിന്ന് എണ്ണ വാങ്ങും, ഉപരോധമില്ലാത്തിടത്തോളം" എന്നാണ് സർക്കാർ നിലപാട്. റഷ്യൻ എണ്ണയ്ക്ക് പൊതു ഉപരോധമില്ല, വില നിയന്ത്രണം മാത്രമാണുള്ളതെന്നും ഇന്ത്യ വിശദീകരിക്കുന്നു. എന്നാൽ റോസ്നെഫ്റ്റ്-ലുക്കോയിൽ ഉപരോധം ഇന്ത്യയിലേക്കുള്ള വിതരണം തടസ്സപ്പെടുത്തും.
സൗദി അറേബ്യയുടെ വരുമാനം
റോസ്നെഫ്റ്റിനും ലുക്കോയിലിനും യുഎസ് ഏർപ്പെടുത്തിയ ഉപരോധങ്ങൾ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി കുത്തനെ കുറയ്ക്കുമ്പോൾ, സൗദി അറേബ്യ പോലുള്ള ഗൾഫ് രാജ്യങ്ങൾക്ക് അത് വലിയ ഗുണമായി മാറും. അതായത് റഷ്യയില്‍ നിന്നുള്ള വിതരണം തടസ്സപ്പെടുന്നത് ഇന്ത്യ സൗദി അറേബ്യ, ഇറാഖ്, യുഎഇ തുടങ്ങിയ പരമ്പരാഗത വിതരണക്കാരിലേക്ക് തിരിയാന്‍ നിർബന്ധിതരാക്കുമെന്നും വിദഗ്ധർ പറയുന്നു. ഇതോടെ സൗദി അറേബ്യയുടെ എണ്ണ ഇറക്കുമതിക്ക് വരുമാനവും വിപണി ഭാഗവും വർധിപ്പിക്കും.
റഷ്യൻ-യുക്രെയിൻ യുദ്ധത്തിന് ശേഷം റഷ്യൻ എണ്ണയ്ക്ക് ഡിസ്കൗണ്ട് ലഭിച്ചപ്പോൾ ഇന്ത്യയുടെ സൗദി ഇറക്കുമതി കുത്തനെ ഇടിഞ്ഞിരുന്നു. നിലവില്‍ ശരാശരി 5 - 7 ലക്ഷം ബിപിഡിയോളമാണ് സൗദിയില്‍ നിന്നുള്ള ഇറക്കുമതിയെങ്കില്‍ റഷ്യന്‍ ഉപരോധ സാഹചര്യത്തില്‍ അത് ഒരു മില്യണ്‍ ബി പി ഡിയിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും മികച്ച സാഹചര്യത്തില്‍ 1.5 മില്യണ്‍ ബി പി ഡി വരെ എത്തിയേക്കാം. ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബില്ല് 2% വരെ ഉയരുമെങ്കിലും, സൗദിക്ക് അത് അധിക വരുമാനമായി മാറും.












Click it and Unblock the Notifications